ചൈനീസ് വാഹന നിർമ്മാതാക്കളായ ബിവൈഡിയുടെ കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവിയായ അറ്റോ 3, ആഗോളതലത്തിൽ 10 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന മറികടന്നു. 

ചൈനീസ് വാഹന നിർമ്മാതാക്കളായ ബിവൈഡിയുടെ കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവിയായ അറ്റോ 3 , ആഗോളതലത്തിൽ 10 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന മറികടന്ന് ഒരു നാഴികക്കല്ല് പിന്നിട്ടു. എസ്‌യുവിയുടെ ആഗോള വിപണിയിലെ മൊത്തം വിൽപ്പന 10 ലക്ഷം യൂണിറ്റുകൾ കവിഞ്ഞതായി കമ്പനി വ്യക്തമാക്കി. മൂന്നുവർഷവും ഒമ്പത് മാസവും എടുത്താണ് മോഡൽ ഈ നേട്ടം സ്വന്തമാക്കിയത്.

2022 ഫെബ്രുവരിയിൽ ചൈനയിൽ യുവാൻ പ്ലസ് എന്ന പേരിൽ അവതരിപ്പിച്ച ഇത് വെറും നാല് വർഷത്തിനുള്ളിൽ ഈ നേട്ടത്തിലെത്തി. അതേ വർഷം തന്നെ ഇന്ത്യയിൽ അവതരിപ്പിച്ച ഈ മോഡൽ അതിനുശേഷം ഇന്ത്യ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ബിവൈഡിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബാറ്ററി ഇലക്ട്രിക് വാഹനമായി മാറി. ആദ്യ 14 മാസത്തിനുള്ളിൽ മൂന്ന് ലക്ഷം യൂണിറ്റുകളും തുടർന്നുള്ള 6 മാസത്തിനുള്ളിൽ രണ്ടുലക്ഷം യൂണിറ്റുകളും കൂടി വിറ്റഴിച്ചു. മറ്റൊരു അഞ്ചുലക്ഷം യൂണിറ്റുകൾ വിൽക്കാൻ ബിവൈഡി 25 മാസം കൂടി സമയമെടുത്തു.

10 ലക്ഷം അറ്റോ 3 ഡെലിവറികൾ നേടാൻ ബിവൈഡി 1,391 ദിവസമെടുത്തു. അതായത് കമ്പനി ഒരോ മണിക്കൂറിലും ഈ മോഡലിന്‍റെ ഏകദേശം 30 യൂണിറ്റുകൾ വിറ്റു. അതായത് പ്രതിദിനം 719 കാറുകളും ആഴ്ചയിൽ 5,032 യൂണിറ്റുകളും പ്രതിമാസം 20,129 യൂണിറ്റുകളും എന്ന രീതിയിലായരുന്നു വിൽപ്പന. ഡൈനാസ്റ്റി സീരീസിന് കീഴിൽ 10 ലക്ഷം യൂണിറ്റുകൾ വിൽക്കുന്ന മൂന്നാമത്തെ മോഡലാണിതെന്ന് ബിവൈഡി പറയുന്നു. ബിവൈഡി സോംഗ് ക്രോസ്ഓവറും ക്വിൻ സെഡാനുമാണ് മറ്റ് രണ്ട് മോഡലുകൾ.

ലോകമെമ്പാടുമുള്ള 110 രാജ്യങ്ങളിൽ അറ്റോ 3 ലഭ്യമാണ്. 2022 നവംബറിൽ അറ്റോ 3 ഇന്ത്യയിൽ പുറത്തിറങ്ങി, ഈ വർഷം ആദ്യം ഒരു പുതുക്കിയ മോഡൽ എത്തി. ഇന്ത്യയിൽ ലഭ്യമായ അറ്റോ 3, ഡൈനാമിക്, പ്രീമിയം, സുപ്പീരിയർ എന്നീ മൂന്ന് വേരിയന്റുകളിലാണ് വരുന്നത്. 24.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള അറ്റോ 3 'ഡൈനാമിക്' 468 കിലോമീറ്റർ റേഞ്ചുള്ള 49.92 kWh ബാറ്ററിയാണ് ഘടിപ്പിച്ചിരിക്കുന്നത്. റിയർ ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറിന് ഇത് പവർ നൽകുന്നു, ഇത് 201 BHP പവറും 310 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 'പ്രീമിയം', 'സുപ്പീരിയർ' വകഭേദങ്ങൾക്ക് യഥാക്രമം 29.85 ലക്ഷം രൂപയും 33.99 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. രണ്ട് വകഭേദങ്ങൾക്കും 60.48 kWh ബാറ്ററിയുണ്ട്, പരമാവധി 521 കിലോമീറ്റർ മൈലേജ് വാഗ്‍ദാനം ചെയ്യുന്നു.