കൊവിഡ് -19 വൈറസ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ വിവിധ ഓണ്‍ലൈന്‍ മൊബിലിറ്റി കമ്പനികള്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ വില്‍ക്കാന്‍ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്.  ഓണ്‍ലൈന്‍ ടാക്‌സി ബിസിനസിലെ അനിശ്ചിതത്വം നീണ്ടു പോകുന്ന സാഹചര്യത്തിലാണ് ഈ നീക്കം എന്നാണ് സൂചന. ഈ മാസം മുതല്‍ ധാരാളം വാഹനങ്ങള്‍ ഇത്തരത്തില്‍ ഒഴിവാക്കാന്‍  ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്കു പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് പശ്ചാത്തലത്തില്‍ പൊതുഗതാഗത സംവിധാനങ്ങളോടും മറ്റും ജനം അകലംപാലിച്ചു തുടങ്ങിയതോടെ യൂസ്‍ഡ് കാര്‍ വിപണി മെച്ചപ്പെട്ടുവരുന്ന സാഹചര്യവും സ്വന്തം വാഹനങ്ങളെ വിറ്റൊഴിവാക്കാന്‍ ടാക്സി കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നാണ് സൂചനകള്‍. ഈ സാഹചര്യവും കമ്പനികള്‍ വിലയിരുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ വാഹനങ്ങള്‍ വിറ്റൊഴിയുന്നതിന്  ഏറ്റവും അനുയോജ്യമായ സമയം കണ്ടെത്താന്‍ വിപണി സാഹചര്യങ്ങള്‍ പരിശോധിച്ചുവരികയാണ് മിക്ക ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളും എന്നാണ് റിപ്പോര്‍ട്ട്. പല കമ്പനികളും യൂസ്‍ഡ് കാര്‍ വിപണിയിലെ മുന്‍നിര ഡീലര്‍മാരുമായി ആശയവിനിമയം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു പ്രമുഖ ഓണ്‍ലൈന്‍ ടാക്സി കമ്പനിയുടെ 50 ശതമാനത്തോളം ജീവനക്കാര്‍ക്കും ജോലി നഷ്‍ടമായതായാണ് റിപ്പോര്‍ട്ടുകള്‍. ധാരാളം ക്യാബുകള്‍ മാസങ്ങളോളം വെറുതെ കിടക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. അടുത്തിടെ തിരുവനന്തപുരം നഗരത്തില്‍ പ്രമുഖ ടാക്സി കമ്പനിക്കെതിരെ ഡ്രൈവര്‍മാര്‍ രംഗത്തു വന്നിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഓട്ടം നിര്‍ത്തിയ വാഹനങ്ങള്‍ ഓണ്‍ലൈന്‍ ടാക്സി കമ്പനി തിരികെ നല്‍കുന്നില്ലെന്ന പരാതിയുമായി തലസ്ഥാന നഗരിയിലെ അറുപതോളം ഡ്രൈവര്‍മാരാണ് രംഗത്തെത്തിയത്.