ഇന്ത്യന്‍ നിരത്തുകളില്‍ ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ റെനോയുടെ യശസ് ഉയര്‍ത്തിയ ജനപ്രിയ ഹാച്ച് ബാക്കാണ് ക്വിഡ്. ഇതുവരെ 3.5 ലക്ഷം ക്വിഡുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍. ഈ നേട്ടം ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. 

ഈ ആഘോഷങ്ങളുടെ ഭാഗമായി ക്വിഡിന്‍റെ ഒരു പുതിയ വേരിയന്റ് തന്നെയാണ് റെനോ അവതരിപ്പിച്ചിരിക്കുന്നത്. ക്വിഡ് 1.0 ലിറ്റര്‍ എന്‍ജിന്‍ മോഡലിന്റെ RXL വേരിയന്റാണ് എത്തിയിട്ടുള്ളത്.  ക്വിഡിന്റെ 1.0 ലിറ്റര്‍ പതിപ്പില്‍ ഏറ്റവും വില കുറഞ്ഞ മോഡലാണ് RXL. രണ്ട് ട്രാന്‍സ്മിഷനുകളിലുമെത്തുന്ന ഈ വേരിയന്റിന്റെ മാനുവല്‍ പതിപ്പിന് 4.16 ലക്ഷം രൂപയും ഓട്ടോമാറ്റിക് പതിപ്പിന് 4.88 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഓട്ടോമാറ്റിക്- മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ഈ പതിപ്പ് എത്തും.

ക്വിഡിന്റെ രണ്ടാംതലമുറ മോഡലിന്റെ അടിസ്ഥാനമാക്കിയാണ് ഈ വേരിയന്റും എത്തുന്നത്. ആദ്യമെത്തിയ ക്വിഡിനെ പൂര്‍ണമായും പൊളിച്ച് പണിഞ്ഞാണ് രണ്ടാം തലമുറ എത്തിയത്. പുതിയ ഗ്രില്ല്, ഗ്രില്ലിനോട് ചേര്‍ന്ന് സ്ഥാനം പിടിച്ചിരിക്കുന്ന ഡിആര്‍എല്‍, ബംബറിലേക്ക് സ്ഥാനം മാറിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബംബര്‍, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് ക്വിഡിന്റെ മുഖഭാവം.

1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഇപ്പോഴെത്തിയ RXL വേരിയന്റിന്‍റെ ഹൃദയം. ഈ എന്‍ജിന്‍ 67 ബിഎച്ച്പി പവറും 91 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം, ക്വിഡിന്റെ 0.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡല്‍ 53 ബിഎച്ച്പി പവറും 72 എന്‍എം ടോര്‍ക്കുമാണ് സൃഷ്‍ടിക്കുന്നത്. RXL വേരിയന്റ് എത്തിയതോടെ 1.0 ലിറ്റര്‍ എന്‍ജിന്‍ ക്വിഡിന് അഞ്ച് വേരിയന്റുകളാണുള്ളത്.

കൂടുതല്‍ പരിഷ്‍കാരങ്ങളോടെ പുതിയ റെനോ ക്വിഡ് 2019 ഒക്‌ടോബറില്‍ വിപണിയിലെത്തിയിരുന്നു. ചൈനയിൽ പറത്തിറങ്ങിയ റെനൊയുടെ ഇലക്ട്രിക് കാർ കെഇസഡ്–ഇയോട് വളരെ അധികം സാമ്യമുണ്ട് വാഹനത്തിന്. 3735 മില്ലിമീറ്റര്‍ നീളവും പുതിയ ക്വിഡിനുണ്ടാവും. 

പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, നിരവധി പുതിയ ഫീച്ചറുകള്‍ എന്നിവയോടെയാണ് പുതിയ ക്വിഡ് എത്തിയത്. പുതിയ ഫാബ്രിക് സീറ്റുകള്‍, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി സഹിതം 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ലഭിച്ചു. 

റിവേഴ്‌സ് പാര്‍ക്കിംഗ് കാമറ, റിയര്‍ സീറ്റ് ആം റെസ്റ്റ് എന്നിവയും നല്‍കി. ഡ്രൈവര്‍സൈഡ് എയര്‍ബാഗ്, ഇബിഡി സഹിതം എബിഎസ്, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്. 

ബ്ലാക്ക് ഫിനീഷിങ്ങ് വീല്‍ ആര്‍ച്ച്, ഓറഞ്ച് നിറത്തിലുള്ള സൈഡ് മിറര്‍, ക്ലാഡിങ്ങുകള്‍, ബ്ലാക്ക് ഫിനീഷിങ്ങ് പില്ലറുകള്‍, ഡ്യുവല്‍ ടോണ്‍ റൂഫ് റെയില്‍, പുതിയ അലോയി വീൽ എന്നിവ നല്‍കിയാണ് പുതിയ ക്വിഡിന്റെ വശങ്ങള്‍ അലങ്കരിച്ചിരിക്കുന്നത്. പിന്‍ഭാഗത്ത് കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 

ക്രോംപിയാനോ ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ നിറത്തിലുള്ള ഇന്റീരിയറാണ് പുതിയ ക്വിഡിലുള്ളത്. എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും, ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്ങ് വീലും, രണ്ട് നിറങ്ങളിലുള്ള സീറ്റുകളുമാണ് ക്വിഡിന്റെ ഇന്റീരിയറിനെ സമ്പന്നമാക്കുന്നത്. ഇതിനൊപ്പം എബിഎസ്-ഇബിഡി, സെന്‍സറുകള്‍ എന്നിവ സുരക്ഷയൊരുക്കും.

ഇന്ത്യന്‍ നിരത്തുകളില്‍ ചെറുകാറുകളുടെ ആവശ്യം ഉയരുന്നത് കണക്കിലെടുത്താണ് ക്വിഡിന്റെ പുതിയ വേരിയന്റ് എത്തിയതെന്നാണ് റെനോ വ്യക്തമാക്കുന്നത്. മാരുതി സുസുകി എസ്-പ്രെസോ, ഹ്യുണ്ടായ് സാന്‍ട്രോ, ടാറ്റ ടിയാഗോ എന്നിവയാണ് ക്വിഡിന്‍റെ എതിരാളികള്‍.