ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ കോംപാക്ട് എസ്‍യുവി ഡസറ്റര്‍ പുത്തന്‍ ടര്‍ബോ എഞ്ചിനുമായി വിപണിയില്‍ 

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ കോംപാക്ട് എസ്‍യുവി ഡസറ്റര്‍ പുത്തന്‍ ടര്‍ബോ എഞ്ചിനുമായി വിപണിയില്‍ എത്തി. 1.3 ലിറ്റർ എഞ്ചിനാണ് റെനോ ഡസ്റ്റർ ടർബോ-പെട്രോൾ വേരിയന്റിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 154 bhp പവറും 254 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവലും സിവിടി യൂണിറ്റും ഗിയർബോക്സ് ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. രണ്ടാമത്തേതിൽ ഏഴ് സ്പീഡ് മാനുവൽ മോഡും ഉൾപ്പെടുന്നു. ഡസ്റ്റർ ടർബോ-പെട്രോൾ അഞ്ച് മോഡലുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

RXE MT പതിപ്പിന് 10.49 ലക്ഷം രൂപയും RXS MT 11.39 ലക്ഷം, RXZ MT 11.99 ലക്ഷം, RXS CVT 12.99 ലക്ഷം, RXZ CVT 13.59 ലക്ഷം രൂപ എന്നിങ്ങനെയാണ് ഡസ്റ്റർ 1.3 ടർബോ-പെട്രോൾ വേരിയന്റുകളുടെ എക്സ്ഷോറൂം വില. 

മാനുവൽ, സിവിടി പതിപ്പുകൾ യഥാക്രമം 16.5 കിലോമീറ്റർ, 16.42 കിലോമീറ്റർ ഇന്ധനക്ഷമതയാണ് വാഗ്‍ദാനം ചെയ്യുന്നത്. എഞ്ചിനിലെ മാറ്റങ്ങൾ ഒഴിച്ചുനിർത്തിയാൽ റെനോ ഡസ്റ്ററിന്റെ പുറംമോടിയിൽ ഫ്രഞ്ച് കമ്പനി കാര്യമായ പരിഷ്ക്കരണങ്ങളൊന്നും പരിചയപ്പെടുത്തുന്നില്ല. 

എങ്കിലും മുൻ ഗ്രില്ലിലെ ക്രിംസൺ റെഡ് ആക്സന്റുകൾ, ഫ്രണ്ട് ബമ്പർ, മേൽക്കൂര റെയിലുകൾ, ഫോഗ് ലാമ്പ് ക്ലസ്റ്റർ, ടെയിൽ-ഗേറ്റ് അലങ്കാരങ്ങൾ എന്നിവ റെനോ ഡസ്റ്റർ ടർബോ-പെട്രോൾ വേരിയന്റിനെ അല്‍പ്പമെങ്കിലും വ്യത്യസ്‌തമാക്കുന്നു. അതോടൊപ്പം ബോഡി കളർ ഒ‌ആർ‌വി‌എമ്മുകൾ, പുതിയ 17 ഇഞ്ച് അലോയ് വീലുകൾ, കറുത്ത മേൽക്കൂര റെയിലുകൾ എന്നിവയും ഓഫറിൽ ലഭ്യമാണ്.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വോയ്‌സ് റെക്കഗ്നിഷൻ, ക്രൂയിസ് കൺട്രോൾ, അർക്കാമിസ് സോഴ്‌സ്ഡ് ഫോർ സ്പീക്കർ, രണ്ട് ട്വീറ്റർ മ്യൂസിക് സിസ്റ്റം, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ എന്നിവ ഉൾക്കൊള്ളുന്ന ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് റെനോ ഡസ്റ്റർ ടർബോ-പെട്രോൾ പതിപ്പിന്റെ അകത്തളത്തിൽ. 

ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, സ്പീഡ് അലേർട്ട് സിസ്റ്റം, സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തൽ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഇഎസ്പി, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവ റെനോ ഡസ്റ്ററില്‍ സുരക്ഷയൊരുക്കും. 

2020 മാര്‍ച്ചിലാണ് ബിഎസ് 6 പാലിക്കുന്ന ഡസ്റ്റര്‍ പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കി ആര്‍എക്‌സ്ഇ, ആര്‍എക്‌സ്എസ്, ആര്‍എക്‌സ്ഇസഡ് എന്നീ മൂന്ന് പെട്രോള്‍ വേരിയന്റുകളില്‍ മാത്രമാണ് 2020 റെനോ ഡസ്റ്റര്‍ ലഭിക്കുന്നത്. 

ഏപ്രില്‍ മാസത്തോടെ പുതിയ ടര്‍ബോ മോഡലിനെ വിപണിയില്‍ അവതരിപ്പിക്കാനായിരുന്നു റെനോയുടെ തീരുമാനം. എന്നാല്‍ കൊവിഡ്-19 നെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൌണിൽ അവതരണം വൈകുകയായിരുന്നു. ഹ്യുണ്ടായി ക്രെറ്റ, മാരുതി ബ്രെസ, നിസാന്‍ കിക്‌സ് തുടങ്ങിയവരാണ് ഇന്ത്യന്‍ വിപണിയില്‍ ഡസ്റ്ററിന്‍റെ മുഖ്യ എതിരാളികള്‍.