പഴയ വാഹനം സ്ക്രാപിംഗ് നടത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതിയ വാഹനം വാങ്ങുന്നവർക്ക് ഇനിമുതല്‍ രജിസ്ട്രേഷൻ ഫീസ് നൽകേണ്ടി വരില്ല. കഴിഞ്ഞ ദിവസം റോഡ് ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിന്‍റെ കരട് നയത്തിലാണ് ഈ നിർദ്ദേശം. നിരത്തുകളില്‍ പഴയ വാണിജ്യ വാഹനങ്ങൾ നീക്കംചെയ്‍ത് വാഹന മലിനീകരണം തടയുക, ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പ്രചരണം കൊടുക്കുക തുടങ്ങിയ ലക്ഷ്യത്തോടെ രാജ്യത്തുടനീളമുള്ള വെഹിക്കിൾ സ്ക്രാപ്പിംഗ് ഏജൻസികളെ പ്രോത്സാഹിപ്പിക്കാനാണ് ഈ നീക്കം.

പുത്തന്‍ വാഹനം രജിസ്ട്രേഷനായി എത്തിക്കുമ്പോള്‍ അംഗീകൃത സ്ക്രാപ്പിംഗ് സെന്‍ററുകളോ ഏജൻസിയോ നൽകുന്ന സ്ക്രാപിംഗ് സർട്ടിഫിക്കറ്റ് കൂടെ ഹാജരാക്കിയാല്‍ പുത്തന്‍  വാഹനം രജിസ്ട്രേഷൻ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെടുമെന്നാണ് കരട് വിജ്ഞാപനത്തിലുള്ളത്. എന്നാൽ മുമ്പ് മറ്റേതെങ്കിലും കേസുകൾക്കായി ഉപയോഗിച്ച വാഹനങ്ങൾക്ക് സ്ക്രാപിംഗ് സർട്ടിഫിക്കറ്റ് ലഭിക്കില്ല. 

വാഹന രജിസ്ട്രേഷന്‍ ഫീസുകള്‍ കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതിനൊപ്പമാണ് ഈ ശുപാര്‍ശയുമെന്നതാണ് ശ്രദ്ധേയം. പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ചാര്‍ജ് 5,000 രൂപയും രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 10,000 രൂപയും ആക്കാനാണ് നീക്കം. നിലവില്‍ 600 രൂപയാണ് ഇതിനുള്ള ഫീസ്. പുതിയ ഇരുചക്രവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 1000 രൂപയാക്കാനും പഴയത് പുതുക്കാന്‍ 2000 രൂപയാക്കാനും കരട് വിജ്ഞാപനത്തില്‍ നിര്‍ദ്ദേശമുണ്ട്. നിലവില്‍ 50 രൂപയാണ് ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ചാര്‍ജ്. 

രജിസ്ട്രേഷന്‍ നിരക്കുകള്‍ കുത്തനെ കൂട്ടുന്ന സാഹചര്യത്തില്‍ പഴയ വാഹനം സ്‍ക്രാപ് ചെയ്‍താല്‍ ഉടമകള്‍ക്ക് കിട്ടുക ചെറിയ ലാഭമൊന്നുമല്ലെന്ന് ചുരുക്കം.