മുംബൈ: ദീര്‍ഘകാലത്തെ പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ വാഹനവിപണി കരകയറുന്നതായി റിപ്പോര്‍ട്ട്. 2020 ആഗസ്റ്റിൽ രാജ്യത്തെ യാത്രാവാഹനങ്ങളുടെ വിൽപനയിൽ മുൻ വർഷത്തെക്കാൾ 14.16 ശതമാനം വർദ്ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുചക്ര വാഹനങ്ങളുടെ വിൽപനയും മൂന്നു ശതമാനം വർദ്ധിച്ചു. സൊസൈറ്റ് ഓഫ് ഇന്ത്യൻ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്‍സിന്‍റെ (സിയാം) കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

കാറുകളും യൂട്ടിലിറ്റി വാഹനങ്ങളും യാത്രയ്ക്ക് ഉപയോഗിക്കുന്ന വാനുകളും ഉൾപ്പെടെ 2,15,916 യാത്രാവാഹനങ്ങളാണ് 2020 ഓഗസ്റ്റിൽ രാജ്യത്ത് വിറ്റത്. 2019 ഓഗസ്റ്റിൽ 1,89,129 വാഹനങ്ങൾ മാത്രം വിറ്റ സ്ഥാനത്താണിത്. അതുപോലെ 2019  ആഗസ്റ്റിൽ 15,14,196 യൂണിറ്റ് ഇരുചക്ര വാഹനങ്ങൾ വിറ്റ സ്ഥാനത്ത് ഇക്കുറി15,59,665 ഇരുചക്ര വാഹനങ്ങളുടെ വിൽപന നടന്നു. 

അതേസമയം വിനായക ചതുർത്ഥിയും ഓണവും ഉൾപ്പെടെയുളള ഉത്സവങ്ങളും വാഹന വിപണിയിൽ ഉണർവ്വുണ്ടാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടു തന്നെ ദീപാവലി അടക്കം വരാനിരിക്കുന്നഉത്സവ സീസണിൽ വാഹന വിപണി താളം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കളും. മാത്രമല്ല കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പൊതുഗതാഗത സംവിധാനങ്ങളോട് ജനങ്ങള്‍ക്കുണ്ടായ അകല്‍ച്ചയും വണ്ടിക്കച്ചവടത്തെ സഹായിച്ചുവെന്നാണ് വിലയിരുത്തല്‍. എന്തായാലും വിപണിയിലെ വളർച്ച നിരീക്ഷിച്ചു വരികയാണെന്നാണ് സിയാം പറയുന്നത്.