ഇന്ത്യൻ ഇലക്ട്രിക്ക് സ്‍കൂട്ടര്‍ നിർമാതാക്കളായ ഒഖിനാവ സ്‍കൂട്ടേഴ്‍സ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണയിൽ അവതരിപ്പിച്ചു. R30 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് 58,992 രൂപയാണ് എക്‌സ്‌ഷോറൂം വില. സ്‌കൂട്ടറിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. 2,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്.

വേര്‍പെടുത്താവുന്ന 1.25 കിലോവാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററിയാണ് സ്‌കൂട്ടറിന്റെ ഹൃദയം. ലോ സ്പീഡ് വിഭാഗത്തിലാണ് പുതിയ R30 ഇലക്ട്രിക് സ്‌കൂട്ടറിനെ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരമാവധി വേഗത 25 കിലോമീറ്ററാണ്. നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ സമയം ആവശ്യമാണ് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യുന്നതിന്. പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 60 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. മൈക്രോ ചാര്‍ജര്‍ ഓട്ടോ കട്ട് ഫംഗ്ഷനുമായിട്ടാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നതെന്നാണ് റിപ്പോർട്ട്.

മെറ്റാലിക് ഓറഞ്ച്, ഗ്ലോസി റെഡ്, പേള്‍ വൈറ്റ്, സീ ഗ്രീന്‍, സണ്‍റൈസ് യെല്ലോ എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാണ്. ആപ്രോണ്‍ ഘടിപ്പിച്ച ഹെഡ്‌ലാമ്പ്, ഫ്രണ്ട് ടു ഡ്യുവല്‍ ടോണ്‍ ഫിനിഷ്, അലോയ് വീലുകള്‍ എന്നിവയാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ സവിശേഷതകള്‍. ഇ-എബിഎസ് (ഇലക്ട്രോണിക്-അസിസ്റ്റഡ് ബ്രേക്കിംഗ് സിസ്റ്റം) ഇലക്ട്രിക് സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ വാറണ്ടിയാണ് ബാറ്ററിക്ക് നല്‍കുന്നത്. 250 വാട്ട്, BLDC മോട്ടോറിനും മൂന്ന് വര്‍ഷം / 30,000 കിലോമീറ്റര്‍ വാറന്റി ലഭിക്കും. ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒഖിനാവ് 2015-ലാണ് വിപണിയില്‍ എത്തുന്നത്. നിലവില്‍ ഇന്ത്യയില്‍ 350-ഓളം ഡീലര്‍ഷിപ്പുകള്‍ കമ്പനിക്ക് ഉണ്ട്.

അതേസമയം ഇന്ത്യയിലെ ഡീലര്‍ഷിപ്പുകളുടെ എണ്ണം കൂട്ടാന്‍ ഒരുങ്ങുകയാണ് ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായ ഒഖിനാവ എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2015-ലാണ് ഒഖിനാവ വിപണിയില്‍ എത്തുന്നത്. നിലവില്‍ ഇന്ത്യയില്‍ 350-ഓളം ഡീലര്‍ഷിപ്പുകള്‍ കമ്പനിക്ക് ഉണ്ട്. 150 ഡീലര്‍ഷിപ്പുകള്‍ കൂടി ഈ ശ്രേണിയിലേക്ക് ചേര്‍ക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. 2020 അവസാനത്തോടെ 500-ല്‍ അധികം ഡീലര്‍ഷിപ്പുകളായി ശൃംഖല ഉയര്‍ത്താനാണ് കമ്പനിയുടെ പദ്ധതി.

ഡീലര്‍ഷിപ്പിനൊപ്പം ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഉത്പാദനവും വര്‍ധിപ്പിക്കുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി 200 കോടി രൂപ വിപണിയില്‍ നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. നിലവില്‍ പ്രതിവര്‍ഷം 40,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടക്കുന്നത്. ഇത് 75,000 യൂണിറ്റ് മുതല്‍ ഒരു ലക്ഷം യൂണിറ്റ് വരെ ആക്കി ഉയര്‍ത്താനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇതുവരെ 90 കോടി രൂപയാണ് കമ്പനി വിപണിയില്‍ നിക്ഷേപിച്ചിരിക്കുന്നത്. പുതിയ നിക്ഷേപം നടത്തുന്നതിനൊപ്പം രാജസ്ഥാനില്‍ കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ പ്ലാന്റ് തുടങ്ങുമെന്നും കമ്പനി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

പുതിയ പ്ലാന്റിനൊപ്പം തന്നെ രാജ്യത്ത് ഡീലര്‍ഷിപ്പുകളുടെ എണ്ണവും വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഡീലര്‍ഷിപ്പ് മാര്‍ജിന്‍ എട്ട് ശതമാനത്തില്‍ നിന്ന് 11 ശതമാനമായി ഉയര്‍ത്തുമെന്നും കമ്പനി അറിയിച്ചു.  നിലവില്‍ പ്രെയ്‍സ്, റി‍ഡ്‍ജ്, റിഡ്‍ജ് പ്ലസ് എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉള്‍പ്പെടുന്നതാണ് ഒഖിനാവയുടെ വാഹന നിര.