Asianet News MalayalamAsianet News Malayalam

ഇന്ത്യയിലുണ്ടാക്കിയ വാഹനങ്ങളെ ഈ കമ്പനി കടല്‍ കടത്തുന്നു!

ആദ്യ ബാച്ച് കയറ്റുമതിയിൽ 600 യൂണിറ്റുകളാണുള്ളത്. 

Renault Triber exports from India start
Author
Mumbai, First Published Dec 25, 2019, 9:20 PM IST

ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനോ 2019 ഓഗസ്റ്റിലാണ് ട്രൈബറിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. വാഹന വിപണിയിലെ കടുത്ത മാന്ദ്യത്തിനിടയിലും റെനോ നേട്ടമുണ്ടാക്കിത് ട്രൈബറിന്‍റെ വില്‍പ്പനയിലൂടെയായിരുന്നു.

ഇപ്പോഴിതാ ഇന്ത്യയില്‍ നിന്നും ട്രൈബറിന്‍റെ കയറ്റുമതിയും തുടങ്ങിയിരിക്കുകയാണ് റെനോ. ദക്ഷിണാഫ്രിക്കയിലേക്കുള്ള ട്രൈബർ കയറ്റുമതിയാണ് കമ്പനി ആരംഭിച്ചത്. ആദ്യ ബാച്ച് കയറ്റുമതിയിൽ 600 ട്രൈബർ യൂണിറ്റുകളാണുള്ളത്. ആവശ്യാനുസരണം വരും മാസങ്ങളിൽ ഈ കണക്ക് ഉയരും എന്നും കമ്പനി അറിയിച്ചു.

20,000 -ത്തിലധികം ട്രൈബർ യൂണിറ്റുകൾ ഇതിനകം ഇന്ത്യൻ റോഡുകളിൽ ഉള്ളതിനാൽ മറ്റ് ആഫ്രിക്കൻ, SAARC (സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ സഹകരണം) രാഷ്ട്രങ്ങളിലും വാഹനം വലിയ വിജയമായിരിക്കുമെന്ന് റെനോ ഇന്ത്യ CEO & MD -യുമായ വെൻട്രാം മാമിലപ്പള്ളേ പറഞ്ഞു.

2019 ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ 18,511 ട്രൈബറാണ് നിരത്തിലെത്തിയത്. പ്രതിമാസം ശരാശരി 4600 യൂണിറ്റ് വീതം പുറത്തിറങ്ങിയെന്നാണ് കണക്ക്. നവംബര്‍ വില്‍പ്പനയില്‍ ക്വിഡിനെ മറികടന്ന് ബെസ്റ്റ് സെല്ലിങ് റെനോ കാര്‍ എന്ന ബഹുമതി ട്രൈബര്‍ സ്വന്തമാക്കി. 6071 ട്രൈബറാണ് നവംബറില്‍ പുറത്തിറങ്ങിയത്.

എംപിവി ശ്രേണിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് തൊട്ടുതാഴെയുള്ള സെഗ്‌മെന്റിലാണ് ട്രൈബറിന്റെ സ്ഥാനം. ലോഡ്‍ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് വാഹനമാണിത്. സിഎംഎഫ്–എ പ്ലാറ്റ് ഫോമില്‍ എത്തുന്ന വാഹനത്തിന് റെനോ ക്യാപ്ച്ചറുമായി ചെറിയ സാമ്യമുണ്ട്. ത്രീ സ്ലേറ്റ് ഗ്ലില്‍, സ്‌പോര്‍ട്ടി ബംബര്‍, റൂഫ് റെയില്‍സ്, ഹെഡ്‌ലൈറ്റ്, ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവയും വാഹനത്തെ വേറിട്ടതാക്കുന്നു. ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന ട്രൈബറില്‍ കുറഞ്ഞ വിലയാണ് പ്രധാന പ്രത്യേകത. 4.95 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ട്രൈബറിലുള്ളത്‌. 72 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണിത്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്‍സ്‍മിഷന്‍.  ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്‍റ് സിസ്റ്റം, ഡ്യുവൽ ടോൺ ഇന്റീരിയർ, റിയർ പാർക്കിങ് സെൻസറുകൾ, റിവേഴ്‍സ് ക്യാമറ തുടങ്ങിയവയും സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗ് കൂടാതെ സൈഡ് എയർബാഗുകളും സ്പീഡ് വാണിങ് സിസ്റ്റം തുടങ്ങിയവയും വാഹനത്തിലുണ്ട്. വാഹനത്തിന്‍റെ ഓട്ടോമാറ്റിക്ക് പതിപ്പും ഉടനെത്തിയേക്കും.

വാഹനത്തിനായി പുതിയ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിൻ കമ്പനി വികസിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഡസ്റ്റർ എസ്‌യുവിയിൽ ഉൾപ്പെടെ വിദേശത്ത് വിൽക്കുന്ന നിരവധി കാറുകളിൽ റെനോ വാഗ്ദാനം ചെയ്യുന്ന 1.3 ലിറ്റർ നാല് സിലിണ്ടർ SCe യൂണിറ്റിന്റെ ഡീട്യൂൺ ചെയ്‍ത  1.0 ലിറ്റർ മൂന്ന് സിലിണ്ടർ യൂണിറ്റായിരിക്കും ഈ പുതിയ പെട്രോൾ എഞ്ചിനെന്നും ആദ്യമിത് റെനോ ട്രൈബറിലാവും പരീക്ഷിക്കുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 
 

Follow Us:
Download App:
  • android
  • ios