Asianet News MalayalamAsianet News Malayalam

രാജ്യത്തെ യാത്രാ വാഹന വില്‍പ്പനയില്‍ വന്‍ വളര്‍ച്ച

രാജ്യത്തെ പാസഞ്ചര്‍ വാഹനങ്ങളുടെ മൊത്ത വില്‍പ്പനയില്‍ തുടര്‍ച്ചയായ ഏഴാം മാസവും വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്

Passenger vehicle sales up in February 2021
Author
Mumbai, First Published Mar 2, 2021, 10:51 AM IST

രാജ്യത്തെ പാസഞ്ചര്‍ വാഹനങ്ങളുടെ മൊത്ത വില്‍പ്പനയില്‍ തുടര്‍ച്ചയായ ഏഴാം മാസവും വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2021 ഫെബ്രുവരിയില്‍ 23 ശതമാനം വളര്‍ച്ചയാണ് ഉണ്ടായതെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

2021 ഫെബ്രുവരിയില്‍ കാറുകളും എസ്‍യുവികളുമായി 308,000 യൂണിറ്റ് വാഹനങ്ങളാണ് ഫാക്ടറികളില്‍ നിന്ന് ഷോറൂമുകളിലേക്ക് അയച്ചിട്ടുള്ളത് എന്നാണ് കണക്കുകള്‍. വിപണിയിലെ മുന്‍നിരക്കാരായ മാരുതി സുസുക്കി ഫെബ്രുവരിയില്‍ 144,700 പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റു, മുന്‍വര്‍ഷം ഫെബ്രുവരിയെ അപേക്ഷിച്ച് 8 ശതമാനം വളര്‍ച്ചയാണ് വില്‍പ്പനയില്‍ കമ്പനി സ്വന്തമാക്കിയത്. കാറുകളുടെ വിഭാഗത്തില്‍ 80,517 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നത്. മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 15.3 ശതമാനത്തിന്‍റെ വളര്‍ച്ച. എസ്യുവി വിഭാഗത്തില്‍ 18.9 ശതമാനം വളര്‍ച്ചയോടെ 26,884 യൂണിറ്റുകളുടെ വില്‍പ്പന നടന്നു.

രാജ്യത്തെ രണ്ടാംനിര നിര്‍മ്മാതാക്കളായ ഹ്യുണ്ടായി മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം 29 ശതമാനം വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. 51, 600 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനി കഴിഞ്ഞ മാസം സ്വന്തമാക്കിയത്. ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ട കഴിഞ്ഞ മാസം 36 ശതമാനം വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി, 14,075 യൂണിറ്റുകള്‍ വിറ്റഴിച്ചു.

ടാറ്റാ മോട്ടോര്‍സിന്‍റെ പാസഞ്ചര്‍ കാര്‍ വില്‍പ്പന 9 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു. പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് പുറമേ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയും ശക്തമായ വളര്‍ച്ചാ പ്രവണത പ്രകടമാക്കി. 54 ശതമാനം വളര്‍ച്ചയാണ് കമ്പനി മൊത്തം വാഹന വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. 27,225 പാസഞ്ചര്‍ കാറുകളുടെ വില്‍പ്പനയാണ് കമ്പനി ഫെബ്രുവരിയില്‍ നടത്തിയത്. ടിവിഎസ് മോട്ടോര്‍സിന്‍റെ മൊത്തം വില്‍പ്പന ഫെബ്രുവരിയില്‍ 18 ശതമാനം വളര്‍ച്ച പ്രകടമാക്കി 297,747 യൂണിറ്റിലെത്തി.

കോവിഡ് 19 സാഹചര്യത്തില്‍ വ്യക്തിഗത യാത്രാ വാഹനങ്ങള്‍ക്കുള്ള ആവശ്യകത വര്‍ധിച്ചതാണ് വാഹന വില്‍പ്പനയില്‍ പ്രതിഫലിക്കുന്നത് എന്നാണ് വ്യാവസായിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കൊറോണയ്ക്ക് മുമ്പുള്ള മാസങ്ങളില്‍ വില്‍പ്പനയില്‍ മാന്ദ്യം പ്രകടമായിരുന്ന ഇന്ത്യന്‍ വാഹനവിപണി പിന്നീട് പകര്‍വ്യാധിയുടെ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കാനുള്ള ശ്രമങ്ങളുടെ കൂടി ഭാഗമായി വീണ്ടെടുക്കുകയായിരുന്നു. സര്‍ക്കാര്‍ ഇക്കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച സ്ക്രാപ്പേജ് നയവും വാഹനങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്.

Follow Us:
Download App:
  • android
  • ios