നിരത്തുകള്‍ അപകടരഹിതമാക്കുന്നതിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമൊക്കെ സഹായകരമാണെങ്കിലും പൊലീസിന്‍റെ വാഹന പരിശോധന നമ്മളില്‍ പലര്‍ക്കും പേടി സ്വപ്‍നമാണ്. ധാര്‍ഷ്‍ട്യവും പണംപിടുങ്ങല്‍ മനോഭാവവുമൊക്കെയുള്ള ചില ഉദ്യോഗസ്ഥരുടെ ചെയ്‍തികളാണ് ഈ പേടിക്കു പിന്നില്‍. എന്നാല്‍ എല്ലാ ഉദ്യോഗസ്ഥരും അങ്ങനെ അല്ലെന്ന് തെളിയിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ വീഡിയോ. 

അതിരപ്പിള്ളിയിലേക്ക് ബൈക്കുകളില്‍ ട്രിപ്പിനു പോകുകയായിരുന്ന ഒരുകൂട്ടം യുവാക്കളാണ് പൊലീസിലും നല്ല മനുഷ്യരുണ്ടെന്ന് കാണിച്ചു തരുന്നത്. കൂട്ടത്തിലുള്ള ഒരു റൈഡറുടെ ഹെൽമറ്റിലെ ഗോപ്രോ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. 

യാത്രാമധ്യേ ട്രാഫിക് പൊലീസിന്‍റെ പട്രോളിംഗ് വാഹനം ഇവരുടെ അരികിലെത്തുന്നത് വീഡിയോയില്‍ കാണാം. ജീപ്പിൽ എസ്ഐയും ഉണ്ടായിരുന്നു. പൊതുവെ ബൈക്കില്‍ ട്രിപ്പിനു പോകുന്ന യുവാക്കളെ കാണുന്നതു തന്നെ പൊലീസുകാർക്ക് അലർജിയാണ്. ചില വീഡിയോകള്‍ തന്നെ ഇതിനു തെളിവ്.  ഇതു ബോധ്യമുള്ള യുവാക്കള്‍  'ജാംഗോ ഞാന്‍ പെട്ടു' എന്ന അവസ്ഥയിലായിരുന്നു.

എന്നാല്‍ യുവാക്കളെ അമ്പരപ്പിച്ചുകൊണ്ട് ജീപ്പിലിരുന്ന് എസ്ഐ കുശലാന്വേഷണം തുടങ്ങി. എവിടെ നിന്നും വരുന്നു, എങ്ങോട്ടു പോകുന്നു എന്നൊക്കെയുള്ള പതിവ് ചോദ്യങ്ങൾക്കൊപ്പം ബൈക്കുകളുടെ നമ്പർ പ്ളേറ്റ് ഘടിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അദ്ദേഹം പറഞ്ഞുകൊടുത്തു. അതെല്ലാം നിങ്ങൾ കൃത്യമായി പാലിക്കുന്നതിൽ സന്തോഷം ഉണ്ടെന്നുകൂടി ചിരിച്ചുകൊണ്ട് എസ്ഐ യുവാക്കളോട് പറയുന്നതും വീഡിയോയില്‍ കാണാം.

അവസാനമാണ് യുവാക്കളുടെയും സോഷ്യല്‍ മീഡിയയുടെയും ഹൃദയം കീഴടക്കിയ ആ ചോദ്യം അദ്ദേഹം ചോദിക്കുന്നത്: “നിങ്ങൾ വല്ലതും കഴിച്ചോ?" ഒരു പോലീസ് ഓഫീസറുടെയടുത്തു നിന്നും ഇത്തരത്തിൽ വാത്സല്യം നിറഞ്ഞൊരു ചോദ്യം കേട്ട് അമ്പരക്കുന്ന യുവാക്കളെ വീഡിയോയില്‍ കാണാം. 

ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്‍ത വീഡിയോ നിമിഷങ്ങള്‍ക്കം വൈറലായി. പൊലീസുകാരുടെ ഉള്ളിലും അച്ഛനും സഹോദരനും സുഹൃത്തുക്കളുമൊക്കെ ഉണ്ടെന്ന കുറിപ്പോടെ നിരവധി പേരാണ് ഈ വീഡിയോ പങ്കു വയ്ക്കുന്നത്. ആലുവ ട്രാഫിക് എസ്ഐ കബീർ ആണ് വീഡിയോയിലെ താരമെന്നാണ് കമന്‍റുകള്‍ നല്‍കുന്ന സൂചന.