ഇന്ത്യയില്‍ ഈ വര്‍ഷം അഞ്ച് മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി ചെക്ക് ആഡംബര കാര്‍ നിര്‍മാതാക്കളായ സ്‌കോഡ. ഇവയില്‍ രണ്ടെണ്ണം പുതിയ മോഡലുകളും മൂന്നെണ്ണം ഫേസ്‍ലിഫ്റ്റ് പതിപ്പുകളും ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ പുതിയ സ്‌കോഡ കാറുകളും ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോ അരങ്ങിലെത്തും.

പുതിയ മോഡലുകളെ ഇറക്കുമതി ചെയ്യാനാണ് കമ്പനിയുടെ നീക്കം. ഓള്‍-ന്യൂ സ്‌കോഡ കറോക്ക്, സ്‌കോഡ ഒക്ടാവിയ ആര്‍എസ് 245 എന്നിവയായിരിക്കും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മോഡലുകള്‍. തദ്ദേശീയമായി ഹോമോലോഗേഷന്‍ നടത്താതെ പ്രതിവര്‍ഷം 2,500 യൂണിറ്റ് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാമെന്ന സര്‍ക്കാരിന്റെ പുതിയ വ്യവസ്ഥ അനുസരിച്ചാണ് രണ്ട് മോഡലുകളും ഇന്ത്യയിലെത്തുന്നത്.

ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും സ്‌കോഡ കരോക്കിന്‍റെ ഹൃദയം. ഈ മോട്ടോര്‍ 150 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. സ്‌കോഡ ഒക്ടാവിയ ആര്‍എസ് 245 എന്ന പെര്‍ഫോമന്‍സ് കാറിന് 2.0 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോ-പെട്രോള്‍ മോട്ടോര്‍ കരുത്തേകും. ഈ മോട്ടോര്‍ 245 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

ബിഎസ് 6 സ്‌കോഡ റാപ്പിഡ് പെട്രോള്‍, സ്‌കോഡ സൂപ്പര്‍ബ് ഫേസ്‌ലിഫ്റ്റ്, സ്‌കോഡ കോഡിയാക്ക് പെട്രോള്‍ എന്നിവയാണ് ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന മൂന്ന് പരിഷ്‌കരിച്ച മോഡലുകള്‍. നിലവിലെ 1.6 ലിറ്റര്‍ എംപിഐ മോട്ടോറിന് പകരം പുതിയ ബിഎസ് 6 പാലിക്കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ എന്‍ജിനായിരിക്കും റാപ്പിഡ് സെഡാന്‍ ഉപയോഗിക്കുന്നത്. പുതിയ എന്‍ജിന്‍ 115 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും.

2.0 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ കൂടാതെ, അകവും പുറവും ചെറിയ പരിഷ്‌കാരങ്ങളോടെ ആയിരിക്കും 2020 സ്‌കോഡ സൂപ്പര്‍ബ് ഫേസ്‌ലിഫ്റ്റ് വരുന്നത്. പരിഷ്‌കരിച്ച സൂപ്പര്‍ബ് മെയ് മാസത്തില്‍ വിപണിയിലെത്തിയേക്കും. 7 സീറ്റര്‍ എസ്‌യുവിയായ സ്‌കോഡ കോഡിയാക്കിന് 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍ കരുത്തേകും.

ഇന്ത്യയിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആറ് പുതിയ മോഡലുകളും പരിഷ്കരിച്ച പതിപ്പുകളും അവതരിപ്പിക്കുമെന്ന് സ്‍കോഡ ഇന്ത്യ നേരത്തെയും വ്യക്തമാക്കിയിരുന്നു. കമ്പനിയുടെ പുതിയ വാഹനങ്ങളില്‍ ചിലത് ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുമെന്ന് സ്കോഡ ഇന്ത്യ സെയിൽസ് & മാർക്കറ്റിംഗ് ഡയറക്ടർ സാക് ഹോളിസ് തന്നെയാണ് നേരത്തെയും ട്വീറ്റിലൂടെ വ്യക്തമാക്കിയത്. പുതിയ മിഡ് സൈസ് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് അടുത്തിടെ സ്കോഡ സഇഒ ബെർ‌ണാർഡ് മെയറും വ്യക്തമാക്കിയിരുന്നു.

അതേസമയം ഒക്ടാവിയ ആര്‍എസ് വീണ്ടും ഇന്ത്യയില്‍ അവതരിപ്പിക്കാനുമൊരുങ്ങുകയാണ് സ്‌കോഡ. യൂറോപ്പില്‍ വില്‍ക്കുന്ന അതേ മോഡലായ 245 ബിഎച്ച്പി ട്യൂണിലുള്ള എന്‍ജിന്‍ ഉപയോഗിക്കുന്ന സ്‌കോഡ ഒക്ടാവിയ ആര്‍എസ് ആയിരിക്കും ഇത്തവണ ഇന്ത്യയിലെത്തുന്നത്.

2020 ഫെബ്രുവരിയില്‍ നടക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ സ്‌കോഡ ഒക്ടാവിയ ആര്‍എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 200 യൂണിറ്റ് മാത്രമായിരിക്കും ഇന്ത്യയില്‍ വില്‍ക്കുന്നത്. പൂര്‍ണമായും നിര്‍മിച്ചശേഷം ഇറക്കുമതി ചെയ്യുകയാണ്.

നിലവില്‍ ഇന്ത്യയില്‍ വിറ്റിരുന്ന മുന്‍ മോഡലിനേക്കാള്‍ സ്‌പോര്‍ട്ടിയായിരിക്കും ഇനി വരുന്ന ഒക്ടാവിയ ആര്‍എസ്. വാഹനം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ഗ്രൗണ്ട് ക്ലിയറന്‍സ് താഴ്ന്നതായിരിക്കും. 18 ഇഞ്ച് അലോയ് വീലുകളായിരിക്കും വാഹനത്തില്‍.

അടുത്തിടെയാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗന്‍റെ ഇന്ത്യയിലെ ഉപസ്ഥാപനമായ ഫോക്സവാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഉപസ്ഥാപനം സ്‍കോഡ ഓട്ടോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും പരസ്‍പരം ലയിച്ചത്. സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് പുതിയ കമ്പനിയുടെ പേര്.