അമേരിക്കന്‍ കമ്പനിയായ പോളാരിസ് ഇന്ത്യയില്‍ തങ്ങളുടെ ആദ്യ റോഡ് ലീഗല്‍ വാഹനം അവതരിപ്പിച്ചു. കാര്‍ഷികാവശ്യങ്ങള്‍ക്കായി സ്‌പോര്‍ട്‌സ്മാന്‍ 570 എന്ന ട്രാക്ടറാണ് പുറത്തിറക്കിയത്. 7.99 ലക്ഷം രൂപയാണ് ദില്ലി എക്‌സ് ഷോറൂം പ്രാരംഭ വില. 

567 സിസി, 4 സ്‌ട്രോക്ക് എന്‍ജിനാണ് പോളാരിസ് സ്‌പോര്‍ട്‌സ്മാന്‍ 570 ട്രാക്ടറിന് കരുത്തേകുന്നത്. 34 കുതിരശക്തി ഉല്‍പ്പാദിപ്പിക്കും. ഇലക്ട്രോണിക് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സംവിധാനം നല്‍കി. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു. 4 വീല്‍ ഡ്രൈവ് വാഹനമാണ് പോളാരിസ് സ്‌പോര്‍ട്‌സ്മാന്‍ 570. ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 60 കിലോമീറ്ററായി ഇലക്ട്രോണിക്കലായി പരിമിതപ്പെടുത്തി. 280 മില്ലിമീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. സ്വതന്ത്ര സസ്‌പെന്‍ഷന്‍ ലഭിച്ചു.

ഓള്‍ ടെറെയ്ന്‍ വാഹനമെന്ന് (എടിവി) തോന്നിപ്പിക്കുമെങ്കിലും ഫാക്റ്ററി ഫിറ്റഡ് വിഞ്ച്, പ്ലോ മൗണ്ട് പ്ലേറ്റ് എന്നിവ ‘സ്‌പോര്‍ട്‌സ്മാന്‍ 570’ വാഹനത്തില്‍ നല്‍കിയിരിക്കുന്നു. സാധാരണ ട്രാക്ടറുകളില്‍ സ്റ്റിയറിംഗ് വളയമാണ് കാണുന്നതെങ്കില്‍ ഹാന്‍ഡില്‍ബാറാണ് പോളാരിസ് നല്‍കിയത്. ഇലക്ട്രോണിക് പവര്‍ സ്റ്റിയറിംഗ് സവിശേഷതയാണ്. ബാക്ക്‌റെസ്റ്റോടുകൂടിയ സീറ്റ് ലഭിച്ചു.

രാജ്യത്തെ എല്ലാ ഡീലര്‍ഷിപ്പുകളിലും പോളാരിസ് സ്‌പോര്‍ട്‌സ്മാന്‍ 570 ലഭിക്കും. വില പിന്നീട് 8.49 ലക്ഷം രൂപയായി വര്‍ധിപ്പിക്കും. ട്രാക്ടര്‍ എന്ന നിലയില്‍ വില്‍ക്കുന്നതിന് ഇന്ത്യയിലെ മാനദണ്ഡങ്ങള്‍ പാലിച്ചതായി പോളാരിസ് വൃത്തങ്ങള്‍ വ്യക്തമാക്കി. റോഡ് അസിസ്റ്റന്‍റ് സര്‍വ്വീസ്, ഒരു വര്‍ഷം ദീര്‍ഘിപ്പിച്ച വാറന്റി എന്നിവ ലഭിക്കും.