മെഴ്‌സിഡസ് ബെൻസ്, ഔഡി, വോൾവോ തുടങ്ങിയ പ്രമുഖ കാർ കമ്പനികൾ ആപ്പിളിന്‍റെ കാർപ്ലേ അൾട്ര സിസ്റ്റം സ്വീകരിക്കാൻ വിമുഖത കാണിക്കുന്നു. കാർ ഡാഷ്‌ബോർഡിന്റെ നിയന്ത്രണം ആപ്പിളിന് നൽകുന്നതിനെക്കുറിച്ചുള്ള ആശങ്കയാണ് കാരണം.

ലോകത്തിലെ ഏറ്റവും വലിയ കാർ കമ്പനികൾ ആപ്പിളിന്റെ പുതിയതും നൂതനവുമായ സിസ്റ്റം കാർപ്ലേ അൾട്രാ അവരുടെ വരാനിരിക്കുന്ന കാറുകളിൽ ഉൾപ്പെടുത്താൻ വിസമ്മതിച്ചതായി റിപ്പോ‍‍ർട്ട്. മെഴ്‌സിഡസ് ബെൻസ്, ഔഡി, വോൾവോ, റെനോ തുടങ്ങിയ യൂറോപ്യൻ ബ്രാൻഡുകളാണ് പുതിയ ആപ്പിൾ കാർപ്ലേ അൾട്രായ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുന്നത്. 

ആപ്പിളിന്റെ നിലവിലുള്ള കാർപ്ലേ സിസ്റ്റത്തിന്റെ നവീകരിച്ച പതിപ്പാണ് കാർപ്ലേ അൾട്രാ. ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ മാത്രമല്ല, കാറിന്റെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും (സ്പീഡോമീറ്റർ, ഇന്ധന ഗേജ്, ക്ലൈമറ്റ് കൺട്രോൾ പോലുള്ളവ) നിയന്ത്രിക്കാനുള്ള കഴിവ് ഇതിനുണ്ട്. അതായത്, ഐഫോൺ പോലുള്ള ഇന്റർഫേസിൽ ഉപയോക്താവിന് മുഴുവൻ കാർ അനുഭവവും ലഭിക്കും.

എന്നാൽ കാർപ്ലേ അൾട്ര വഴി ആപ്പിൾ അവരുടെ സിസ്റ്റങ്ങളിൽ അമിതമായി ഇടപെടുമെന്ന് പല ഓട്ടോമൊബൈൽ കമ്പനികളും ഭയപ്പെടുന്നതായാണ് റിപ്പോ‍ട്ടുകൾ. തങ്ങളുടെ സിസ്റ്റത്തിൽ പ്രവേശിക്കാൻ ശ്രമിക്കരുതെന്ന് ഒരു റെനോ ഉദ്യോഗസ്ഥൻ ആപ്പിളിനോട് വ്യക്തമാക്കിയതായി റിപ്പോ‍‍ർട്ടുകൾ ഉണ്ട്. അതായത് കമ്പനികൾ അവരുടെ കാറുകളുടെ ഡിജിറ്റൽ ഡാഷ്‌ബോർഡിൽ ആപ്പിളിന് പൂർണ്ണ നിയന്ത്രണം നൽകാൻ ആഗ്രഹിക്കുന്നില്ല എന്ന് ചുരുക്കം. ഇത് തങ്ങളുടെ ഉപയോക്തൃ ഇന്റർഫേസ്, ഡാറ്റ, ബ്രാൻഡ് ഐഡന്റിറ്റി എന്നിവയെ ബാധിച്ചേക്കാം എന്നും കമ്പനികൾ ഭയപ്പെടുന്നതായാണ് റിപ്പോ‍ട്ടുകൾ.

ഇതുകാരണം പല യൂറോപ്യൻ വാഹന നി‍മ്മാണ കമ്പനികളും ഇതിൽ നിന്ന് പിന്മാറിയിട്ടുണ്ടെന്നാണ് റിപ്പോ‍ട്ടുകൾ. എന്നാൽ ഹ്യുണ്ടായി, ജെനസിസ്, പോർഷെ തുടങ്ങിയ ചില നിർമ്മാതാക്കൾ ഇപ്പോഴും അവരുടെ മോഡലുകളിൽ കാർപ്ലേ അൾട്ര കൊണ്ടുവരാൻ തയ്യാറാണെന്നും റിപ്പോ‍ട്ടുകൾ പറയുന്നു. ജാഗ്വാർ ലാൻഡ് റോവർ ഇത് പരിഗണിക്കുന്നുണ്ടെന്ന് പറഞ്ഞു. അതായത് പൂർണ്ണമായി പിന്തുണയ്ക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

2022 ൽ ആപ്പിൾ പ്രാരംഭ പങ്കാളികളായി ഉൾപ്പെടുത്തിയിട്ടുള്ള ഫോർഡ്, നിസാൻ, ഇൻഫിനിറ്റി തുടങ്ങിയ മറ്റ് കമ്പനികൾ ഇതുവരെ പുതിയ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല, പക്ഷേ അവയും പൂർണ്ണമായും പുറത്തുവന്നിട്ടില്ല. ഹോണ്ടയും അക്യൂറയും ഇപ്പോഴും അവരുടെ ഭാവി മോഡലുകളിൽ ഈ സംവിധാനം നടപ്പിലാക്കാൻ പദ്ധതിയിടുന്നു.

മ്യൂസിക്, കോളുകൾ, മാപ്പുകൾ എന്നിവയിൽ മാത്രം ഒതുങ്ങാത്ത ആപ്പിളിന്റെ ഒരു നൂജന സാങ്കേതികവിദ്യയാണ് കാർപ്ലേ അൾട്രാ. വേഗത, ഇന്ധനം അല്ലെങ്കിൽ ബാറ്ററി ലെവൽ, കാലാവസ്ഥാ നിയന്ത്രണം തുടങ്ങിയ പൂർണ്ണമായ കാർ വിവരങ്ങളും ഇത് കാണിക്കുന്നു. അതായത് എല്ലാ സ്‌ക്രീനിലും നിങ്ങൾക്ക് ആപ്പിളിന്റെ ഒരു ചെറിയ കാഴ്ച ലഭിക്കും.

ആസ്റ്റൺ മാർട്ടിൻ DBX പോലുള്ള തിരഞ്ഞെടുത്ത കാറുകളിലാണ് ഈ സിസ്റ്റം നിലവിൽ ലഭ്യമാകുന്നത്. ഇത് പ്രവർത്തിക്കാൻ ഐഫോൺ 12 അല്ലെങ്കിൽ പുതിയതും iOS 18.5 അല്ലെങ്കിൽ അതിന് മുകളിലുള്ളതുമായ പതിപ്പ് ആവശ്യമാണ്. ഫോൺ കണക്റ്റ് ചെയ്‌തുകഴിഞ്ഞാൽ, നിങ്ങൾ കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ ഇന്റർഫേസ് സ്വയം ആരംഭിക്കും.

അതേസമയം ഇപ്പോൾ കാർ വെറുമൊരു വാഹനമല്ല, മറിച്ച് ഡിജിറ്റൽ അനുഭവത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ടെക് കമ്പനികളും ഓട്ടോ കമ്പനികളും 'ഡിജിറ്റൽ ഡാഷ്‌ബോർഡിന്' മേൽ നിയന്ത്രണം ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഈ മേഖലയിലെ മത്സരം രൂക്ഷമായിരിക്കുന്നത് എന്നാണ് റിപ്പോ‍ട്ടുകൾ.