പാഞ്ഞെത്തിയ കാര്‍ റോഡരികില്‍ നിന്ന സ്‍ത്രീ ഉള്‍പ്പെടെയുള്ളവരുടെ മേലേക്ക് പാഞ്ഞു കയറുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. ജലന്ധറിലെ പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്‍സിറ്റിക്ക് സമീപം നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പാഞ്ഞെത്തി നിയന്ത്രണം നഷ്‍ടപ്പെട്ട കാര്‍ റോഡരികിൽ നിന്ന ആളുകളുടെയും വാഹനങ്ങളുടെയും ഇടയിലേക്ക് ഇടിച്ചു കയറുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍.

അമിതവേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് റോഡരികിൽ നിന്ന് ആളുകളെ ഇടിച്ചതിന് ശേഷം മറ്റൊരു വാഹനത്തിൽ തട്ടി തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചെന്നും ഭർത്താവും മകനും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണെന്നുമാണ് റിപ്പോർട്ടുകള്‍.

കാറിന്‍റെ അമിതവേഗമാണ് ഒറ്റനോട്ടത്തില്‍ ഈ അപകടത്തിനു കാരണമെന്ന് പറയുമ്പോഴും ഇതിനെതിരെ വാദം ഉയര്‍ത്തി ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. റോഡ് കയ്യടിക്കി നിന്ന വാഹനങ്ങളും വഴി യാത്രികരുടെയും കൂടി പിഴവാണ് ഈ അപകടത്തിനു പിന്നില്‍ എന്നാണ് ഇവര്‍ വാദിക്കുന്നത്. റോഡിന്‍റെ ഇടു വശം ചേര്‍ന്ന് വരികയായിരുന്ന കാര്‍ റോഡില്‍ ആളുകളെയും നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളെയും കണ്ടപ്പോള്‍ വലത്തേക്ക് വെട്ടിച്ചാതെണന്നും അപ്പോള്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു എന്നുമാണ് ഇക്കൂട്ടരുടെ വാദം.