ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ  നിസാന്‍ ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് അവതരിപ്പിക്കുന്ന മാഗ്നൈറ്റ് ഈ വർഷം അവസാനമോ അല്ലെങ്കിൽ 2021 ആദ്യമോ ഷോറൂമുകളിൽ എത്തുമെന്നാണ് സൂചന. മോഹവിലയില്‍ മാഗ്നൈറ്റിന്റെ 1,500-2,000 യൂണിറ്റുകൾ പ്രതിമാസ അടിസ്ഥാനത്തിൽ വിൽക്കാനുമാണ് നിസാൻറെ പദ്ധതി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാഹനത്തിന്‍റെ കണ്‍സെപ്റ്റ് കമ്പനി അടുത്തിടെയാണ് അവതരിപ്പിച്ചത്. നിസാന്‍റെ പങ്കാളിയായ റെനോയുടെ എച്ച്‌ബിസി കൺസെപ്റ്റിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിസാൻ പുതിയ വാഹനം ഒരുക്കുന്നത്. റെനോയുടെ ട്രൈബറിന് അടിസ്ഥാനമൊരുക്കുന്ന സിഎംഎഫ്എ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെയും നിര്‍മ്മാണം. ഫീച്ചര്‍ സമ്പന്നമാവും നാലുമീറ്ററിൽ താഴെ വലിപ്പമുള്ള ഈ അഞ്ച് സീറ്റര്‍ വാഹനം.

6250 ആര്‍പിഎമ്മില്‍ 72 പിഎസ് പവറും 3500 ആര്‍പിഎമ്മില്‍ 96 എന്‍എം ടോർക്കും നിർമ്മിക്കുന്ന ട്രൈബറിലെ 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോൾ എൻജിൻ തന്നെയാവും നിസാന്റെ കോംപാക്ട് എസ്‌യുവിയിലും ഇടം പിടിക്കാൻ സാദ്ധ്യത. ആറ് സ്പീഡ് മാനുവലിനൊപ്പം സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും തെരഞ്ഞെടുക്കാന്‍ സാധിക്കും.

കറുപ്പ് ക്ലാഡിങ്ങുകൾ ചേർന്ന പുറത്തേക്ക് തള്ളി നിൽക്കുന്ന വീൽ ആർച്ച്, ഡ്യുവൽ ടോൺ അലോയ് വീൽ, ഫ്‌ളോട്ടിങ് റൂഫ്, സിൽവർ നിറത്തിലുള്ള റൂഫ് റെയിലുകൾ, വലിപ്പം കൂടിയ സി-പില്ലർ എന്നിവയാണ് വശങ്ങളിലെ സ്‌പോർട്ടി ഘടകങ്ങൾ. ഒഴുക്കൻ ഡിസൈനിൽ തീർത്ത എൽഇഡി റാപ്പ് എറൗണ്ട് ടെയിൽ ലാമ്പുകളും, സ്കിഡ് പ്ലെയ്റ്റുകൾ ചേർന്ന പിൻ ബമ്പറുമാണ് പിൻ കാഴ്ച്ചയിൽ ആകർഷണം.

വാഹനത്തിന്‍റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്തു വിട്ടിട്ടില്ല എങ്കിലും ധാരാളം ഇന്റീരിയർ സ്പേസ് ഉള്ള മോഡൽ ആയിരിക്കും മാഗ്‌നൈറ്റ് എന്ന് നിസ്സാൻ ഉറപ്പിക്കുന്നു. 8.0-ഇഞ്ച് ടച്ച്സ്ക്രീൻ, കണക്ടഡ് ടെക്, 360-ഡിഗ്രി കാമറ, ക്രൂയിസ് കണ്ട്രോൾ എന്നിങ്ങനെ പല ആധുനിക ഫീച്ചറുകളും മാഗ്‌നൈറ്റിൽ ഉൾപ്പെടുത്തും എന്നും നിസാൻ വ്യക്തമാക്കിയിട്ടുണ്ട്.

വാഹനത്തിന്‍റെ വില 5.25 ലക്ഷം രൂപ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. ഈ വില യാതാര്‍ത്ഥ്യമായാല്‍ രാജ്യത്തെ ഏറ്റവും വിലക്കുറവുള്ള കോംപാക്ട് എസ്‌യുവി ആയിരിക്കും മാഗ്നൈറ്റ്.