വാഹനപ്രേമികളുടെ സ്വപ്‍നഭൂമിയാണ് മുകേഷ് അംബാനിയുടെ വാഹനഗാരേജ്. ലോകത്തിലെ അത്യാധുനിക വാഹനങ്ങളെല്ലാം ഇവിടെയുണ്ട്. ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ അതിവേഗ കാറായ ഉറൂസ് കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെത്തുന്നത്. കാല്‍ നൂറ്റാണ്ടിന് ശേഷം ലംബോര്‍ഗിനി നിരയില്‍ പിറവിയെടുത്ത രണ്ടാം എസ്‌യുവിയായ ഉറൂസിന്‍റെ  എക്‌സ്‌ഷോറൂം വില ഏകദേശം മൂന്നു കോടി രൂപയാണ്.

ഇന്ത്യയിലെത്തിയ ഉടന്‍ അംബാനിയുടെ ഗാരേജിലുമെത്തിയ ഉറൂസ് അന്നേ വാര്‍ത്തകളില്‍ താരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വാഹനം സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്  ബോളീവുഡ് താരം രൺബീർ കപൂറിന്റെ ഒരു വിീഡിയോയിലൂടെയാണ്.  ഈ ഉറൂസില്‍ കറങ്ങുന്ന രണ്‍ബീറിന്‍റെ വീഡിയോ ആണ് വൈറലാകുന്നത്. സുഹൃത്തും വാഹന ഉടമയുമായ അംബാനി പുത്രന്‍ ആകാശ് അംബാനിയെ ഒപ്പം ഇരുത്തിയാണ് രൺബീറിന്റെ വാഹനയോട്ടം. 

4.0 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ ഹൃദയം. 6,000 ആര്‍പിഎമ്മില്‍ 641 ബിഎച്ച്പി കരുത്തും 2,2504,500 ആര്‍പിഎമ്മില്‍ 850 Nm ടോര്‍ഖും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും.

3.6 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറൂസിന് സാധിക്കും. മണിക്കൂറില്‍ 305 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗത.

ആറ് ഡ്രൈവിംഗ് മോഡുകളുണ്ട് ഉറൂസില്‍. ഇതില്‍ സാബിയ (മണല്‍), ടെറ (ഗ്രാവല്‍), നിവി (മഞ്ഞ്) എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഓഫ്‌റോഡിംഗ് ലക്ഷ്യമിട്ടുള്ളതാണ്. 5,112 മി.മീ നീളവും, 2,016 മി.മീ വീതിയും, 1,683 മി.മീ ഉയരവുമാണ് എസ്‌യുവിക്കുള്ളത്. 3,003 മി.മീ നീളമേറിയതാണ് വീല്‍ബേസ്.