രാജ്യത്ത് വിൽക്കുന്ന പുതിയ ബിഎസ് 6 കാറുകൾക്ക് പുതിയ സ്റ്റിക്കര്‍ കൂടി പതിപ്പിക്കാന്‍ ഉത്തരവ്. നിലവിലുള്ള 'തേർഡ് രജിസ്ട്രേഷൻ സ്റ്റിക്കറിൽ' 1 സെന്റിമീറ്റർ കട്ടിയുള്ള പച്ചനിറത്തിലുള്ള സ്ട്രിപ്പ് അടയാളപ്പെടുത്താൻ ആണ് കേന്ദ്രം നിർദേശം നൽകിയത്. റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്‍റെതാണ് (MoRTH) നിര്‍ദ്ദേശം.

പഴയ എമിഷൻ മാനദണ്ഡങ്ങളുള്ള  വാഹനങ്ങളിൽ നിന്ന് ബിഎസ് 6  വാഹനങ്ങളെ വേർതിരിക്കാനാണ് ഈ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

2018 അവസാനത്തോടെ, MoRTH 1989 ലെ സെൻ‌ട്രൽ മോട്ടോർ വെഹിക്കിൾ റൂളുകളിൽ ഒരു ഭേദഗതി പുറപ്പെടുവിച്ചിരുന്നു, ഇത് മൂലം രാജ്യത്ത് 2019 ഏപ്രിൽ ഒന്നിനോ അതിനുശേഷമോ വിൽക്കുന്ന എല്ലാ വാഹനങ്ങൾക്കും ഉയർന്ന സുരക്ഷാ രജിസ്ട്രേഷൻ പ്ലേറ്റുകൾ നിർബന്ധമാക്കി. 

രണ്ട് നമ്പർ പ്ലേറ്റുകളും മുൻ വിൻഡ്ഷീൽഡിൽ ഒരു സ്റ്റിക്കറും (തേർഡ് രജിസ്ട്രേഷൻ സ്റ്റിക്കർ )ആണ് എല്ലാ പുതിയ വാഹനങ്ങൾക്കും നൽകുന്നത്. ഈ സ്റ്റിക്കറിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ആർ ടി ഓയുടെ വിവരങ്ങൾ വാഹനത്തിന്റെ എൻജിൻ നമ്പർ,  ചേസിസ് നമ്പർ, ഫ്യൂൽ ടൈപ് തുടങ്ങിയ കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെയാണ് ഇപ്പോൾ ഈ പച്ച നിറത്തിലുള്ള സ്റ്റിക്കർ കൂടി  രേഖപ്പെടുത്തുവാൻ ഉള്ള നിയമം വന്നിരിക്കുന്നത്. രാജ്യത്ത് ബി‌എസ് 6 എമിഷൻ മാനദണ്ഡങ്ങൾ 2020 ഏപ്രിൽ 1 മുതൽ ആണ് പ്രാബല്യത്തിൽ വന്നത്.