വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയ്ക്കായി ഓണ്‍ലൈന്‍ സൗകര്യമൊരുക്കി ഇറ്റാലിയന്‍ വാഹനബ്രാന്‍ഡായ പിയാജിയോ. ഉപഭോക്താക്കള്‍ക്ക് ഷോറൂം സന്ദര്‍ശിക്കാതെ തന്നെ അവരുടെ വീടുകളില്‍ നിന്ന് തെരഞ്ഞെടുത്ത മോഡല്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ഇന്ത്യയില്‍ വാണിജ്യ വാഹന സ്പെയ്സിലെ ഇത്തരത്തിലുള്ള ഒരു ഓഫര്‍ ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് പലവിധത്തില്‍ ഗുണം ചെയ്യുമെന്നും പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും എംഡിയുമായ ഡീഗോ ഗ്രാഫി പറഞ്ഞു.

പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് (PVPL) അതിന്റെ വെസ്പ, അപ്രീലിയ ബ്രാന്‍ഡുകളുടെ സ്‌കൂട്ടറുകള്‍ക്കായി ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം പുറത്തിറക്കി ഒരു മാസത്തിന് ശേഷമാണ് പുതിയ വില്‍പ്പന സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

വെസ്പ, അപ്രീലിയ മോഡലുകളുടെ വില്‍പ്പന ജൂണ്‍ 10 മുതല്‍ കമ്പനി ഓണ്‍ലൈന്‍ വഴി ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയും ഓണ്‍ലൈന്‍ വഴി ആരംഭിച്ചിരിക്കുന്നത്. 1,000 രൂപ നല്‍കി ഉപഭോക്താക്കള്‍ക്ക് വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കും.

ഈ പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോം ഇന്ത്യയിലുടനീളമുള്ള എല്ലാ പിയാജിയോ വാണിജ്യ വാഹന ഡീലര്‍ഷിപ്പുകളെയും സമന്വയിപ്പിക്കുന്നു. വാഹനത്തിന്റെ സവിശേഷതകള്‍ക്കൊപ്പം, എക്‌സ്‌ഷോറൂം, ഓണ്‍റോഡ് വിലകള്‍, ഇഎംഐ ഓപ്ഷനുകള്‍, ഇഷ്ടമുള്ള ഫിനാന്‍സിയറില്‍ നിന്നും വായ്പയ്ക്ക് അപേക്ഷിക്കാനുള്ള ഓപ്ഷനും നല്‍കുന്നുണ്ട്.