Asianet News MalayalamAsianet News Malayalam

വില കുറഞ്ഞ എസ്‍യുവിക്കായി ജനം തള്ളിക്കയറുന്നു, നിസാന് ശുക്രന്‍!

അവതരിപ്പിച്ച് വെറും 15 ദിവസത്തിനകം ഈ വാഹനത്തിന്റെ ബുക്കിങ്ങ് 15,000 കടന്നു

Nissan Magnite get booking in India with in 15 days
Author
Mumbai, First Published Dec 20, 2020, 11:06 AM IST

അഞ്ച് ലക്ഷം രൂപയ്ക്കാണ് സബ് കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലേക്ക് നിസാൻ മാഗ്നൈറ്റ് എത്തുന്നത്. ഇപ്പോഴിതാ ഈ മോഡലിന്‍റെ പ്രകടനം കണ്ട അമ്പരപ്പിലാണ് വാഹനലോകം. അവതരിപ്പിച്ച് വെറും 15 ദിവസത്തിനകം ഈ വാഹനത്തിന്റെ ബുക്കിങ്ങ് 15,000 കടന്നെന്നാണ് ഹിന്ദുസ്ഥാന്‍ ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശരാശരി 1000 ബുക്കിങ്ങാണ് ദിവസേന മാഗ്നൈറ്റിന് ലഭിക്കുന്നത്.

5,02,860 രൂപ മുതലാണ് വാഹനത്തിന്‍റെ എക്‌സ്-ഷോറൂം വില. 2020 ഡിസംബര്‍ 31 വരെ പ്രത്യേക ആമുഖ ഓഫര്‍ ലഭ്യമാണ്. അവതരണ വേളയില്‍ പ്രഖ്യാപിച്ച ഈ വില ഡിസംബര്‍ 31 വരെ വാഹനം ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ബാധകമാകുക എന്ന പ്രഖ്യാപനവും ബുക്കിംഗില്‍ കുതിപ്പുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 15000 ആളുകളില്‍ നിന്ന് ബുക്കിങ്ങ് ലഭിച്ചപ്പോള്‍ 1.5 ലക്ഷത്തില്‍ അധികം അന്വേഷണങ്ങളാണ് വാഹനത്തെ തേടിയെത്തിയത്. 

ബുക്കിംഗിലെ കുതിപ്പിനു പിന്നാലെ ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്ന മറ്റൊരു പ്രഖ്യാപനവും നിസാന്‍ നടത്തിയിട്ടുണ്ട്. 50000 കിലോമീറ്റര്‍ വരെ ഒരു കിലോമീറ്ററിന് വെറും 29 പൈസയായിരിക്കും ഈ വാഹനത്തിന്റെ പരിപാലന ചിലവെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. രണ്ട് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വരെയാണ് നിസാന്‍ നല്‍കുന്ന വാറണ്ടി. ഇത് അഞ്ച് വര്‍ഷവും ഒരു ലക്ഷം കിലോമീറ്ററുമായി ഉയര്‍ത്താനും സാധിക്കും.

ഡിസംബർ രണ്ടിന് ബുക്കിംഗ് ആരംഭിച്ച മാഗ്നൈറ്റിന് ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 5,000 ബുക്കിംഗുകൾ ലഭിച്ചിരുന്നു. ബുക്കിംഗിൽ ഭൂരിഭാഗവും രണ്ട് വേരിയന്റുകളായ എക്സ്‍വി, എക്സ്‍വി പ്രീമിയം എന്നിവയ്‍ക്കാണെന്നും നിസാൻ പറയുന്നു.  ഡീലര്‍ഷിപ്പുകളിലും വെബ്‍സൈറ്റിലും പാന്‍-ഇന്ത്യ ബുക്കിംഗും ഇതോടൊപ്പം ആരംഭിച്ചു. വെര്‍ച്വല്‍ ടെസ്റ്റ് ഡ്രൈവും വെബ്‍സൈറ്റില്‍ ഇപ്പോള്‍ ലഭ്യമാണ്.

പുതിയ എച്ച്ആര്‍എഒ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ലോകോത്തര സ്‌പോര്‍ട്‌സ് കാറായ നിസ്സാന്‍ ജിടി-ആറിലേത് പോലുള്ള  'മിറര്‍ ബോര്‍ സിലിണ്ടര്‍ കോട്ടിംഗ്' സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നു. ലിറ്ററിന് 20 കിലോമീറ്ററാണ് മാഗ്നൈറ്റിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.  

XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്‌നൈറ്റ് വിപണിയില്‍ എത്തിയിരിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തില്‍ ഇന്ത്യയിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്. നിസാന്റെ ഏറ്റവും പുതിയ ഇന്റലിജന്റ് മൊബിലിറ്റി സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. നൂതന സാങ്കേതികവിദ്യയും ജാപ്പനീസ് എഞ്ചിനീയറിംഗ് കരുത്തോടെയും രൂപകല്‍പ്പന ചെയ്തിരിക്കുന്ന വാഹനം  ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്ത് പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണെന്ന് കമ്പനി പറയുന്നു. 20ല്‍ അധികം ഫസ്റ്റ്-ക്ലാസ്, ബെസ്റ്റ്-ഇന്‍-സെഗ്മെന്റ് സവിശേഷതകളാണ് വാഹനത്തിനുള്ളത്. നിസാന്റെ മികച്ച സാങ്കേതികവിദ്യകള്‍ മോഡല്‍ ശ്രേണിയിലുടനീളം നല്‍കിയിരിക്കുന്നു. എക്‌സ്‌ട്രോണിക് സിവിടി, ക്രൂയിസ് കണ്‍ട്രോള്‍, 360 ഡിഗ്രി എറൗണ്ട് വ്യൂ മോണിറ്റര്‍, നിസാന്‍ കണക്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഫ്‌ളെയര്‍ ഗാര്‍നെറ്റ് റെഡ് (ടിന്റ്-കോട്ട്) നിറം ആദ്യമായി നിസാന്‍ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ അഞ്ച് മോണോടോണ്‍, 4 ഡ്യുവല്‍ ടോണ്‍ എന്നിവ ഉള്‍പ്പെടെ 9 വ്യത്യസ്ത നിറങ്ങളില്‍ വാഹനം ലഭ്യമാണ്. ആകര്‍ഷണീയമായ ഹെഡ്‍ലാമ്പുകള്‍, ലൈറ്റ്സേബര്‍-സ്‌റ്റൈല്‍ ടേണ്‍ ഇന്‍ഡിക്കേറ്റര്‍, എല്‍-ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, മികച്ച ഇരിപ്പിട സൗകര്യങ്ങള്‍, വിശാലമായ ഇന്റീരിയര്‍ എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകതകള്‍. സാങ്കേതിക വിദഗ്ദ്ധരായ ഉപഭോക്താക്കള്‍ക്കായി നിസാന്റെ ഓപ്ഷണല്‍ 'ടെക് പായ്ക്കും അവതരിപ്പിക്കുന്നു. വയര്‍ലെസ് ചാര്‍ജര്‍,  എയര്‍ പ്യൂരിഫയര്‍, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, പഡില്‍ ലാമ്പുകള്‍, ഹൈ എന്‍ഡ് സ്പീക്കറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഹനത്തിലെ എറൗണ്ട് വ്യൂ മോണിറ്റര്‍ (എവിഎം) സംവിധാനം വാഹനത്തിന് മുകളില്‍ നിന്നുള്ള ഒരു വെര്‍ച്വല്‍ പക്ഷിയുടെ കാഴ്ച ഡ്രൈവര്‍ക്ക് നല്‍കും. 

കിയ സോണെറ്റ്, ഹ്യുണ്ടായ് വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്സോൺ, മഹീന്ദ്ര എക്സ് യു വി 400 തുടങ്ങിയവരാണ് വാഹനത്തിന്‍റെ എതിരാളികള്‍. 

Follow Us:
Download App:
  • android
  • ios