Asianet News MalayalamAsianet News Malayalam

വാഹന പാര്‍ട്‍സ് നിര്‍മ്മാണം 100 ശതമാനവും പ്രാദേശികമാക്കണമെന്ന് കേന്ദ്ര മന്ത്രി

അല്ലാത്തപക്ഷം വാഹന ഘടകങ്ങളുടെ ഇറക്കുമതിയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി

Nitin Gadkari says about localisation of manufacturing of auto components
Author
Delhi, First Published Mar 1, 2021, 3:55 PM IST


രാജ്യത്തെ വാഹന ഘടകങ്ങളുടെ പ്രാദേശികവത്ക്കരണം 100 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ തയാറാകണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‍കരി. വാഹന നിര്‍മാതാക്കളോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. അല്ലാത്തപക്ഷം വാഹന ഘടകങ്ങളുടെ ഇറക്കുമതിയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ഇതിലൂടെ ആഭ്യന്തര ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.  ഓട്ടോമോട്ടീവ് കോമ്പോണന്‍റ്സ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസിഎംഎ) സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ഗഡ്‍കരി ഇക്കാര്യം വ്യക്തമാക്കിയത്. 

ഇന്ത്യന്‍ വാഹനമേഖലയിലെ നിര്‍മ്മാണ ഘടകങ്ങളുടെ പ്രാദേശികവല്‍ക്കരണത്തിന്‍റെ തോത് ഇപ്പോള്‍ 70 ശതമാനം മാത്രമാണ്. ഇന്ത്യന്‍ കംപൊണന്‍റ് നിര്‍മാതാക്കള്‍ പൂര്‍ണമായും കഴിവുള്ളവരാണെന്നും ആവശ്യമായ ഭാഗങ്ങള്‍ പൂര്‍ണ്ണമായും വിതരണം ചെയ്യാന്‍ അവര്‍ക്ക് അവസരം നല്‍കണമെന്നും ഗഡ്‍കരി പറഞ്ഞു. ഓട്ടോമൊബീല്‍ മേഖല ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പ്രധാന ഘടകമാണെന്നും ഉല്‍പ്പാദന മേഖലയില്‍ പ്രധാന സംഭാവന നല്‍കുന്നുണ്ടെന്നും മന്ത്രി ആവര്‍ത്തിച്ചു.

സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്ന വോളണ്ടറി വെഹിക്കിള്‍സ് സ്ക്രാപ്പേജ് നയത്തിലൂടെ അസംസ്‍കൃത വസ്തുക്കളായ സ്റ്റീല്‍, പ്ലാസ്റ്റിക്, റബ്ബര്‍, ചെമ്പ്, അലുമിനിയം എന്നിവയും ലഭ്യമാകുമെന്നും ഇത് മാനുഫാക്ചറിംഗ് കമ്പനികള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഘടകങ്ങളുടെ വിതരണത്തില്‍, ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ ചെലവ് കുറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മാനുഫാക്ചറിംഗ് കമ്പനികളോട് ഗഡ്‍കരി ആവശ്യപ്പെട്ടു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ആഗോള വാഹന നിര്‍മാണ കേന്ദ്രമാക്കി മാറ്റുന്നതിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനായുള്ള പൂര്‍ണമായ നയം പ്രഖ്യാപിക്കുമെന്നും നിതിന്‍ ഗഡ്‍കരി വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios