രാജ്യത്തെ ഭൂരിഭാഗം വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ വില്‍പ്പന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലേക്ക് മാറ്റിക്കഴിഞ്ഞു ഈ കൊറോണക്കാലത്ത്.  ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് അല്‍പ്പം വൈകി എത്തിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍.

എന്നാല്‍ ലേറ്റായാലും ലേറ്റസ്റ്റായിട്ടാണ് നിസാന്‍റെ വരവ്. കൂടുതല്‍ സാങ്കേതിക മികവോടെയാണ് നിസാന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുങ്ങിയിരിക്കുന്നത്. കാര്‍ വാങ്ങുന്നതിനും ബുക്കിങ്ങിനും പുതിയ ഡിജിറ്റല്‍ സംവിധാനമൊരുക്കിയതിനൊപ്പം ഷോറൂം അനുഭവം നേരിട്ട് ഉപഭോക്താക്കളുടെ വീടുകളിലേക്ക് എത്തിക്കുന്ന വെര്‍ച്വല്‍ ഷോറൂം സംവിധാനവുമായിട്ടാണ് നിസാന്‍റെ വരവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊറോണ കാലത്തെ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് എന്ന മുന്‍കരുതലിന് പ്രധാന്യം നല്‍കി ഉപയോക്താക്കള്‍ക്കിടയില്‍ ശക്തമായ സാന്നിധ്യമാകുന്നതിനായാണ് നിസാന്‍ ഈ സംവിധാനം ഒരുക്കുന്നത്. വെര്‍ച്വല്‍ ഷോറൂമെന്ന ആശയത്തിലൂടെ ഉപയോക്താവിന് വീട്ടിലിരുന്ന ഷോറൂം എക്‌സ്പീരിയന്‍സ് നേടാം. വാഹനം ബുക്കുചെയ്യുന്നതിനും വാങ്ങുന്നതിലുമുപരി സ്മാര്‍ട്ട് ഫോണിന്റെയോ കംപ്യൂട്ടറിന്റെയോ സഹായത്തോടെ ഷോറൂമിലെത്തിയ പ്രതീതി സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് വെര്‍ച്വല്‍ ഷോറൂമെന്ന ആശയത്തിലൂടെ നിസാന്‍ ഉറപ്പുനല്‍കുന്നത്. 

നിസാനും ഡാറ്റ്‌സണിനും കൂടിയാണ് ഈ സംവിധാനം ഒരുങ്ങിയിരിക്കുന്നത്. പുതിയ നിസ്സാന്‍ കിക്‌സ് 2020ന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങും മറ്റും വെര്‍ച്വല്‍ ഷോറൂം വഴിയും നടത്താം. ഡാറ്റ്‌സന്‍ ശ്രേണിയിലുള്ള വാഹനങ്ങളുടെയും ബുക്കിങ്ങും പര്‍ച്ചേസും ഇതുവഴി നടത്താനാകും. ഈ സംവിധാനത്തില്‍ തന്നെ ഫിനാന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ സീറോ ഫിസിക്കല്‍ കോണ്‍ടാക്ട് എന്ന ആശയവും പ്രവര്‍ത്തികമാകുമെന്ന് നിസാന്‍ മേധാവി രാഗേഷ് ശ്രീവാസ്‍തവ വ്യക്തമാക്കുന്നു. 

നേരത്തെ തങ്ങളുടെ വാഹനങ്ങളുടെ വാറന്‍റി, ഷെഡ്യൂൾ ചെയ്ത സേവനങ്ങൾ മുതലായവയുടെ സമയപരിധി നിസാന്‍ നീട്ടി നല്‍കിയിരുന്നു. ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ നഷ്ടപ്പെട്ട സൗജന്യ സര്‍വീസ് കാലാവധി ലോക്ക്ഡൗണിന് ശേഷം ഒരുമാസത്തേക്കാണ് നിസാന്‍ നീട്ടിയത്.