രാജ്യത്തെ വാഹനചരിത്രത്തില്‍ ടാറ്റയുടെ മാത്രമല്ല ഇന്ത്യയുടെ തന്നെ യശസ് വാനോളം ഉയര്‍ത്തിയ വാഹനമാണ് കോംപാക്ട് എസ് യു വി നെക്‌സോൺ.  ഗ്ലോബൽ NCAP നടത്തിയ ഇടി പരീക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയാണ് നെക്സോണ്‍ രാജ്യത്തിന്‍റെ അഭിമാനമായത്. കാരണം ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യന്‍ നിര്‍മ്മിത വാഹനം ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കുന്നത്. ഒപ്പം ബെസ്റ്റ് സെല്ലിങ് എസ്‌യുവി,  കോംപാക്ട് എസ്‌യുവികളിലെ കരുത്തന്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയ നെക്‌സോണ്‍ ഇപ്പോള്‍ നിര്‍ണായകമായ പുതിയൊരു ചുവടുവയ്പ്പിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പെട്രോള്‍, ഡീസല്‍ കരുത്തിനൊപ്പം മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം കൂടി വാഹനത്തില്‍ ഒരുക്കാനൊരുങ്ങുകയാണ് ടാറ്റ എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്ന 1.5 പെട്രോള്‍ എന്‍ജിനൊപ്പമാണ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഒരുക്കുന്നത്. എന്നാല്‍ ഇലക്ട്രിക്ക് നെക്സോണാണ് വരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഹൈബ്രിഡ് ആണെങ്കില്‍ അത് ചരിത്ര സംഭവമായിരിക്കും. കാരണം ആദ്യമായാണ് ടാറ്റയുടെ വാഹനത്തില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്. നെക്‌സോണില്‍ അവതരിപ്പിച്ചതിന് പിന്നാലെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അള്‍ട്രോസിലും ഈ സംവിധാനം ഒരുക്കുമെന്നാണ് സൂചനകള്‍. 

ടാറ്റയുടെ യൂറോപ്യന്‍ ടെക്‌നിക്കല്‍ സെന്ററിലാണ് 48 വോള്‍ട്ട് ശേഷിയുള്ള മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം വികസിപ്പിച്ചെടുത്തത്. PO, P2 എന്നീ പേരുകളില്‍ നിര്‍മിച്ച ഈ സംവിധാനങ്ങള്‍ യഥാക്രമം നെക്‌സോണിലും അള്‍ട്രോസിലും നല്‍കുമെന്നാണ് വിവരം. 

ഹൈബ്രിഡ് മോഡലിനൊപ്പം 1.5 ലിറ്റര്‍ പെട്രോള്‍ വേരിയന്റും നെക്‌സോണ്‍ നിരത്തിലെത്തിക്കും. ടാറ്റയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ഹാരിയര്‍ എസ്‌യുവിയിലും ഹൈബ്രിഡ് എന്‍ജിനില്‍ ഒരുക്കുമെന്ന് ടാറ്റ മുമ്പ് തന്നെ അറിയിച്ചിരുന്നു.

2017 സെപ്റ്റംബറിലാണ് ടാറ്റ ആദ്യ നെക്സോണിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. മാറ്റമില്ലാത്തെ ഡിസൈനില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ടാറ്റ അതെല്ലാം കാറ്റില്‍പ്പറത്തുന്ന ഡിസൈന്‍ മികവ് സ്വന്തമാക്കിയാണ് പുതിയ താരത്തെ പുറത്തിറക്കിയത്. മൂന്നരവർഷം കൊണ്ടാണ് ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിനെ രൂപ കല്പന ചെയ്ത് അവതരിപ്പിച്ചത്. 17 ലക്ഷം കി.മീ. പ്രിലോഞ്ച് ടെസ്റ്റ് ഡ്രൈവ് നടത്തി. മൈനസ് 20 മുതൽ പ്ലസ് 50 വരെയുള്ള കാലാവസ്ഥകളിൽ ഓടിച്ചു. സമുദ്ര നിരപ്പുമുതൽ 18,000 അടി ഉയരെ വരെ ഓടിച്ചു കയറ്റി. അങ്ങനെ കർശനമായ പരീക്ഷണനിരീക്ഷണങ്ങൾ ക്കു ശേഷമാണ് നെക്‌സോൺ അന്തിമരൂപം പ്രാപിച്ചത്.

നിലവില്‍ 1.5 ലിറ്റർ ടർബോ ചാർജ്ഡ് ഡീസലും, 1.2 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനുകളുമാണ് നെക്‌സോണിന് കരുത്തുപകരുന്നത്. രണ്ടും 110 ബിഎച്ച്പി എഞ്ചിൻ പവറുള്ളതാണ്. ടോർക്ക് യഥാക്രമം 260, 170  ന്യൂട്ടൺ മീറ്ററാണ്.  6 സ്പീഡ് മാനുവൽ ഗിയർ ബോക്‌സാണ് ട്രാന്‍സ്മിഷന്‍. മികച്ച സസ്‌പെൻഷനും ബോഡിറോളില്ലാത്ത പ്രവർത്തന രീതിയും കൂടിയ ഗ്രൗണ്ട് ക്ലിയറൻസും നെക്‌സോണിന്റെ ഡ്രൈവ് ആസ്വാദ്യകരമാക്കും. റിസ്റ്റ് ബാൻഡ് വാച്ച് പോലെ തോന്നിക്കുന്ന റിസ്റ്റ് ബാൻഡാണ് നെക്‌സോണിന്റെ മറ്റൊരു പുതുമ. ഇത് വാഹനത്തിന്റെ 'കീ' യുടെ ഫലം ചെയ്യും. 

ഫോര്‍ഡ് എക്കോസ്‌പോര്‍ട്, ഹോണ്ട ഡബ്ല്യു ആർ വി, മഹീന്ദ്ര ടി.യു.വി 300, മാരുതി വിറ്റാര ബ്രെസ്സ എന്നിവയാണ് നെക്സോണിന്‍റെ മുഖ്യ എതിരാളികള്‍.