Asianet News MalayalamAsianet News Malayalam

മുഴുവന്‍ ബസുകളും നിരത്തൊഴിയും; സര്‍വീസ് നിര്‍ത്താന്‍ ഇത്രയും അപേക്ഷകള്‍!

ഇതോടെ സംസ്ഥാനത്തെ ഏറെക്കുറെ എല്ലാ സ്വകാര്യബസുകളും ഷെഡുകളില്‍ വിശ്രമജീവിതത്തിലാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 

Number Of Private Bus Owners Submit G Form To Stop Service
Author
Trivandrum, First Published May 5, 2020, 12:12 PM IST

ലോക്ക് ഡൗണ്‍ കഴിഞ്ഞ് നിരത്തില്‍ ഇറങ്ങേണ്ടി വരുമ്പോഴുള്ള നഷ്‍ടം ഒഴിവാക്കാനായി താല്‍ക്കാലികമായി സര്‍വ്വീസ് അവസാനിപ്പിക്കാനുള്ള ജി ഫോം ഇതുവരെ പൂരിപ്പിച്ചു നല്‍കിയത് സംസ്ഥാനത്തെ പന്ത്രണ്ടായിരത്തില്‍ അധികം സ്വകാര്യ ബസുടമകള്‍ എന്ന് റിപ്പോര്‍ട്ട്. ഗതാഗതവകുപ്പിന്റെ അനുമതിയോടെ ബസുകള്‍ കയറ്റിയിടുന്നതിനുള്ള ജി ഫോം അപേക്ഷ 12,683 ഉടമകള്‍ നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇതോടെ സംസ്ഥാനത്തെ ഏറെക്കുറെ എല്ലാ സ്വകാര്യബസുകളും ഷെഡുകളില്‍ വിശ്രമജീവിതത്തിലാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പൊതുഗതാഗതത്തിന്റെ ഭാഗമായ എല്ലാ സ്വകാര്യബസുകളും സര്‍വീസ് താത്കാലികമായി നിര്‍ത്താനുള്ള നീക്കത്തിലാണ്. ഒരുവര്‍ഷത്തേക്കുള്ള അപേക്ഷയാണ് നല്‍കിയിരിക്കുന്നത്. അടച്ചിടലില്‍ നിര്‍ത്തിയിടേണ്ടിവന്ന ബസുകള്‍ പുറത്തിറക്കണമെങ്കില്‍ ഓരോന്നിനും രണ്ടുലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്ന് ബസുടമകള്‍ പറയുന്നത്. 

ലോക്ക് ഡൗണ്‍ കഴിഞ്ഞാലും പൊതുഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും എന്നതിനാലാണ് സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്താനുള്ള ഉടമകളുടെ നീക്കം.  സധാരണയായി ശരാശരി 70 യാത്രക്കാരെ വരെ ബസുകളില്‍ കൊണ്ടുപോയിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ ഈ പതിവ് അനുവദിക്കാനുള്ള സാധ്യത കുറവാണ്. 

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദമായ മാര്‍ഗരേഖകള്‍ ഇക്കാര്യത്തില്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സീറ്റ് ശേഷിയുടെ പകുതിപേരെ മാത്രമേ ബസുകളില്‍ അനുവദിക്കാന്‍ സാധ്യതയുള്ളൂ. നിന്നുകൊണ്ടുള്ള യാത്രയ്ക്കും വിലക്ക് വന്നേക്കാം. ഇത്തരമൊരു സാഹചര്യത്തില്‍ ബസുകള്‍ ഓടിച്ചാല്‍ നഷ്‍ടം കൂടും എന്നാണ് ബസ് ഉടമകള്‍ പറയുന്നത്.  

പല ബസുകളുടെയും ബോഡി പൊളിഞ്ഞുതുടങ്ങി. ടയറുകള്‍ മാറ്റേണ്ട സ്ഥിതിയായി. ചോര്‍ച്ചയുണ്ടാകാനും സാധ്യത കൂടുതലാണ്. എന്‍ജിന്‍ തകരാറുകള്‍ക്കും സാധ്യതയുണ്ട്. ബാറ്ററി തകരാറുകള്‍ വ്യാപകമാണ്. പല ബസുകളുടെയും ടെസ്റ്റ് കാലാവധി കഴിഞ്ഞിട്ടുണ്ട്. വീണ്ടും ടെസ്റ്റ് നടത്താന്‍ ബസ് സജ്ജമാക്കണമെങ്കില്‍ ഒരുലക്ഷം രൂപയെങ്കിലും വേണ്ടിവരും എന്നാണ് ബസുടമകള്‍ പറയുന്നത്. 

ലോക്ക് ഡൗണ്‍ മൂലം പ്രതിദിനം 10 കോടി രൂപയുടെ നഷ്ടാണ് ഈ മേഖലയില്‍ ഉണ്ടാകുന്നത്. സംസ്ഥാനത്തെ ബസ് ജീവനക്കാരും ദുരിതത്തിലാണ്. ഒരു ബസില്‍ ഒരുസമയത്ത് മൂന്നുജീവനക്കാരുണ്ടാവും. ക്ഷേമനിധിയില്‍നിന്ന് ബസ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ 5000 രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ക്ഷേമനിധിയില്‍ അംഗമല്ലാത്ത ജീവനക്കാരുടെ എണ്ണം കൂടുതലാണ്.  

ബസോട്ടം നിലയ്ക്കുന്നത് മൂലം സര്‍ക്കാരിനും കനത്ത നഷ്‍ടമാവും സംഭവിക്കുക. ബസുകള്‍ ഓട്ടം നിര്‍ത്തുന്നതിലൂടെ നികുതിയിനത്തില്‍ മാത്രം സര്‍ക്കാരിന് പ്രതിദിനം 42 ലക്ഷം രൂപ നഷ്ടമുണ്ടാകും. ഒരുദിവസം ഒരു ബസിന് 322 രൂപയാണ് നികുതിയായി നല്‍കേണ്ടത്. കൂടാതെ ഡീസല്‍ വില്‍പ്പനയിലൂടെ നികുതിയിനത്തില്‍ ലഭിക്കുന്ന തുകയും നഷ്ടമാകും. പ്രതിദിനം ഒരുകോടിയോളം രൂപവരും ഇത്.

ജി ഫോം നല്‍കിയാല്‍ മൂന്നുമാസത്തേക്കോ ഒരുകൊല്ലത്തേക്കോ ബസുകള്‍ സര്‍വ്വീസ് നടത്താതെ കയറ്റിയിടാം. ഒരിക്കല്‍ കയറ്റിയിട്ടുകഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും ഉടമയ്ക്ക് ജി ഫോം പിന്‍വലിച്ച് ബസുകള്‍ റോഡിലിറക്കാനും വ്യവസ്ഥയുണ്ട്.  നഷ്ടം വരാതെ ബസ് സര്‍വീസ് നടത്താന്‍ സാധിക്കുന്ന വിധത്തില്‍ ഒരു പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ബസ് കയറ്റിയിടുന്നതെന്നാണ് ഉടമകള്‍ പറയുന്നത്. പാക്കേജ് പ്രഖ്യാപിച്ചാല്‍ ജി ഫോം പിന്‍വലിച്ച് സര്‍വീസ് നടത്താം എന്നും ഇവര്‍ പ്രതീക്ഷിക്കുന്നു. 

നിയന്ത്രണങ്ങളോടെ സര്‍വ്വീസ് നടത്താനാകില്ലെന്ന് കാണിച്ച് ഭൂരിഭാഗം ബസ് ഉടമകളും അധികൃതരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. സര്‍വ്വീസ് നടത്താൻ നിര്‍ബന്ധം പിടിച്ചാല്‍ അതിന്റെ സാമ്പത്തിക നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഒന്നോ രണ്ടോ ബസ് മാത്രം ഉള്ളവരെയാണ് ഇത് ഏറെ ബാധിക്കുക. അനുകൂലമായ തീരുമാനം സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബസ് ഉടമകള്‍.

Follow Us:
Download App:
  • android
  • ios