650 സിസി ശ്രേണിയിലേക്ക് ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് സ്ക്രാംബ്ളർ 650നെ ഉടൻ തന്നെ അവതരിപ്പിക്കും എന്ന് റിപ്പോര്‍ട്ട് . കമ്പനിയിൽ നിന്നും വിപണിയിലേക്ക് പുതുതായി എത്താൻ പോവുന്ന 14 മോഡലുകളിൽ ഒന്നാണ് സ്ക്രാംബ്ളർ.

റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളായ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 മോഡലുകള്‍ ഒരുങ്ങുന്ന അതേ പ്ലാറ്റ്‌ഫോമിലാണ് ഈ പുതിയ ബൈക്കും ഒരുങ്ങുന്നത്. ഓഫ് റോഡ് ബൈക്കുകളുടെ ഭാവവും സ്പോര്‍ട്ടി ഭാവവും കോര്‍ത്തിണക്കിയാണ് പുത്തന്‍ ബൈക്കിന്റെ ഡിസൈന്‍. ബൈക്കിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

റോഡ്സ്റ്റര്‍ ഡിസൈനില്‍ ഇന്റര്‍സെപ്റ്റര്‍ 650 വിപണിയില്‍ എത്തുമ്പോള്‍ കഫേ റേസര്‍ ഡിസൈനിലാണ് കോണ്ടിനെന്റല്‍ ജിടി 650 വിപണിയില്‍ എത്തുന്നത്. എന്നാല്‍ ഇതേ എഞ്ചിനും പ്ലാറ്റ്ഫോമും ഉപയോഗിച്ച് രണ്ട് വേരിയന്റുകള്‍ കൂടെ വിപണിയിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഒന്ന് ഒരു സ്ട്രീറ്റ് ബൈക്ക് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം സ്‌പോര്‍ട്ടി ലുക്കിലുള്ള കോണ്ടിനെന്റല്‍ ജിടി 650-യാവും മറ്റൊന്ന്.