Asianet News MalayalamAsianet News Malayalam

ഈ മാരുതി കാറുകള്‍ ബുക്ക് ചെയ്‍ത് കാത്തിരിക്കുന്നത് നാലുലക്ഷത്തിലധികം പേര്‍ , കണ്ണുമിഴിച്ച് വാഹനലോകം!

വിവിധ കണക്കുകള്‍ അനുസരിച്ച് 4.12 ലക്ഷത്തിലധികം ഓർഡറുകൾ തീർപ്പാക്കാനാകാതെ കെട്ടിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Over Four Lakh Pending Orders For Maruti Brezza And Grand Vitara
Author
First Published Nov 7, 2022, 4:12 PM IST

മാരുതി സുസുക്കിയില്‍ നിന്നുള്ള രണ്ട് പ്രധാന ലോഞ്ചുകളാണ് പുതിയ തലമുറ മാരുതി സുസുക്കി ബ്രെസയും ഗ്രാൻഡ് വിറ്റാര എസ്‌യുവികള്‍. ഈ രണ്ട് മോഡലുകൾക്കും വാങ്ങുന്നവരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെപ്റ്റംബർ അവസാനം വരെയുള്ള കണക്കുകള്‍ അനുസരിച്ച് 4.12 ലക്ഷത്തിലധികം ഓർഡറുകൾ തീർപ്പാക്കാനാകാതെ കെട്ടിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപഭോക്താക്കളുടെ കാത്തിരിപ്പ് കാലാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, കമ്പനി മനേസർ പ്ലാന്റിൽ ഉൽപ്പന്നം വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നതായും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

2025-ൽ പുതിയ സോണിപത് പ്ലാന്റിൽ പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് മനേസർ ആസ്ഥാനമായുള്ള സൗകര്യത്തിന്റെ ഉൽപ്പാദന ശേഷി ഒരു ലക്ഷം യൂണിറ്റായി ഉയർത്തുമെന്നും കമ്പനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.  നിലവിൽ, മനേസറിലെയും ഗുരുഗ്രാമിലെയും കേന്ദ്രങ്ങളിൽ മാരുതി സുസുക്കിയുടെ ക്യുമുലേറ്റീവ് പ്രൊഡക്ഷൻ കപ്പാസിറ്റി പ്രതിവർഷം 15 ലക്ഷം യൂണിറ്റാണ്. കൂടാതെ, സുസുക്കിയുടെ ഗുജറാത്ത് ആസ്ഥാനമായുള്ള പ്ലാന്‍റ് വാർഷികാടിസ്ഥാനത്തിൽ 7.50 ലക്ഷം യൂണിറ്റുകൾ നിർമ്മിക്കുന്നു. ഹരിയാനയിലെ തങ്ങളുടെ പുതിയ ഖാർഖോഡ സൗകര്യം 2025 ഓടെ പ്രവർത്തനക്ഷമമാകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ആദ്യ ഘട്ടത്തിൽ, 2.5 ലക്ഷം യൂണിറ്റുകൾ നിർമ്മിക്കുന്ന പുതിയ സോനിപത് പ്ലാന്റിനായി മാരുതി സുസുക്കി 11,000 കോടി രൂപ നിക്ഷേപിക്കും. ഹരിയാന ആസ്ഥാനമായുള്ള പുതിയ പ്ലാന്റിന്റെ നിർമ്മാണത്തിനും പുതിയ മോഡൽ ലോഞ്ചുകൾക്കുമായി വാഹന നിർമ്മാതാവ് ഈ വർഷം 7,000 കോടി രൂപ നിക്ഷേപിക്കും.

മാരുതി സുസുക്കിയുടെ ഉൽപ്പന്ന പ്ലാന്റുകളെക്കുറിച്ച് സംസാരിക്കുമ്പോൾ, ജനുവരിയിൽ നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാവ് മൂന്ന് പ്രധാന യുവി (യൂട്ടിലിറ്റി വെഹിക്കിൾസ്) പ്രദർശിപ്പിക്കും. പുതിയ ബലേനോ അടിസ്ഥാനമാക്കിയുള്ള കോംപാക്ട് കൂപ്പെ എസ്‌യുവി, 5-ഡോർ ജിംനി ലൈഫ്‌സ്‌റ്റൈൽ ഓഫ് റോഡ് എസ്‌യുവി, പുതിയ സി-സെഗ്‌മെന്റ് എംപിവി എന്നിവ ലൈനപ്പിൽ ഉൾപ്പെടും. മാരുതി ബലേനോ ക്രോസ് ആയിരിക്കും ആദ്യം നിരത്തിലിറങ്ങുന്ന മോഡൽ . 48V മൈൽഡ് ഹൈബ്രിഡ് SHVS സിസ്റ്റവും ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററും (ISG) ഉള്ള ഒരു പുതിയ 1.0L ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിനുമായാണ് ഇത് വരുന്നത്.

അഞ്ച് ഡോറുകളുള്ള മാരുതി സുസുക്കി ജിംനി 2023 പകുതിയോടെ വിൽപ്പനയ്‌ക്കെത്തും. 2023-ന്റെ രണ്ടാം പകുതിയിൽ എംപിവി വിപണിയിലെത്തും. ദില്ലി ഓട്ടോ എക്‌സ്‌പോയിൽ പുതിയ തലമുറ മാരുതി സ്വിഫ്റ്റും കമ്പനി പ്രദർശിപ്പിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്. പുതിയ അൾട്ടോ ഹാച്ച്ബാക്കിന്‍റെയും ബ്രെസ എസ്‌യുവിയുടെയും സിഎൻജി പതിപ്പുകളും കമ്പനി രാജ്യത്ത് അവതരിപ്പിച്ചേക്കും. 

Follow Us:
Download App:
  • android
  • ios