പുത്തന്‍ വണ്ടിക്ക് തുടര്‍ച്ചയായിയുണ്ടാവുന്ന തകരാര് പരിഹരിക്കപ്പെടാതെ വന്നതില്‍ ക്ഷുഭിതനായ യുട്യൂബര്‍ വയലിലിട്ട് കത്തിച്ചത് 2.4 കോടി വില വരുന്ന മെഴ്സിഡീസ് കാര്‍. മിഖായേല്‍ ലിവ്ടിന്‍ എന്ന റഷ്യന്‍ യുട്യൂബറുടേതാണ് കടുത്ത നടപടി. ഒരുമാസം മുന്‍പാണ് മെഴ്സിഡീസിന്‍റെ എഎംജി ജി ടി 63 എസ് ഇയാള്‍ വാങ്ങുന്നത്. അടിപൊളി വീഡിയോ ചെയ്യാമെന്ന് പദ്ധതി ഇടുന്നതിനിടയില്‍ വാഹനം തകരാറിലായിയെന്നാണ് റഷ്യന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അഞ്ച് തവണയാണ് പുത്തന്‍ വാഹനത്തിലെ തകരാര്‍ നേരിട്ട് മിഖായേല്‍ വഴിയിലായത്. അഞ്ച് തവണ വാഹനത്തിന്‍റെ തകരാര്‍ യുട്യൂബിലൂടെ ഇയാള്‍ പങ്കുവച്ചിരുന്നു. ആറാമതും കാര്‍ വഴിയിലായതോടെയാണ് യുട്യൂബറുടെ നിയന്ത്രണം വിട്ടത്. വയലിന് നടുവിലേക്ക് ഓടിച്ച് കയറ്റിയ കാറില്‍ നിന്ന് പുറത്തിറങ്ങി ഡോര്‍ അടച്ച ശേഷം ഡിക്കിയില്‍ സൂക്ഷിച്ച് വടച്ച ഇന്ധനമെടുത്ത് പുറത്ത് വച്ചശേഷം കാറിന് വെളിയിലും അകത്തുമായി ഇന്ധനമൊഴിച്ച് കത്തിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്.

 

കത്തുന്ന കാറിന്‍റെ പശ്ചാത്തലത്തില്‍ ഭക്ഷണം കളിക്കുന്നതും വീഡിയോയിലുണ്ട്. ഇതിന് ശേഷം സമീപത്ത് നിര്‍ത്തിയിട്ട മറ്റൊരു വാഹനത്തിലിരുന്ന നാലുപേരേക്കൊണ്ട് തള്ളിക്കൊണ്ട് പോവുന്ന യുട്യൂബറേയും വീഡിയോയില്‍ കാണാം. ഏറെക്കുറെ പൂര്‍ണമായി കത്തുന്ന മെഴ്സിഡീസും വീഡിയോയില്‍ കാണിക്കുന്നുണ്ട്.

എന്നാല്‍ കാര്‍ കത്തിക്കുന്ന വീഡിയോ യുട്യൂബിലിട്ട് പരസ്യ വരുമാനം കൂട്ടാനുള്ള മിഖായേലിന്‍റെ വിദ്യയാണോയിതെന്ന് വ്യക്തമായിട്ടില്ല. ഈ വീഡിയോ യുട്യൂബില് വൈറലാവുകയും ചെയ്തിരുന്നു.