ചെക്ക് ആഡംബര വാഹനിര്‍മ്മാതാക്കളായ സ്‍കോഡ ഓട്ടോയുടെ മിഡ് സൈസ് എസ്‌യുവിയായ കരോക്കിന്‍റെ ബുക്കിംഗ് ആരംഭിച്ചു. ഓണ്‍ലൈനിലും രാജ്യത്തെ എല്ലാ ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് നടത്താം. 50,000 രൂപയാണ് ബുക്കിംഗ് തുക. അടുത്ത മാസം വിപണിയില്‍ അവതരിപ്പിക്കുന്ന വാഹനത്തിന്‍റെ ഡെലിവറി മെയ് ആറിന് ആരംഭിക്കും.

ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ഈ എസ്‌യുവി പ്രദര്‍ശിപ്പിച്ചിരുന്നു. ഫോക്‌സ്‌വാഗണ്‍ ടി-റോക് നിര്‍മിച്ച അതേ പ്ലാറ്റ്‌ഫോമാണ് 4.3 മീറ്റര്‍ നീളം വരുന്ന സ്‌കോഡ കരോക്ക് അടിസ്ഥാനമാക്കുന്നത്. എല്ലാ ആധുനിക സ്‌കോഡ മോഡലുകളെയും പോലെയാണ് മിഡ്‌സൈസ് എസ്‌യുവിയുടെ രൂപകല്‍പ്പന. സ്‌കോഡ കുടുംബത്തില്‍നിന്ന് പരമ്പരാഗതമായി ലഭിക്കുന്ന ഗ്രില്‍, വണ്ണം കുറഞ്ഞ ഹെഡ്‌ലാംപുകള്‍ എന്നിവ നല്‍കിയിരിക്കുന്നു. മുന്‍വശം ബോള്‍ഡും ഷാര്‍പ്പുമാണ്. വശങ്ങളും പിന്‍വശവും കോഡിയാക്കുമായി ഏറെക്കുറേ സമാനമാണ്. കാബിനില്‍ തുകല്‍ അപ്‌ഹോള്‍സ്റ്ററി നല്‍കി. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി ലഭിക്കുന്ന വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, വിര്‍ച്വല്‍ കോക്പിറ്റ്, ഒമ്പത് എയര്‍ബാഗുകള്‍, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങി സെഗ്‌മെന്റിലെ എല്ലാ സ്റ്റാന്‍ഡേഡ് ഫീച്ചറുകളും പ്രതീക്ഷിക്കാം.

1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ ടിഎസ്‌ഐ എന്‍ജിന്‍ കരുത്തേകും. ഈ മോട്ടോര്‍ 150 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെയ്ക്കും. ഡീസല്‍ എന്‍ജിന്‍ ഓപ്ഷന്‍ ഉണ്ടായിരിക്കില്ല. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഒമ്പത് സെക്കന്‍ഡ് മതി. മണിക്കൂറില്‍ 202 കിലോമീറ്ററാണ് ടോപ് സ്പീഡ്. ആഗോളതലത്തില്‍ 4 വീല്‍ ഡ്രൈവ് ഓപ്ഷന്‍ ലഭിക്കുമെങ്കിലും ഇന്ത്യയില്‍ ഫ്രണ്ട് വീല്‍ ഡ്രൈവ് മോഡലായിരിക്കും വില്‍ക്കുന്നത്.

ഫുള്ളി ലോഡഡ് സിംഗിള്‍ വേരിയന്റില്‍ മാത്രമായിരിക്കും സ്‌കോഡ കരോക്ക് ലഭിക്കുന്നത്. പനോരമിക് സണ്‍റൂഫ്, ‘വിര്‍ച്വല്‍ കോക്പിറ്റ്’ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ഫുള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 12 തരത്തില്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഒമ്പത് എയര്‍ബാഗുകള്‍ എന്നിവ ഫീച്ചറുകളാണ്.

പൂര്‍ണമായി നിര്‍മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയായിരിക്കും. കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിലെ പ്രീമിയം മോഡലുകളായ ജീപ്പ് കോംപസ്, ഹോണ്ട സിആര്‍-വി, ഹ്യുണ്ടായ് ടൂസോണ്‍ എന്നിവയായിരിക്കും എതിരാളികള്‍.