സിംഗപ്പൂര്‍ പൊലീസ് സേനയുടെ ഭാഗമാകാനൊരുങ്ങി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ പ്രീമിയം എസ്‌യുവി മോഡലായ ട്യൂസോണ്‍. നിലവില്‍ 300 യൂണിറ്റാണ് പൊലീസിലെത്തുന്നത്. 2024-ലോടെ പൊലീസ് വാഹനങ്ങള്‍ പൂര്‍ണമായും ട്യൂസോണാകുമെന്നും സിംഗപ്പൂര്‍ പൊലീസ് സേനയ്ക്ക് ആവശ്യമായ നിരവധി ഫീച്ചറുകളുടെ അകമ്പടിയോടെയാണ് ട്യൂസോണ്‍ പൊലീസില്‍ ചേരുന്നതെന്നുമാണ് റിപ്പോര്‍ട്ട്. 
 
വിഷ്വല്‍ ഇമേജ് സ്‌കാനര്‍, 360 ഡിഗ്രി ലൈവ് സ്ട്രീമിങ്ങ് സാധ്യമായ എച്ച്ഡി ക്യാമറ തുടങ്ങിയ ഫീച്ചറുകള്‍ ഈ വാഹനത്തില്‍ അധികമായി നല്‍കും. ഇമേജ് സ്‌കാനറിലൂടെ വാഹനത്തിന്റെ നമ്പര്‍ തിരിച്ചറിഞ്ഞ് മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കും. വാഹനത്തിന്റെ പുറമെ നല്‍കിയിട്ടുള്ള ക്യാമറയിലൂടെ പൊലീസ് ഹെഡ്ക്വാട്ടേഴ്‌സില്‍ വിവരങ്ങള്‍ തല്‍സമയം ലഭ്യമാകും. 

4ജി, 5ജി കണക്ടിവിറ്റി സംവിധാനത്തിന്റെ സഹായത്തോടെയാണ് വാഹനത്തിലെ ക്യാമറയില്‍നിന്നുള്ള വീഡിയോ പോലീസ് ഹെഡ്ക്വാട്ടേഴ്‌സില്‍ എത്തുന്നത്. ഇതുവഴി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നതുമായ കൂടുതല്‍ വാഹനങ്ങള്‍ കണ്ടെത്താനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിന്റെ സഹായത്തോടെയാണ് ഇമേജ് സ്‌കാനിങ്ങ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഈ ഇമേജ് സ്‌കാനര്‍ സംവിധാനത്തെ പൊലീസ് നമ്പര്‍ പ്ലേറ്റ് സ്‌കാനിങ്ങ് സംവിധാനമായാണ് ഉപയോഗിക്കുന്നത്. ഇത് പോലീസിന് മറ്റ് കുറ്റകൃത്യങ്ങള്‍ തടയുന്നതിന് കൂടുതല്‍ സഹായമാകുമെന്നാണ് കരുതുന്നത്. 

പൊലീസ് വാഹനത്തിലെ അടിസ്ഥാന ഫീച്ചറുകളായ ബ്ലിങ്കേഴ്‌സ്, സൈറന്‍, പബ്ലിക് അനൗണ്‍സ്‌മെന്റ് സിസ്റ്റം, സ്പീക്കര്‍, സ്‌പോട്ട് ലൈറ്റ് എന്നിവയും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. വെള്ള നിറത്തിലുള്ള വാഹനത്തില്‍ നീലയും ചുവപ്പും നിറങ്ങളിലുള്ള ഗ്രാഫിക്‌സുകളും പൊലീസ് ബാഡിജിങ്ങും നല്‍കി. 

വാഹനത്തിന്റെ ഉള്‍വശവത്തും പൊലീസ് വാഹനത്തിന് ഉതകുന്ന രീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ബെല്‍റ്റില്‍ തോക്കുകളും മറ്റും വെച്ചിട്ടുള്ള പോലീസുകാര്‍ക്ക് സുഖപ്രദമായി ഇരിക്കാന്‍ കഴിയുന്ന രീതിയിലാണ് സീറ്റുകള്‍ ഒരുക്കിയിരിക്കുന്നത്. സാങ്കേതികവിദ്യയുടെ കാര്യത്തിലും ഇന്റീരിയര്‍ ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

അഏതേസമയം പുത്തന്‍ ട്യൂസോണിനെ 2020 ജൂലൈ മാസത്തിലാണ് ഹ്യുണ്ടായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ബിഎസ് 6 പെട്രോൾ, ഡീസൽ എൻജിനുകളുമായി എത്തിയ കാറിന്റെ ഇന്ത്യയിലെ എക്സ് ഷോറൂം വില 22.30 ലക്ഷം രൂപ മുതല്‍ 27.03 ലക്ഷം വരെയാണ്. പെട്രോളിൽ  ജിഎൽ (ഒ) (22.30 ലക്ഷം), ജിഎൽഎസ് (23.52 ലക്ഷം) എന്നിങ്ങനെ രണ്ട് വകഭേദങ്ങളും ഡീസലിൽ ജിഎൽ(ഒ) (24.35 ലക്ഷം), ജിഎൽഎസ് (25.56 ലക്ഷം), ജിഎൽഎസ് 4ഡബ്ല്യുഡി (27.03 ലക്ഷം) എന്നിങ്ങനെ മൂന്നു വകഭേദങ്ങളുമാണുള്ളത്. 

ഏറെ പുതുമകളോടെയാണ് പുതിയ ട്യൂസോൺ എത്തിയത്. പുത്തൻ ഹ്യുണ്ടായ് കാറുകളിലെ സ്ഥിരം സാന്നിധ്യമായ കാസ്‍കേഡിങ് ഗ്രിൽ ആണ് പുറംമോടിയിലെ പ്രധാനമാറ്റം. ഇപ്പോൾ വില്പനയിലുള്ള മോഡലിന്റെ 3 സ്ലാറ്റിന് പകരം ക്രോമിന്റെ ധാരാളിത്തമുള്ള പുത്തൻ ഗ്രില്ലിൽ 4 സ്ലാറ്റ് ഗ്രിൽ പാറ്റേൺ ആണ്. ഇതോടൊപ്പം ഷാർപ്പായ ഹെഡ്ലൈറ്റുകളും എൽ-ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, പുതിയ ഫോഗ് ലാമ്പ് ഹൗസിങ് എന്നിവ മുൻവശത്തിന് പുത്തൻ ലുക്ക് നൽകുന്നു.

പരിഷ്ക്കരിച്ച ഡാഷ്ബോർഡിന് നടുവിലായുള്ള ഫ്ലോട്ടിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇന്റീരിയറിനെ വേറിട്ടതാക്കുന്നു. ഈ പുത്തൻ ഇൻഫോടൈന്മെന്റ് സിസ്റ്റത്തിന് താഴെയായി എസി വെന്റുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. പുതിയ ഡാഷ്‌ബോർഡ് രൂപകൽപ്പനയോടെയാണ് വാഹനം എത്തുന്നത്. ഹ്യുണ്ടായിയുടെ ബ്ലൂ ലിങ്ക് കണക്റ്റുചെയ്‌ത കാർ സവിശേഷതകൾ ഉൾക്കൊള്ളുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജറുകൾ, പനോരമിക് സൺറൂഫ്, ഇലക്ട്രിക് ഫ്രണ്ട്-പാസഞ്ചർ സീറ്റ് ക്രമീകരണം എന്നിവയും പുതിയ പതിപ്പിനെ വേറിട്ടതാക്കുന്നു. എംജി ഹെക്ടർ, ജീപ്പ് കോംപസ്, ടാറ്റ ഹാരിയർ തുടങ്ങിയ എസ്‌യുവികൾ ആണ് പുത്തൻ ട്യൂസോണിന്‍റെ എതിരാളികൾ.