2021 ഫെബ്രുവരയിലാണ് ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസുക്കിയുടെ സൂപ്പര്‍ ബൈക്ക് ഹയബൂസയുടെ അടിമുടി പരിഷ്ക്കരിച്ച മൂന്നാം തലമുറയെ അവതരിപ്പിച്ചത്. ഇപ്പോഴിതാ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ 2021 ഹയാബൂസയെ ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമൂഹ മാധ്യമ പേജുകളിൽ ടീസർ ചിത്രം പോസ്റ്റ് ചെയ്താണ് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ ഹയാബൂസയുടെ വരവ് വ്യക്തമാക്കിയത്. 

പുത്തൻ ഹയാബൂസയ്ക്കും 1,340 സിസി, ലിക്വിഡ്-കൂൾഡ്, ഡി‌എ‌എച്ച്‌സി, 16-വാൽവ്, ഇൻ-ലൈൻ 4 സിലിണ്ടർ എൻജിൻ തന്നെയാണ് ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എൻജിന്റെ ഔട്പുട്ട് 10 എച്പിയും ടോർക്ക് 5 എൻഎമ്മും ഇത് കുറച്ചിട്ടുണ്ട്. 9,700 ആർപിഎമ്മിൽ 187 ബിഎച്ച്പി കരുത്തും 7,000 ആർപിഎമ്മിൽ 150 എൻഎം ടോർക്കുമാണ് പുത്തൻ എൻജിൻ ഉത്പാദിപ്പിക്കുന്നത്. ഇപ്പോഴും ഉയർന്ന വേഗത മണിക്കൂറിൽ 299 കിലോമീറ്റർ തന്നെയാണ്. പുത്തൻ പതിപ്പിന്റെ ഭാരം 2 കിലോഗ്രാം ഭാരം കുറഞ്ഞ് 264 കിലോഗ്രാം ആണ്.

ഷാർപ്പ് ആയ ബോഡി പാനലുകൾ, കൂടുതൽ ഇലക്ട്രോണിക്സ് പാക്കേജുകൾ, മികച്ച ബൈക്ക് ഘടകങ്ങൾ എന്നിവ സഹിതം കിടിലൻ ലുക്കിലായിരിക്കും ബൈക്ക് എത്തുക. മികച്ച പവർ ഡെലിവറിക്കായി ഓരോ ഘടകങ്ങളും പുതുക്കിയിട്ടുണ്ട്. 

2021 സുസുക്കി ഹയാബൂസയുടെ ആകർഷണം ഇലക്ട്രോണിക് സ്യൂട്ടാണ്. ഇതിൽ പ്രധാനം ബോഷിൽ നിന്നുള്ള 6-ആക്സിസ് ഇനേർഷ്യൽ യൂണിറ്റ് (IMU) ആണ്. ആന്റി-ലിഫ്റ്റ് കൺട്രോൾ സിസ്റ്റം, പവർ മോഡ് സെലക്ടർ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ സിസ്റ്റം, മോഷൻ ട്രാക്ക് ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റ് സിസ്റ്റം എന്നിവയുള്ള സുസുക്കി ഡ്രൈവ് മോഡ് സെലക്ടർ ആൽഫ (എസ്ഡിഎംഎസ്-എ) ഇലക്ട്രോണിക്സ് പാക്കേജും പുത്തൻ പതിപ്പിൽ ഉണ്ട്. ട്രാക്ഷൻ കൺട്രോൾ സിസ്റ്റത്തിന് 10 ലെവൽ ഇന്റെർവെൻഷനും 3-മോഡ് പവർ മോഡ് സെലക്ടറും ഉണ്ട്.