Asianet News MalayalamAsianet News Malayalam

പടക്കുതിര എത്തുന്നു, റെനോ തുറക്കുന്നത് പുതിയ 500 ഡീലര്‍ഷിപ്പുകള്‍!

കിഗര്‍ കൂടി എത്തുന്നതോടെ ഇന്ത്യന്‍ വാഹന വിപണിയില്‍ കരുത്തുറ്റ സാന്നിധ്യമാകാനാണ് റെനോയുടെ നീക്കം

Renault India sales network expands to 500 touch points in 2020
Author
Mumbai, First Published Jan 22, 2021, 9:53 AM IST

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവി കിഗറിന്റെ അവതരണം ഈ മാസം 28-ന് നടക്കാനിരിക്കുകയാണ്. കിഗര്‍ കൂടി എത്തുന്നതോടെ ഇന്ത്യന്‍ വാഹന വിപണിയില്‍ കരുത്തുറ്റ സാന്നിധ്യമാകാനാണ് റെനോയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ ഉടനീളം 500 സെയില്‍സ് പോയന്റുകളും 475 സര്‍വീസ് പോയന്റുകളും പുതുതായി തുറക്കാനാണ് കമ്പനിയുടെ നീക്കമെന്ന് ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 
സര്‍വീസ് പോയന്റുകളില്‍ 200-ല്‍ അധികം വര്‍ക്ക്‌ഷോപ്പ് ഓണ്‍ വീല്‍സ് ആയിരിക്കുമെന്നും റെനോ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

2020-ന്റെ അവസാനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റെനോ 40 പുതിയ സെയില്‍സ് ആന്‍ഡ് സര്‍വീസ് ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചിരുന്നു. ഇന്ത്യയിലെ പ്രവര്‍ത്തനം കാര്യക്ഷമാക്കുന്നതിനായാണ് ഡീലര്‍ഷിപ്പുകളുടെ എണ്ണം ഉയര്‍ത്തുന്നത്. ഇതോടെ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലേക്ക് പോലും റെനോയുടെ നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ട്രൈബര്‍ കോംപാക്ട് എംപിവിയും കിഗര്‍ കോംപാക്ട് എസ്‍യുവിയും ഉപയോഗിച്ച് 2021 ല്‍ ഗ്രാമീണ വിപണി പിടിക്കാനാണ് റെനോ ലക്ഷ്യമിടുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഗ്രാമീണ വിപണികളില്‍ 30 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിച്ചതായി റെനോ ഇന്ത്യ പറയുന്നു.  നിലവില്‍, വില്‍പ്പന ശൃംഖല 390ലധികം ഷോറൂമുകളിലേക്കും 470 സേവന ഔട്ട്ലെറ്റുകളിലേക്കും (200ലധികം വര്‍ക്ക്ഷോപ്പ് ഓണ്‍ വീല്‍സ്) വിപുലീകരിക്കുന്ന പ്രക്രിയയിലാണ് കമ്പനിയെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കമ്പനിയുടെ റെനോ സ്‌റ്റോര്‍ എന്ന കണ്‍സെപ്റ്റിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഡീലര്‍ഷിപ്പുകള്‍ ഒരുങ്ങിയിട്ടുള്ളത്. ന്യൂജനറേഷന്‍ ഡീലര്‍ഷിപ്പ് സംവിധാനമാണ് റെനോ സ്‌റ്റോര്‍ എന്ന ആശയം. റെനോയുടെ ബ്രാന്റ്, പ്രൊഡക്ട്, ആക്‌സസറികള്‍ എന്നിവ കൂടുതല്‍ ഹൈലൈറ്റ് ചെയ്യുന്ന രീതിയിലാണ് ഈ കണ്‍സെപ്റ്റ് ഒരുക്കിയിട്ടുള്ളതെന്നും റെനോ ഇന്ത്യ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

നിലവിലെ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിയും ഡീലര്‍ഷിപ്പുകളില്‍ ഒരുക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കല്‍, താപനില പരിശോധന, വാഹനങ്ങള്‍, മീറ്റിങ്ങ് റൂമുകള്‍ തുടങ്ങിയവയുടെ സാനിറ്റൈസേഷന്‍, മാസ്‌ക്, ഗ്ലൗസ് എന്നിവയും ഡീലര്‍ഷിപ്പുകളില്‍ ഒരുക്കിയിട്ടുണ്ട്.

ജനുവരി 28-ന് ഇന്ത്യയില്‍ എത്തുന്ന കിഗറിലാണ് കമ്പനിയുടെ പുതിയ പ്രതീക്ഷ. ഈ വാഹനം ആഗോളതലത്തില്‍ പോലും ശ്രദ്ധനേടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഇന്ത്യയിലെ വാഹന വിപണിയുടെ 50 ശതമാനവും കൈയാളുന്ന ബി സെഗ്മെന്റിലാണ് കിഗര്‍ എത്തുന്നത്. ഈ വാഹനത്തിലൂടെ വിപണിയില്‍ ശ്രദ്ധേയ സ്ഥാനം ലഭിക്കുമെന്നാണ് റെനോ പ്രതീക്ഷിക്കുന്നത്. 

അമേരിക്കൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു തരം കുതിരയാണ് കിഗർ. വരാനിരിക്കുന്ന വാഹനം കരുത്തനാണെന്ന സൂചനയാണ് റെനോ ഈ പേരിലൂടെ നല്‍കുന്നത്.  അടുത്തിടെ ചെന്നൈയില്‍ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ട്രൈബറില്‍ നിന്നും ഡസ്റ്ററില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈനിലായിരിക്കും കിംഗര്‍ ഒരുങ്ങുക. മൂന്ന് തട്ടുകളായുള്ള ഗ്രില്ല്, പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്‌കിഡ് പ്ലേറ്റ്, ഉയര്‍ന്ന ബോണറ്റ്, ബ്ലാക്ക് ക്ലാഡിങ്ങ് തുടങ്ങിയവ ഉപയോഗിച്ചായിരിക്കും ഈ വാഹനത്തിന്റെ എക്‌സ്റ്റീരിയര്‍ മോടിപിടിപ്പിക്കുക. ട്രൈബറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അകത്തളവും ഒരുങ്ങുന്നത്. സ്പേസാണ് ഇതിലെ പ്രത്യേകത. പുതുമയുള്ള ഡിസൈന്‍ ആണ് എ,സി വെന്റുകളുടെത്. ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇതില്‍ ലഭിക്കുന്നു. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, കൂള്‍ഡ് ഗ്ലോബോക്സ് എന്നിവ ഇന്റീരിയറിൽ ലഭിക്കും. ടച്ച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ഓഡിയോ കൺട്രോൾ, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയ്ക്കൊപ്പം കണക്റ്റഡ് കാർ സാങ്കേതികവിദ്യയും കിഗറിൽ പ്രതീക്ഷിക്കാം. 

71 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനായിരിക്കും കിംഗറിന്‍റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്‍മിഷനുകളും ഈ കോംപാക്ട് എസ്‌യുവിയില്‍ ഒരുക്കും. യുകെ സ്‌പെക് റെനോ കാപ്ചറില്‍ ഈ മോട്ടോര്‍ 99 ബിഎച്ച്പി കരുത്തും 160 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. എച്ച്ബിസി എസ്‌യുവിയിലെ പവര്‍, ടോര്‍ക്ക് കണക്കുകള്‍ ലഭ്യമായിട്ടില്ല. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ്, എഎംടി എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.  

മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍ എന്നീ വാഹനങ്ങളാകും മുഖ്യ എതിരാളികള്‍. 4.99 ലക്ഷം രൂപ മുതല്‍ 9.45 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്‍റെ എക്‌സ്-ഷോറൂം വില. പുതുതായി പുറത്തിറക്കിയ നിസാന്‍ മാഗ്‌നൈറ്റിനേക്കാള്‍ അല്‍പ്പം വില കൂടുതലായിരിക്കും ഇത്. ഒരുപക്ഷേ 5.50 ലക്ഷം രൂപ മുതല്‍ റെനോ കിഗര്‍ വില ആരംഭിച്ചേക്കാം എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Follow Us:
Download App:
  • android
  • ios