Asianet News MalayalamAsianet News Malayalam

1.6 ലക്ഷം വിലക്കിഴിവില്‍ ഈ കാര്‍ വീട്ടിലെത്തും, വമ്പന്‍ ഓഫറുകളുമായി ഹോണ്ട!

നാലാം തലമുറ സിറ്റിക്ക് 1.6 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്ക് കമ്പനി വാഗ്‍ദാനം ചെയ്യുന്നത്. 

Old Honda City available with huge discounts
Author
Mumbai, First Published Aug 25, 2020, 8:36 AM IST

ഹോണ്ടയുടെ  പ്രീമിയം സെഡാനായ സിറ്റിയുടെ  അഞ്ചാം തലമുറയെ ജൂലൈയിലാണ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. പുത്തന്‍ സിറ്റി വിപണിയില്‍ എത്തിയതോടെ പഴയ തലമുറ സിറ്റിക്ക് വമ്പിച്ച വില ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. പഴയ സിറ്റിയുടെ തെരഞ്ഞെടുത്ത മോഡലുകള്‍ക്കാണ് കമ്പനി കിടിലന്‍ ഓഫര്‍ വാഗ്‍ദാനം ചെയ്യുന്നത്.  

നാലാം തലമുറ സിറ്റിക്ക് 1.6 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്ക് കമ്പനി വാഗ്‍ദാനം ചെയ്യുന്നത്. നിലവില്‍ നാല് വകഭേദങ്ങളില്‍ പഴയ പതിപ്പ് ലഭ്യമാണ്. ഇതില്‍ ഉയര്‍ന്ന രണ്ട് വകഭേദങ്ങള്‍ക്കാണ് കൂടുതല്‍ ഇളവ് നല്‍കിയിരിക്കുന്നത്.

1.30 മുതല്‍ 1.60 ലക്ഷം വരെ ആനുകൂല്യങ്ങളാണ് സിറ്റി ZX -ന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 1.10 ലക്ഷം രൂപ വരെ കിഴിവോടെ ZX സിവിടി മോഡലുകള്‍ ലഭ്യമാണ്. മാനുവല്‍ പതിപ്പില്‍ 80,000 രൂപ വരെ കിഴിവും ലഭ്യമാകും. VX വകഭേദങ്ങള്‍ക്ക് 70,000 രൂപ വരെ കിഴിവോടെ ലഭ്യമാകും. സിറ്റി ZX മാനുവല്‍, സിവിടി, VX സിവിടി വകഭേദങ്ങള്‍ക്ക് 50,000 രൂപ വരെ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും ലഭിക്കും.

സിറ്റിക്ക് ഒപ്പം തന്നെ സിവിക് ഡീസല്‍ പതിപ്പിലും ഹോണ്ട ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സിവിക് ഡീസല്‍ രണ്ടര ലക്ഷം രൂപ വരെ കിഴിവോടെ ലഭ്യമാണ്. പെട്രോള്‍ സിവികിന്റെ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ വില കുറവില്‍ ലഭ്യമാകും.

ബിഎസ്6ലേക്ക് നവീകരിച്ച 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പഴയ സിറ്റിയുടെ ഹൃദയം. ഈ എഞ്ചിന്‍ 6,600 rpm-ല്‍ 118 bhp കരുത്തും 4,600 rpm-ല്‍ 145 Nm torque ഉം ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ പാഡില്‍ ഷിഫ്റ്ററുകളുള്ള ഏഴ് സ്പീഡ് സിവിടി എന്നിങ്ങനെയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയവ ഈ നാലാംതലമുറ സിറ്റിയിലുണ്ട്. സണ്‍റൂഫ്, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണ്‍, ഒന്നിലധികം എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

അതേസമയം മികച്ച ബുക്കിംഗുമായി കുതിക്കുകയാണ് പുത്തന‍ സിറ്റി. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ മൂന്ന് വേരിയന്റുകളിലെത്തുന്ന പുതിയ സിറ്റിക്ക് 10.89 ലക്ഷം രൂപ മുതല്‍ 14.64 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. നിരവധി ഫീച്ചറുകളുടെ അകമ്പടിയോടെ നാലാം തലമുറ സിറ്റിയെക്കാളും വലിപ്പത്തിലാണ് അഞ്ചാം തലമുറ സിറ്റി എത്തുന്നത്. സാങ്കേതിക സംവിധാനങ്ങളിലും ഡിസൈനിങ്ങിലും അഞ്ചാം തലമുറ സിറ്റി എറെ മുന്നിലാണെന്നാണ് കമ്പനി പറയുന്നത്. 

Follow Us:
Download App:
  • android
  • ios