കാർബൺ ബഹിർഗമനത്തിനും പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും എതിരായ പോരാട്ടത്തിൽ ഹൈഡ്രജൻ ബസുകൾ പ്രത്യാശയുടെ വെളിച്ചമാണെന്ന് മന്ത്രി
പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഹൈഡ്രജന്‍ ബസില്‍ യാത്ര ചെയ്തു. പ്രാഗിലായിരുന്നു യാത്ര. സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ച വീഡിയോ വൈറലായി. സുസ്ഥിരവും പരിസ്ഥിതി സൗഹാര്‍ദപരവുമായ യാത്രാ ബദലുകള്‍ തേടുന്നതിന്‍റെ ഭാഗമായിരുന്നു ഈ 'ടെസ്റ്റ് ഡ്രൈവ്'.
"കാർബൺ ബഹിർഗമനത്തിനും പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും എതിരായ പോരാട്ടത്തിൽ ഹൈഡ്രജൻ ബസുകൾ പ്രത്യാശയുടെ വെളിച്ചമാണ്. ഇത് ഹരിത ഭാവിക്ക് വഴിയൊരുക്കുന്നു"- വീഡിയോ പങ്കുവെച്ച് നിതിന്‍ ഗഡ്കരി കുറിച്ചു.
വരുന്നത് 400 കിമി മൈലേജുള്ള സൂപ്പര്‍ ബസുകള്‍, രാജ്യത്തെ ബസ് സര്‍വ്വീസുകളുടെ തലവര മാറ്റാൻ അംബാനി!
ഒക്‌ടോബർ ഒന്നിന് ചെക്ക് റിപ്പബ്ലിക്കിലെത്തിയ ഗഡ്കരിക്ക് പ്രാഗ് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. തിങ്കളാഴ്ച പ്രാഗിൽ നടന്ന 27-ാമത് ലോക റോഡ് കോൺഗ്രസിൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള മന്ത്രിതല സെഷനിൽ അദ്ദേഹം പങ്കെടുത്തു. സ്റ്റോക്ക്ഹോം പ്രഖ്യാപനത്തിൽ പറഞ്ഞിരിക്കുന്ന ആഗോള റോഡ് സുരക്ഷാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ആവർത്തിച്ചു.
ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന സെൽ ബസ് സെപ്റ്റംബർ 25 ന് ഉദ്ഘാടനം ചെയ്തു. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഉദ്ഘാടനം ചെയ്തത്. ഫ്യുവൽ സെൽ സാങ്കേതികവിദ്യയിലൂടെ ഹൈഡ്രജന്‍ ഉപയോഗിച്ച് ബസിന് ഊർജം നല്‍കുന്നു. ബസിൽ നിന്ന് പുറന്തള്ളുന്ന ഏക മലിന വസ്‍തു വെള്ളം മാത്രമാണ്. അതിനാൽ ഇത് ഏറ്റവും പരിസ്ഥിതി സൗഹൃദമായ ഗതാഗത മാർഗ്ഗമാണ്. ദീർഘദൂര റൂട്ടുകളിൽ ഓടുന്ന ഒരു ഡീസൽ ബസ് സാധാരണയായി പ്രതിവർഷം 100 ടൺ കാർബൺ ഡൈ ഓക്സൈഡാണ് പുറന്തള്ളുന്നത്. രാജ്യത്ത് അത്തരം ദശലക്ഷത്തിലധികം ബസുകൾ ഉണ്ട്. ഗതാഗത രംഗത്ത് ഹൈഡ്രജന്‍ ബസുകള്‍ വിപ്ലവം കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്.
