Asianet News MalayalamAsianet News Malayalam

ബുള്ളറ്റ് ഉടമകളേ ആശങ്ക വേണ്ട; റോയല്‍ എന്‍ഫീല്‍ഡുണ്ട് നിങ്ങളൊപ്പം!

വാഹനങ്ങളുടെ സര്‍വീസ്, വാറന്‍റി കാലാവധി നീട്ടി നല്‍കി ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡും

Royal Enfield extends free service and warranty validity
Author
Mumbai, First Published Apr 11, 2020, 12:00 PM IST

കൊവിഡ് 19 വൈറസ് ഭീതിയിലാണ് ലോകം. സമസ്‍ത മേഖലകളും അടഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ വാഹനങ്ങളുടെ സൗജന്യ സര്‍വീസ്, വാറന്‍റി കാലാവധിയെപ്പറ്റി ആശങ്കയിലായിരിക്കും മിക്ക ഉപഭോക്താക്കളും. എന്നാല്‍ ആശങ്ക വേണ്ട, മറ്റ് പല വാഹന നിര്‍മ്മാതാക്കളെയും പോലെ  വാഹനങ്ങളുടെ സര്‍വീസ്, വാറന്‍റി കാലാവധി നീട്ടി നല്‍കിയിരിക്കുകയാണ് ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡും.

രണ്ടുമാസത്തെ സാവകാശമാണ് റോയല്‍ എന്‍ഫീല്‍ഡിന്‍റെ വാഗ്‍ദാനം. മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ സര്‍വീസ് നഷ്ടപ്പെടുന്ന വാഹനങ്ങള്‍ക്ക് ജൂണ്‍ 30 വരെ സൗജന്യ സര്‍വീസ് ഒരുക്കും. അതുപോലെ ഈ സമയത്ത് വാറന്‍റി അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് ജൂണ്‍ 30 വരെ വാറണ്ടി നീട്ടി നല്‍കുകയും വാറന്‍റി പുതുക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യുമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. 

ലോക്ക്ഡൗണിനെ തുടര്‍ന്ന് ഈ മാസം പുറത്തിറങ്ങാനിരുന്ന പുതിയ റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350-യുടെ വരവും കമ്പനി നീട്ടിവെച്ചിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ ജെ10 പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന ഈ മോഡല്‍ തണ്ടര്‍ബേഡ് 350-യുടെ പകരക്കാരനായിരിക്കുമെന്നാണ് സൂചനകള്‍. ബിഎസ്-6 എന്‍ജിനും പുതിയ ഡിസൈനുമാണ് ഇതിലെ ഹൈലൈറ്റ്.

ഇന്ത്യയിലെ എല്ലാ വാഹനനിര്‍മാതാക്കളും വാഹനങ്ങളുടെ സര്‍വീസിന് കൂടുതല്‍ സമയം അനുവദിക്കുകയും വാറന്‍റി നീട്ടിനല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ്, യമഹ, ബജാജ്, ഹോണ്ട, ഹീറോ, കെടിഎം തുടങ്ങിയ കമ്പനികളും സര്‍വീസും വാറന്‍റിയും നീട്ടി നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, ബജാജ്, ഹോണ്ട, ഹീറോ തുടങ്ങിയ കമ്പനികള്‍ കൊറോണ പ്രതിരോധനത്തിനായി ധനസഹായവും പ്രഖ്യാപിച്ചു.

മാര്‍ച്ച് 20 നും ഏപ്രില്‍ 30 നുമിടയില്‍ വാറന്റിയും സൗജന്യ സര്‍വീസ് കാലയളവും അവസാനിക്കുന്ന ഇരുചക്ര വാഹന ഉപയോക്താക്കള്‍ക്ക് മെയ് 31 വരെയാണ് ബജാജ് ഓട്ടോ സമയം നീട്ടി നല്‍കിയത്. അതേ സമയം, ഏപ്രില്‍ 30 ന് അവസാനിക്കേണ്ട മൂന്നുചക്ര വാഹനങ്ങള്‍, ക്യൂട്ട് ക്വാഡ്രിസൈക്കിള്‍ എന്നിവ ഉള്‍പ്പെടെയുള്ള വാണിജ്യ വാഹനങ്ങളുടെ സൗജന്യ സര്‍വീസ്, വാറന്റി കാലയളവ് ബജാജ് രണ്ട് മാസത്തേക്ക് ദീര്‍ഘിപ്പിച്ചു.

കാലാവധി അവസാനിക്കുന്നതു മുതല്‍ 60 ദിവസത്തേക്ക് (ജൂണ്‍ വരെ) സര്‍വീസുകള്‍ നീട്ടിയതായിട്ടാണ് യമഹ വ്യക്തമാക്കിയത്. മാര്‍ച്ച് 15 നും ഏപ്രില്‍ 15 നുമിടയില്‍ സൗജന്യ സര്‍വീസുകളുടെ കാലാവധി തീരുന്ന ഉപയോക്താക്കള്‍ക്ക് ജൂണ്‍ വരെ നീട്ടിനല്‍കി. മാര്‍ച്ച് 15 നും ഏപ്രില്‍ 15 നുമിടയില്‍ സ്റ്റാന്‍ഡേഡ് വാറന്റി, എക്‌സ്റ്റെന്‍ഡഡ് വാറന്റി അവസാനിക്കുന്ന ഉപയോക്താക്കള്‍ക്ക് ജൂണ്‍ വരെ ദീര്‍ഘിപ്പിച്ചു. മാത്രമല്ല, മാര്‍ച്ച് 15 നും ഏപ്രില്‍ 15 നുമിടയില്‍ വാര്‍ഷിക പരിപാലന കരാര്‍ (എഎംസി) അവസാനിക്കുന്നവര്‍ക്കും യമഹ ജൂണ്‍ വരെ സമയം നല്‍കി.

ലോക്ക്ഡൗണ്‍ കാലത്ത് ഉപയോക്താക്കള്‍ക്കായി പ്രത്യേക സേവനങ്ങള്‍ ആരംഭിച്ചതായി ടിവിഎസ് മോട്ടോര്‍ കമ്പനി അറിയിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്ക് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെ 18002587111 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. ഇതേ നമ്പറില്‍ പാതയോര സഹായം 24 മണിക്കൂറും ലഭ്യമായിരിക്കും. മാത്രമല്ല, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ലഭിക്കേണ്ട സൗജന്യ സര്‍വീസ് ജൂണ്‍ വരെ ലഭ്യമായിരിക്കുമെന്ന് ടിവിഎസ് വ്യക്തമാക്കി. മാര്‍ച്ച് ഒന്നിനും ഏപ്രില്‍ 30 നും ഇടയില്‍ അവസാനിക്കുന്ന വാറന്റി ജൂണ്‍ 30 വരെ നീട്ടി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ലഭിക്കേണ്ട എഎംസി സര്‍വീസുകള്‍ ജൂണ്‍ വരെ ലഭ്യമായിരിക്കും.
 

Follow Us:
Download App:
  • android
  • ios