ക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഇന്ത്യയിലെ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ വിഭാഗത്തിലെ ജനപ്രിയ മോഡലാണ് ഹിമാലയൻ.  ഇപ്പോഴിതാ ചൈനയിൽ റോയൽ എൻഫീൽഡ് ഹിമാലയന്റെ അപരൻ ഇറങ്ങിയതായി റിപ്പോർട്ട്. പ്രീമിയം ലുക്കിലാണ് ചൈനീസ് അപരന്റെ വരവ്. ചൈനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹാൻവേ ആണ് ഹിമാലയനെ കോപ്പി അടിച്ച് ജി30 എന്ന പേരിൽ അഡ്വഞ്ചർ ബൈക്ക് പുറത്തിറക്കിയത് എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സ്റ്റാൻഡേർഡ്, ജി30-എക്‌സ് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ജി30 ലഭ്യമാണ്. ഹാൻവേ ജി30-യുടെ ജി30-എക്‌സിൽ ട്യൂബ്-ലെസ്സ് ആയ വയർ സ്പോക്ക് വീലുകൾ, ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോൾ തുടങ്ങിയ ഫീച്ചറുകൾ ഉണ്ട്. ഹിമാലയൻ ആരാധകർ 2021 മോഡലിൽ പ്രതീക്ഷിച്ച പല ഫീച്ചറുകളും ഇതിലുണ്ട്. 

ഹാൻവേ ജി30-യിൽ 26.5 പിഎസ് പവറും, 22 എൻഎം ടോർക്കും നിർമ്മിക്കുന്ന 249.2 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ-സിലിണ്ടർ എൻജിൻ ആണ്. ഹിമാലയനിൽ 411 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് ഫ്യുവൽ ഇൻജെക്ഷൻ എൻജിൻ ആണ് ഉള്ളത്. ഹിമാലയന് 14 ലിറ്റർ പെട്രോൾ ടാങ്ക് ആണെങ്കിൽ ഹാൻവേ ജി30-യ്ക്ക് 19 ലിറ്റർ പെട്രോൾ ടാങ്ക് ആണ്. 35 എംഎം അപ്സൈഡ് ഡൗൺ മുൻ സസ്‌പെൻഷനും, മോണോ പിൻ സസ്പെൻഷനും ആണ് ഹാൻവേ ജി30-യ്ക്ക്. 280 എംഎം ഡിസ്ക് മുൻചക്രത്തിലും 240 എംഎം ഡിസ്ക് പിൻചക്രത്തിലും ഡ്യുവൽ ചാനൽ എബിഎസ്സിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു. 17,280 യുവാൻ (ഏകദേശം 1.92 ലക്ഷം) ആണ് ഹാൻവേ ജി30-യുടെ വില. റോയൽ എൻഫീൽഡ് തങ്ങളുടെ ബൈക്ക് ശ്രേണിയിലെ ഏക അഡ്വഞ്ചർ മോഡൽ ആയ ഹിമാലയന്റെ പരിഷ്കരിച്ച പതിപ്പ് കഴിഞ്ഞ മാസമാണ് വില്പനക്കെത്തിച്ചത്.

വാഹന നിര്‍മ്മാണ മേഖലയിലെ ചൈനയുടെ കോപ്പിയടി കുപ്രസിദ്ധമാണ്. ലോകത്തിലെ മുന്‍നിര കമ്പനികളുടെ കാറുകളെ അതേ രൂപത്തില്‍ കോപ്പിയടിക്കുന്ന ചൈനീസ് കമ്പനിയുടെ രീതിക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. തങ്ങളുടെ വാഹന മോഡൽ കോപ്പിയടിച്ചതിന് ചൈനീസ് വാഹന നിർമാതാവിനെതിരെ ജഗ്വാർ ലാൻഡ് റോവർ കോടതിയിൽ നിന്ന് അനുകൂല വിധി നേടിയത് അടുത്തിടെയാണ്. പക്ഷേ കേസുകളും പരിഹാസങ്ങളുമൊന്നും ചൈനീസ് കമ്പനികളുടെ ചങ്കിനെ ഉലയ്ക്കാറില്ല, കോപ്പിയടി നിര്‍ബാധം തുടരുകയാണ് അവരുടെ രീതി. പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളില്‍ ഈ ചൈനീസ് വാഹനങ്ങള്‍ സൂപ്പര്‍ഹിറ്റുമാണ്. കുറഞ്ഞവിലയില്‍ ലഭിക്കുമെന്നതു തന്നെ കാരണം.  ഇത്തരം കോപ്പിയടികള്‍ ചൈനയിൽ സാധാരണവും വ്യാപകവുമാണെങ്കിലും ഇതിനെതിരെ മിക്ക വിദേശ വാഹന നിർമാതാക്കളും മൗനം പാലിക്കുകയാണ് പതിവ്.