ലോക്ക് ഡൗണിനിടെ ജോര്‍ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ കുടുങ്ങിപ്പോയ നടൻ പൃഥ്വിരാജും സംഘവും തിരിച്ചെത്തിയിരിക്കുന്നു. കൊച്ചിയില്‍ വിമാനം ഇറങ്ങിയ സംഘാംഗങ്ങള്‍ ക്വാറന്‍റീനില്‍ പ്രവേശിച്ചു കഴിഞ്ഞു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് വിമാനത്താവളത്തില്‍ നിന്നും സ്വയം ഡ്രൈവ് ചെയ്‍തു ക്വാറന്‍റീനില്‍ പ്രവേശിക്കാനായി പോകുന്ന പൃഥ്വിരാജിന്‍റെ ചിത്രങ്ങള്‍. ബിഎംഡബ്ല്യുവിലാണ് പൃഥ്വിയുടെ ഈ യാത്ര എന്നാണ് സൂചന. 

ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിനായാണ്  58 അംഗ സംഘം ജോര്‍ദാനിലേക്ക് പോയത്. രണ്ട് മാസത്തില്‍ ഏറെയായി ഇവര്‍ ജോര്‍ദാനിൽ തുടരുകയായിരുന്നു. മാർച്ച് പതിനാറിനാണ് ജോർദാനിൽ ഷൂട്ട് തുടങ്ങുന്നത്. എന്നാൽ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഏപ്രില്‍ ഒന്നിന് ചിത്രീകരണം ഇടയ്ക്കു നിര്‍ത്തിവയ്ക്കേണ്ടിവന്നു. ഇടക്ക് സിനിമാ ചിത്രീകരണം നിലച്ച് പോയെങ്കിലും പ്രതിസന്ധികൾ മറികടന്ന് ഷെഡ്യൂൾ പൂര്‍ത്തിയാക്കാനും സംഘത്തിന് കഴിഞ്ഞിരുന്നു. 
 
എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ദില്ലി വഴിയാണ് പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ വന്നിറങ്ങിയ സംഘം ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന ക്വാറന്‍റീൻ പാലിക്കും. ഫോര്‍ട്ട് കൊച്ചിയിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. പണം നൽകിയുള്ള ക്വാറന്‍റീൻ സൗകര്യമാണ് ഫോര്‍ട്ട് കൊച്ചിയിൽ ഒരുക്കിയിട്ടുള്ളത് . ആടു ജീവിതത്തിന്‍റെ  സംവിധായകൻ കൂടിയാ ബ്ലസി തിരുവല്ലയിലെ വീട്ടിലാകും ക്വാറന്‍റീനിൽ കഴിയുകയെന്നാണ് വിവരം. 

ദില്ലിയില്‍ നിന്ന് രാവിലെ 7.15 നാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ പൃഥ്വിയും സംഘവും കൊച്ചിയിലേക്ക് പുറപ്പെട്ടത്. അമ്മാനില്‍ നിന്ന് ദില്ലിയിലെത്തിയ ശേഷമായിരുന്നു കൊച്ചിയിലേയ്ക്കുള്ള യാത്ര. ജോർദാനിൽ നിന്നുള്ള പ്രവാസികളുമായി വ്യാഴാഴ്ചയാണ് എയർ ഇന്ത്യ വിമാനം ദില്ലിയിലേക്ക് പുറപ്പെട്ടത്. ഇവയിൽ പൃഥ്വിരാജും സംഘവും ഉൾപ്പെടുന്നതായും അവർ നാട്ടിലേക്ക് തിരിച്ചതായും ജോർദാനിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു.