പുതുവര്‍ഷം അടുത്തതോടെ വാഹനങ്ങള്‍ക്ക് വില കൂട്ടാനൊരുങ്ങുകയാണ് മിക്ക വാഹന നിര്‍മ്മാതാക്കളും.  ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയും ഇന്ത്യയിലെത്തിക്കുന്ന വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുകയാണ്. 2020 ജനുവരി ഒന്ന് മുതല്‍ റെനോയുടെ എല്ലാ മോഡലുകള്‍ക്കും പുതിയ വില പ്രാബല്യത്തില്‍ വരുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

വാഹനങ്ങളുടെ നിര്‍മാണ ചിലവ് ഉയര്‍ന്നതാണ് വില ഉയര്‍ത്താനുള്ള പ്രധാന കാരണമായി റെനോ പറയുന്നത്. അതേസമയം, അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുന്ന ബിഎസ്-6 എന്‍ജിന്‍, സുരക്ഷാ മാനദണ്ഡം തുടങ്ങിയവ വീണ്ടും വില ഉയരാന്‍ കാരണമാകുമെന്നും സൂചനയുണ്ട്. എത്ര ശതമാനമാണ് കൂടുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

അടുത്തിടെ പുറത്തിറങ്ങിയ റെനോ കാറുകളായ ക്വിഡ്, ട്രൈബര്‍ മോഡലുകളുടെയും വില ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനുപുറമെ, ഡസ്റ്റര്‍, ക്യാപ്ച്ച്വര്‍, ലോഡ്ജി എന്നീ വാഹനങ്ങളുടെയും വിലയില്‍ വര്‍ധനവുണ്ട്.

അടുത്തിടെ അവതരിപ്പിച്ച ട്രൈബറിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് നവംബര്‍ മാസത്തെ വില്‍പ്പനയില്‍ റെനോക്ക് 77 ശതമാനത്തിന്റെ വളര്‍ച്ച സ്വന്തമാക്കിയിരുന്നു. 2019 ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ 18,511 ട്രൈബറുകളാണ് നിരത്തിലെത്തിയത്. പ്രതിമാസം ശരാശരി 4600 യൂണിറ്റ് വീതം പുറത്തിറങ്ങിയെന്നാണ് കണക്ക്. നവംബര്‍ വില്‍പ്പനയില്‍ ക്വിഡിനെ മറികടന്ന് ബെസ്റ്റ് സെല്ലിങ് റെനോ കാര്‍ എന്ന ബഹുമതി ട്രൈബര്‍ സ്വന്തമാക്കി. 6071 ട്രൈബറാണ് നവംബറില്‍ പുറത്തിറങ്ങിയത്.

രാജ്യത്തെ മറ്റു വാഹന നിര്‍മാതാക്കളും വില ഉയര്‍ത്തുന്നുണ്ട്. ഹ്യുണ്ടായിയും മാരുതി സുസുക്കിയും ടാറ്റ മോട്ടോഴ്‍സുമൊക്കെ ജനുവരി മുതല്‍ വില വര്‍ധന നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വിവിധ ഉൽപ്പാദന ചെലവുകൾ വർദ്ധിക്കുകയും അതിന് ആനുപാതികമായി ലാഭം ഉണ്ടാവാതിരിക്കുകയും ചെയ്‍ത സാഹചര്യത്തിലാണ് വിവിധ മോഡലുകളുടെ വില വർദ്ധിപ്പിക്കാൻ  തീരുമാനിച്ചതെന്ന് മാരുതി അധികൃതർ റെഗുലേറ്ററി ഫയലിങ്ങിൽ വ്യക്തമാക്കിയിരുന്നു.

വാഹനങ്ങള്‍ ബിഎസ്6 എഡിഷനിലേക്ക് മാറുന്നതോടെ ജനുവരി മുതല്‍ കാറുകള്‍ക്ക് വില കൂടുമെന്നാണ് ടാറ്റ മോട്ടോഴ്‌സിന്റെ യാത്രാ വാഹന ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീഖാണ് വ്യക്തമാക്കിയത്. വര്‍ധിക്കുന്ന നിരക്ക് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരിയാണെന്നും ഏകദേശം 10,000 മുതല്‍ 15,000 രൂപ വരെ വില ഉയരാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരിയില്‍ വാഹനങ്ങളുടെ വില ഉയര്‍ത്തുമെന്ന് കിയ മോട്ടോഴ്‍സ് മുമ്പുതന്നെ അറിയിച്ചിരുന്നു.