കൊവിഡ് 19 വൈറസ് ബാധമൂലം ഇന്ത്യൻ വാഹന വ്യവസായത്തിന് ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ വാഹന നിർമാതാക്കളുടെ അസോസിയേഷനായ സിയാം. സിയാം പ്രസിഡന്റ് രാജൻ വധേരയാണ് വാഹന കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയത്. 

ഇന്ത്യൻ വാഹന കമ്പനികൾ തങ്ങളുടെ അസംസ്കൃത വസ്തുക്കളുടെ 10 ശതമാനം ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുവെന്നും ഈ ഘടകങ്ങളുടെ ലഭ്യതക്കുറവ് എല്ലാ പ്രദേശങ്ങളിലെയും ഉൽ‌പാദനത്തെയും സാരമായി തടസ്സപ്പെടുത്താനുള്ള സാധ്യത വർദ്ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ചൈനയിലെ പുതുവല്‍സരാഘോഷ അവധി മുന്നില്‍ക്കണ്ട് വര്‍ഷാരംഭത്തില്‍ കമ്പനികള്‍, വാഹന ഘടകങ്ങള്‍ വലിയതോതില്‍ സംഭരിച്ചിരുന്നു. എന്നാല്‍ ചൈനയിലെ ഇപ്പോഴത്തെ അടച്ചുപൂട്ടല്‍ മൂലം ബിഎസ് 6 വാഹനങ്ങളുടെ നിര്‍മാണം തടസപ്പെട്ടേക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ പാസഞ്ചർ വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ ഇത് സ്വാധീനം ചെലുത്താം. ഇലക്ട്രിക് വാഹന വ്യവസായത്തെ വൈറസ് ബാധ മൂലമുള്ള പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചേക്കാം.

ചൈനീസ് പുതുവർഷത്തിന്റെ തുടക്കം മുതൽ ഇന്ത്യൻ കമ്പനികൾ സാധനങ്ങൾ സൂക്ഷിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യൻ കമ്പനികൾ വിതരണ ഘടകങ്ങൾക്കുള്ള ബദലുകൾ തേടുകയാണെന്നും എന്നാൽ പുതിയ കമ്പനികളിൽ നിന്ന് ഘടകങ്ങളും അസംസ്കൃത വസ്തുക്കളും വാങ്ങുന്നതിനുമുമ്പ് അവയുടെ ഗുണ നിലവാരം ഉറപ്പാക്കണം. ഇതിന് വളരെയധികം സമയമെടുക്കുമെന്നും രാജന്‍ വധേര വ്യക്തമാക്കി.