സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ് 6 വാഹനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാനാകുകയുള്ളൂ.  ഈ സാഹചര്യത്തില്‍ പലരും ആശങ്കയിലാണ്. ഇപ്പോള്‍ വാങ്ങുന്ന ബിഎസ്4 വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നടപടി മാര്‍ച്ച് 31ന് മുമ്പ് തീര്‍ക്കാനാകുമോ എന്നതാണ് പലരുടെയു ഭയം. 

ബി.എസ്.-നാല് വാഹനങ്ങളുടെ വില്പന മാര്‍ച്ച് 31-ന് അവസാനിപ്പിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. എന്നാല്‍ ആശങ്ക വേണ്ട. ഈ സാഹചര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ജീവനക്കാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിരിക്കുകയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍. മാര്‍ച്ച് 31 വരെ വില്‍ക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നാല്‍ അധികസമയം ജോലിചെയ്യാനാണ് നിര്‍ദ്ദേശം. 

രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ തീര്‍ക്കുന്നതിനായി അവധി ദിവസങ്ങളില്‍ ഒരു ക്ലാര്‍ക്ക്, ഒരു എ.എം.വി.ഐ എന്നിവരെ ഡ്യൂട്ടിക്ക് പോസ്റ്റ് ചെയ്യണം. ഇങ്ങനെ ഡ്യൂട്ടിക്ക് കയറുന്നവര്‍ക്ക് ഏപ്രില്‍ ഒന്നിന് ശേഷം കോമ്പന്‍സേറ്ററി അവധി നല്‍കും. ബിഎസ്-4 വാഹനങ്ങള്‍ക്ക് താത്കാലിക രജിസ്‌ട്രേഷന്‍ ഒരു മണിക്കൂറിനുള്ളില്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്.

ബിഎസ്4 വാഹനങ്ങളുടെ വില്‍പ്പന മാര്‍ച്ച് 31-ന് അവസാനിക്കുന്നതു സംബന്ധിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കണം. ബിഎസ്4 വാഹനങ്ങളുമായി ബന്ധപ്പെട്ട ഒരു ഫയലും മാര്‍ച്ച് 31-നുശേഷം അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഷാസിയായും താത്കാലിക രജിസ്‌ട്രേഷനെടുത്തും വിറ്റു കഴിഞ്ഞ വാഹനങ്ങളുടെ സ്ഥിരം രജിസ്‌ട്രേഷന്‍ മാര്‍ച്ച് 31-നുള്ളില്‍ പൂര്‍ത്തിയാക്കിയെന്ന് ഓരോ ഓഫീസും ഉറപ്പാക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദ്ദേശമുണ്ട്.

സ്മാര്‍ട്ട് മൂവില്‍ അപേക്ഷ സമര്‍പ്പിക്കുകയും സ്ഥിര രജിസ്‌ട്രേഷന്‍ ലഭിക്കാത്തതുമായ വാഹനങ്ങള്‍ പരിശോധനിച്ച ശേഷം സ്മാര്‍ട്ട് മൂവിലോ, വാഹന്‍ സോഫ്റ്റ്‌വെയറിലോ രജിസ്റ്റര്‍ ചെയ്ത് നല്‍കാം. താത്കാലിക രജിസ്‌ട്രേഷന്‍ നേടിയ ശേഷം സ്ഥിര നമ്പര്‍ നേടാത്ത വാഹന ഉടമകളെ ഇക്കാര്യം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.