തൃശൂർ: ഓടിക്കൊണ്ടിരുന്ന സ്‍കൂള്‍ ബസിന്‍റെ പിൻചക്രങ്ങൾ ഊരിപ്പോയി. തലനാരിഴക്കാണ് വന്‍ദുരന്തം ഒഴിവായത്.  തൃശൂര്‍ കാഞ്ഞാണിയിലാണ് ഞെട്ടിക്കുന്ന സംഭവം.

എറവ് സെന്റ് ജോസഫ് സ്‍കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്‍റെ നാലു പിൻചക്രങ്ങളും ഊരി പോയി. വണ്ടി നിലത്തുരസി നിന്നപ്പോഴാണ് ഡ്രൈവർ അറിയുന്നത്. വണ്ടി മറിയാതിരുന്നതിനാല്‍ ബസിലുണ്ടായിരുന്നതിനാലാണ് വന്‍ദുരന്തം ഒഴിവായത്.  വിദ്യാർഥികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു.  മണലൂർ , കണ്ടശാംകടവ് മേഖലയിൽ നിന്നുള്ള  87 വിദ്യാർഥികളാണ് ബസിൽ ഉണ്ടായിരുന്നത് .  

അപകടസമയത്ത് ഇതുവഴി വന്ന മന്ത്രി വി എസ് സുനിൽകുമാർ പ്രശ്‍നത്തില്‍ ഇടപെട്ടു. ബസ് ഡ്രൈവർക്കെതിരെ കേസെടുക്കാൻ മന്ത്രി നിർദ്ദേശം നൽകി. ബസിന്റെ കാലപ്പഴക്കം സംബന്ധിച്ച് പലവട്ടം  സ്‍കൂള്‍ മാനേജ്മെനരിന് പരാതി  നല്‍കിയിരുന്നതായി രക്ഷിതാക്കൾ പറയുന്നു. അശ്രദ്ധമായി വാഹനമോടിച്ചതിന് ബസ് ഡ്രൈവര്‍ എല്‍ത്തുരുത്ത് സ്വദേശി റാഫേലിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.