വാഹനത്തിന്റെ വിൻഡ്‌സ്‌ക്രീനിൽ ഫാസ്റ്റ് ടാഗ് ശരിയായി സ്ഥാപിക്കാത്ത ഡ്രൈവർമാർക്കെതിരെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) കർശന നടപടിയെടുക്കും. ടോൾ തട്ടിപ്പ് തടയുന്നതിനും ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുന്നതിനുമായാണ് ഈ നടപടി.

വാഹനത്തിന്റെ വിൻഡ്‌സ്‌ക്രീനിൽ നിശ്ചിത സ്ഥലത്ത് ഫാസ്‍ടാഗ് സ്ഥാപിക്കാത്ത ഡ്രൈവർമാർക്കെതിരെ കർശന നടപടിയെടുക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). അത്തരം കേസുകൾ ഉടനടി റിപ്പോർട്ട് ചെയ്യുന്നതിനും ഫാസ്‍ടാഗ് കരിമ്പട്ടികയിൽ പെടുത്തുന്നതിനുമുള്ള പ്രക്രിയ ഇപ്പോൾ വേഗത്തിലാക്കി. ടോൾ തട്ടിപ്പ് തടയുന്നതിനും ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുന്നതിനുമായിട്ടാണ് ഈ നടപടി.

ഈ നടപടി ടോൾ പിരിവ് എളുപ്പവും മികച്ചതുമാക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. വാർഷിക പാസ് സിസ്റ്റം, മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (MLFF) ടോളിംഗ് പോലുള്ള വരാനിരിക്കുന്ന സംരംഭങ്ങൾ കണക്കിലെടുത്ത്, ഫാസ്‍ടാഗ് ആധികാരികതയും സിസ്റ്റത്തിന്റെ വിശ്വാസ്യതയും ഉറപ്പാക്കുന്നതിന് ഈ പ്രശ്നം പരിഹരിക്കേണ്ടത് നിർണായകമാണെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ( NHAI ) വ്യക്തമാക്കുന്നു. ഏതെങ്കിലും കൃത്യമായി സ്ഥാപിക്കാത്ത ഫാസ്റ്റ് ടാഗ് കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ ടോൾ പ്ലാസകൾ നടത്തുന്ന ഏജൻസികൾക്കും കരാറുകാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

പലപ്പോഴും വാഹന ഉടമകൾ മനഃപൂർവ്വം വാഹനത്തിന്റെ വിൻഡ്‌സ്‌ക്രീനിൽ ഫാസ്റ്റ് ടാഗ് ഒട്ടിക്കുന്നില്ലെന്ന് കണ്ടെത്തിയതായി അധികൃതർ പറയുന്നു. അങ്ങനെ ചെയ്യുന്നത് ടോൾ പ്ലാസയിൽ നിരവധി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. ഇത് ലെയ്‌നിലെ തിരക്ക് വർദ്ധിപ്പിക്കുന്നു. മൊത്തത്തിൽ, ഇലക്ട്രോണിക് ടോൾ പിരിവിന്റെ മുഴുവൻ സംവിധാനവും താറുമാറാക്കുകയും ടോൾ പ്ലാസയിൽ അനാവശ്യ കാലതാമസവും ഹൈവേയിൽ സഞ്ചരിക്കുന്ന മറ്റ് ആളുകൾക്ക് അസൗകര്യവും ഉണ്ടാകുന്നു.

ഇക്കാര്യത്തിൽ സമയബന്ധിതമായ നടപടി ഉറപ്പാക്കുന്നതിന്, ടോൾ പിരിവ് ഏജൻസികളും കരാറുകാരും കൃത്യമായോ തെറ്റായി ഇൻസ്റ്റാൾ ചെയ്തതോ ആയ ഫാസ്റ്റ് ടാഗുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ അയയ്ക്കേണ്ട ഒരു പ്രത്യേക ഇമെയിൽ ഐഡി എൻഎച്ച്എഐ നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ, അത്തരം ഫാസ്റ്റ് ടാഗുകൾ കരിമ്പട്ടികയിൽ പെടുത്തുന്നതിനോ ഹോട്ട്‌ലിസ്റ്റ് ചെയ്യുന്നതിനോ ഉള്ള പ്രക്രിയ എൻഎച്ച്എഐ ആരംഭിക്കും.

നിലവിൽ, രാജ്യത്തുടനീളമുള്ള ദേശീയ പാതകളിൽ ഓടുന്ന 98 ശതമാനത്തിൽ അധികം വാഹനങ്ങളും ടോൾ അടയ്ക്കാൻ ഫാസ്റ്റ് ടാഗ് ഉപയോഗിക്കുന്നു. ഇത് ടോൾ പിരിവ് പ്രക്രിയയെ വളരെയധികം മെച്ചപ്പെടുത്തി. എന്നാൽ ചില ആളുകൾ ഫാസ്റ്റ് ടാഗ് ശരിയായി ഇൻസ്റ്റാൾ ചെയ്യുകയോ കൈയിൽ സൂക്ഷിക്കുകയോ ചെയ്യുന്നില്ല, ഇത് സിസ്റ്റത്തിന്റെ കാര്യക്ഷമതയെ ബാധിക്കുകയും ടോൾ പിരിവിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

ഫാസ്റ്റ് ടാഗ് ഉപയോക്താക്കൾക്കായി വരാനിരിക്കുന്ന വാർഷിക പാസ് ആരംഭിക്കുന്നതിന് മുമ്പാണ് ഈ തീരുമാനം എടുത്തത്. 2025 ജൂണിൽ, രാജ്യത്തുടനീളമുള്ള ദേശീയ പാതകളിൽ എളുപ്പവും വിലകുറഞ്ഞതുമായ യാത്ര ഉറപ്പാക്കുന്നതിനായി സർക്കാർ ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസ് ആരംഭിക്കാൻ പോകുകയാണെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ വാർഷിക പാസ് 3000 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ ആക്ടിവേഷൻ തീയതി മുതൽ ഒരു വർഷത്തേക്ക് അല്ലെങ്കിൽ പരമാവധി 200 യാത്രകൾക്ക് സാധുതയുള്ളതായിരിക്കും. ഈ വർഷം സ്വാതന്ത്ര്യദിനത്തിൽ ഈ ഫാസ്‍ടാഗ് പദ്ധതി ആരംഭിക്കും.