തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ ഡിവഷനുകളുടെ കീഴിലെ സ്റ്റേഷനുകളില്‍ ആര്‍പിഎഫ് നടത്തിയ പ്രത്യേക പരിശോധനയില്‍ അനധികൃതമായി പാര്‍ക്ക് ചെയ്‍ത 170 ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തു. 

167 ഇരുചക്രവാഹനങ്ങളും മൂന്നു കാറുകളുമാണ് പിടിച്ചെടുത്തത്. 9, 12 തീയ്യതികളിലായിരുന്നു പരിശോധന. കൊല്ലത്തു നിന്നാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുത്തത്. 22 ഇരുചക്ര വാഹനങ്ങളാണ് കൊല്ലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് അനധികൃതമായി പാര്‍ക്ക് ചെയ്‍തിരുന്നത്. തിരുവനന്തപുരം, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളില്‍ നിന്നുമായി 16 വീതവും പിടികൂടി. കോട്ടയം 19, നാഗര്‍കോവില്‍ 18, തൃശൂര്‍ 15, ചെങ്ങന്നൂര്‍ 14 എന്നിങ്ങനെയാണ് മറ്റ് സ്റ്റേഷനുകളില്‍ നിന്നും പിടികൂടിയ ഇരുചക്രവാഹനങ്ങളുടെ എണ്ണം.  ചങ്ങനാശേരി, വര്‍ക്കല, തൃശൂര്‍ എന്നിവടങ്ങളില്‍ നിന്നാണ് ഓരോ കാറുകള്‍ വീതം പിടികൂടിയത്. 

24 മണിക്കൂറിലധികമായി സ്റ്റേഷന്‍ പരിസരങ്ങളില്‍ പാര്‍ക്ക് ചെയ്‍തിരുന്ന വാഹനങ്ങളായിരുന്നു പിടിച്ചെടുത്തവയെല്ലാം എന്നാണ് ആര്‍പിഎഫ് പറയുന്നത്. ഉപേക്ഷിച്ച വാഹനങ്ങളും മോഷ്‍ടിച്ച വാഹനങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

പിടിച്ചെടുത്ത വാഹനങ്ങളെക്കുറിച്ച് അറിയാന്‍ ആര്‍പിഎഫ് സ്റ്റേഷനുകളില്‍ ബന്ധപ്പെടാമെന്നും രേഖകകള്‍ ഹാജരാക്കിയാല്‍ വാഹനങ്ങള്‍ നിയമപ്രകാരം ഉടമകള്‍ക്ക് തിരികെ നല്‍കുമെന്നും ആര്‍പിഎഫ് വ്യക്തമാക്കി. പരിശോധന 15 വരെ തുടരാനാണ് ആര്‍പിഎഫിന്‍റെ നീക്കം.