ജര്‍മാന്‍ ആഡംബര വാഹനനിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സിന്റെ എസ്‌യുവി മോഡലായ ജിഎല്‍എസ് എസ്‌യുവിയുടെ പുതുതമുറ മോഡല്‍ ഇന്ത്യന്‍ നിരത്തിലേക്ക്. വാഹനത്തിന്‍റെ അവതരണം ജൂണ്‍ 17-ന് നടക്കും. മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടറും സിഇഒയുമായ മാര്‍ട്ടിന്‍ ഷ്വെങ്കാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്. 

മൂന്ന് ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളായിരിക്കും ഈ വാഹനത്തിന്‍റെ ഹൃദയം. പെട്രോള്‍ എന്‍ജിന്‍ 367 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 286 ബിഎച്ച്പി പവറും 600 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ട്രാന്‍സ്മിഷന്‍. 

പുതിയ ഡാഷ്‌ബോര്‍ഡ് ആയിരിക്കും അകത്തളത്തിലെ പ്രധാന ആകര്‍ഷണം. 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായിരിക്കും ഇതിലെ ഹൈലൈറ്റ്. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഡിജിറ്റലാണ്. പിന്‍നിര യാത്രക്കാര്‍ക്കായി 11.6 ഇഞ്ച് വലിപ്പമുള്ള എന്റര്‍ടെയ്ന്‍മെന്റ് ഡിസ്‌പ്ലേയും നല്‍കും. ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനത്തിനൊപ്പം അഞ്ച് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളും ചേര്‍ന്ന് ഇന്റീരിയര്‍ ഫീച്ചര്‍ റിച്ചാക്കും. 

മുന്‍തലമുറയെ അപേക്ഷിച്ച് കൂടുതല്‍ സ്റ്റൈലിഷായായിരിക്കും ഇത്തവണ ബെന്‍സ് ജിഎല്‍എസ് എത്തുക. ഒക്ടാഗോണല്‍ ഗ്രില്ല്, മള്‍ട്ടിബീം എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, എയര്‍ഡാം, ക്രോം ആരവണം നല്‍കിയിട്ടുള്ള അണ്ടര്‍ ഗാര്‍ഡ് എന്നിവയായിരുന്നു മുഖഭാവത്തിലെ പുതുമ.

ത്രി ഡി പാറ്റേണിലുള്ള ടു പീസ് എല്‍ഇഡി ടെയ്ല്‍ലാമ്പായിരിക്കും പിന്‍വശത്തെ ആകര്‍ഷണം. ഇതിനുപുറമെ, അണ്ടര്‍ബോഡി ക്ലാഡിങ്ങുകള്‍ നല്‍കിയുള്ള ബംമ്പര്‍, സില്‍വല്‍ സ്‌കിഡ് പ്ലേറ്റ്, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നിവ പിന്‍ഭാഗത്തിന് സ്‌പോര്‍ട്ടി ഭാവം നല്‍കും. പുതിയ ഡിസൈനിലുള്ള അലോയിവീലും ജിഎല്‍എസില്‍ നല്‍കും.

ബെന്‍സ് ജിഎല്‍എസിന്റെ മുന്‍തലമുറ മോഡലുകള്‍ക്ക് സമാനമായി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്‍ത് മെഴ്‌സിഡീസിന്റെ പൂണെ ചകാനിലെ പ്ലാന്റില്‍ അസംബിള്‍ ചെയ്തായിരിക്കും ഈ വാഹനം നിരത്തുകളിലെത്തുക. നിരത്തുകളിലെത്തുന്ന പുതുതലമുറ മോഡലിന് ഒരു കോടി രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.