പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന പ്രേമം പ്രസിദ്ധമാണ്. വാഹനങ്ങളില്‍ എസ്‍യുവികളാണ് അദ്ദേഹത്തിന് ഏറെയിഷ്‍ടം. മോദിയുടെ വാഹനങ്ങള്‍ എന്നും വാഹനപ്രേമികള്‍ക്കിടിയല്‍ സജീവ ചര്‍ച്ചയാണ്. കഴിഞ്ഞദിവസം സ്വാതന്ത്ര്യദിന സന്ദേശം നല്‍കാന്‍ ചെങ്കോട്ടയിലേക്ക് മോദിയെത്തിയ വാഹനമാണ് ഇപ്പോള്‍ വാഹനലോകത്തെ ചര്‍ച്ചാവിഷയം. ടൊയോട്ടയുടെ എസ്‌യുവിയായ ലാന്‍ഡ് ക്രൂയിസറിലാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതാദ്യമായാണ് സ്വാതന്ത്ര്യദിന പരിപാടിക്കായി ലാന്‍ഡ് ക്രൂയിസര്‍ എസ്‌യുവി ഉപയോഗിക്കുന്നതെന്നതും പ്രത്യകതയാണ്. നാല് ലാ‍ൻ‌ഡ് ക്രൂസറും ഏഴ് ടൊയോട്ട ഫോർച്യൂണറും മെഡിക്കൽ സംഘത്തിന്റെ മെഴ്സിഡീസ് ബെൻസിന്റെ സ്പിന്റർ വാനും അടക്കം 12 വാഹനങ്ങളാണ് കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടായിരുന്നത്. 

പ്രധാനമന്ത്രിയായി അധികാരമേറ്റ ആദ്യത്തെ സ്വാതന്ത്ര്യദിന പരിപാടിയില്‍ ബിഎംഡബ്ല്യു 7 സീരിസിലായിരുന്നു മോദി എത്തിയത്.  2017ലെ സ്വാതന്ത്രദിത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി വന്നിറങ്ങിയത് ഒരു റേഞ്ച് റോവറിലായിരുന്നു. 

2018 ജൂണില്‍ ദില്ലി – മീററ്റ് എക്സ്പ്രസ് ഹൈവേ ഉദ്ഘാടനം ചെയ്യാൻ മോദിയെത്തിയത് ടൊയോട്ട ലാൻഡ് ക്രൂസറിലായിരുന്നു. അന്നദ്ദേഹം റോഡ് ഷോയും നടത്തി. മുമ്പ് മോദിയുടെ സ്വന്തം നഗരമായ അഹമ്മദാബാദിലൂടെയുള്ള യാത്രകളും ടൊയോട്ട ലാന്‍ഡ് ക്രൂയിസറിലായിരുന്നു. 

ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ടയുടെ ലക്ഷ്വറി എസ് യു വിയാണ് ലാൻഡ് ക്രൂസർ. 4461 സിസി വി8 ഡീസൽ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. 3400 ആർപിഎമ്മിൽ 262 ബിഎച്ച്പി കരുത്തും 1600 ആർപിഎമ്മിൽ 650 എൻഎം ടോർക്കും ഈ എൻജിൻ ഉല്‍പ്പാദിപ്പിക്കും. 1.36 കോടി രൂപയാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില.

പ്രധാനമന്ത്രിമാരുടെ സുരക്ഷാ വാഹനമായി എസ്‍പിജി ഉപയോഗിക്കുന്ന അതിസുരക്ഷാ സംവിധാനങ്ങളുള്ള ലാൻഡ് ക്രൂസറാണിത്. വിആര്‍ 8 ബാലിസ്റ്റിക് പ്രൊട്ടക്ഷന്‍ സ്റ്റാന്‍ഡേഡ് പ്രകാരം നിര്‍മിച്ചിരിക്കുന്ന അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങളാണിത് എന്നാണ് കരുതുന്നത്. എന്നാൽ ഈ വാഹനങ്ങളുടെ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 

ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവി സ്‌കോര്‍പിയോ ആയിരുന്നു മോദിയുടെ ഇഷ്‍ട വാഹനം. പിന്നീട് പ്രധാനമന്ത്രിയായപ്പോഴും ഇന്ത്യയുടെ സ്വന്തം സ്കോര്‍പിയോ തന്നെ ഉപയോഗിക്കാനായിരുന്നു മോദിക്ക് താല്‍പര്യമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സുരക്ഷാ സേനയായ എസ്‍പിജിയുടെ എതിര്‍പ്പു മൂലം ആ ആഗ്രഹം നടന്നില്ല. പിന്നീടാണ് ബിഎംഡബ്ല്യു 7 സീരിസിലേക്ക് അദ്ദേഹം വരുന്നത്. 

രണ്ടാം വരവില്‍ ഇതുവരെ പ്രധാനമന്ത്രിയുടെ യാത്രകള്‍ ലാന്‍ഡ് റോവര്‍ വോഗ് ലോങ് വീല്‍ബേസ് മോഡലിലായിരുന്നു. ഇത്തവണ പ്രധാനമന്ത്രിപദം ഏറ്റെടുത്ത ശേഷം അദ്ദേഹം കാശിവിശ്വനാഥ ക്ഷേത്രത്തില്‍ തൊഴാനെത്തിയതും റേഞ്ച് റോവര്‍ വോഗിലായിരുന്നു. ഈ സ്ഥാനത്തേക്കാണ് പുത്തന്‍ ലാന്‍ഡ് ക്രൂയിസര്‍ കടന്നുവരുന്നതെന്നതാണ് ശ്രദ്ധേയം. എന്തായാലും ലാന്‍ഡ് ക്രൂയിസര്‍ തന്നെയാകുമോ ഇനിമുതല്‍ പ്രധാനമന്ത്രിയുടെ സ്ഥിരവാഹനം എന്നാണ് വാഹനലോകവും വാഹന പ്രേമികളുമൊക്കെ ഉറ്റുനോക്കുന്നത്.