ഇംഗ്ലണ്ടിലെ സറെയിൽ ഒരു ബിസിനസുകാരന്റെ നാലുകോടി വിലവരുന്ന റോൾസ് റോയ്‌സ് കാർ പൊലീസ് പതിവ് പരിശോധനയ്ക്കായി കൈ കാണിച്ചപ്പോൾ നിർത്താതെ പോയി. പിന്നീട് കുറച്ചപ്പുറത്തായി ആ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പിന്നീടയാൾ ഹാജരായി പൊലീസിനോട് പറഞ്ഞ കാരണം ഏറെ വിചിത്രമായിരുന്നു. പൊലീസ് തടഞ്ഞ സമയത്ത് താൻ കാറിന്റെ പിൻസീറ്റിൽ ഒരു യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു എന്നും, അത് തന്റെ ഭാര്യ അല്ലായിരുന്നതുകൊണ്ട് പൊലീസ് പെട്ടെന്ന് കൈകാണിച്ചപ്പോൾ ആകെ പരിഭ്രമിച്ചുപോയി എന്നും അയാൾ പിന്നീട് പൊലീസിനോട് പറഞ്ഞു. 

പൊലീസ് കൈകാണിച്ചു നേരത്ത്, തന്റെ റോൾസ് റോയ്സിന്റെ പിൻസീറ്റിൽ ഒരു യുവതി തന്റെ മേൽ ലൈംഗികകൃത്യത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നതിനാൽ ''വണ്ടി നിർത്തേണ്ട, വേഗം കൂട്ടിക്കോളൂ'' എന്ന് ഡ്രൈവറോട് താനാണ് പറഞ്ഞത്. ഇത് പിന്നീട് വക്കീൽ വഴി കോടതിയിലും ബോധിപ്പിച്ചു. തന്റെ ഭാര്യയുമായി വിവാഹമോചനത്തിന്റെ വക്കോളം എത്തിയ ശേഷം അടുത്തിടെ മാത്രമാണ് പ്രശ്നങ്ങൾ പറഞ്ഞു തീർത്തതെന്നും, ദയവായി ഇത് പുറത്തുപറഞ്ഞ് തന്റെ വിവാഹം തകർക്കരുത് എന്നും അയാൾ കേണപേക്ഷിച്ചു.

എന്നാൽ ഇപ്പറഞ്ഞതൊക്കെയും ഏറെ വിശ്വാസ്യമെങ്കിലും ഒരു കെട്ടുകഥ മാത്രമായിരുന്നു. ആ ധനികനായ ബിസിനസുകാരൻ ആ റോൾസ് റോയ്‌സ് ഓടിച്ചുകൊണ്ടുവന്നത് സ്വയമായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സ്ഥിരീകരിച്ചു. കാമുകിയിൽ നിന്നുള്ള ലൈംഗികസേവനങ്ങളും, ഡ്രൈവറോട് നിർത്തേണ്ട എന്ന് പറഞ്ഞതും ഒക്കെ വെറും ഭാവനാവിലാസങ്ങൾ മാത്രം. അയാൾ പൊലീസിനെ കണ്ടപ്പോൾ നിർത്താതെ പോയത് മറ്റൊരു കാരണം കൊണ്ടായിരുന്നു.

ഡ്രൈവിങ് ചട്ടങ്ങൾ ലംഘിച്ചതിന് വിലക്ക് നേരിടുന്ന ഒരു ഡ്രൈവർ ആയിരുന്നു ആ ധനികൻ. കഴിഞ്ഞ കുറ്റത്തിന് എട്ടുമാസം ജയിൽ ശിക്ഷ കിട്ടുന്നതിന്റെ വക്കുവരെ എത്തിയതാണയാൾ. അന്ന് രണ്ടു വർഷത്തേക്ക് ഡ്രൈവിങ് വിലക്കും, ഏതാണ്ട് എട്ടുലക്ഷത്തോളം ഫൈനും അടച്ച് ഒരുവിധം തടിയൂരുകയായിരുന്നു. വിലക്ക് നിലനിൽക്കുന്ന കാലയളവിൽ പൊലീസ് ഡ്രൈവ് ചെയ്തു പിടിച്ചാൽ, ഇത്തവണ തടവുശിക്ഷ ഉറപ്പാണ് എന്നറിയുന്നതുകൊണ്ടാണ് അയാൾ ഇങ്ങനെ വിചിത്രമായ ഒരു കഥയുണ്ടാക്കി പൊലീസിന്റെ കാലുപിടിക്കാൻ പോയത്. 

എന്നാൽ കാര്യങ്ങൾ അത്രയും മാത്രമാണോ എന്നും തങ്ങൾക്ക് സംശയമുണ്ട് എന്ന് സറെ പോലീസ് പറഞ്ഞു. ഈ വ്യവസായിക്ക് അധോലോക ബന്ധങ്ങൾ വല്ലതുമുണ്ടോയെന്നും പൊലീസ് തടഞ്ഞപ്പോൾ മയക്കുമരുന്നോ ആയുധങ്ങളോ വല്ലതും അയാളുടെ പക്കൽ ഉണ്ടായിരുന്നോയെന്നും ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.