ഇതാ അഫ്‍ഗാനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് രക്ഷകനായ സി-17 ഗ്ലോബ്‍മാസ്റ്റര്‍ എന്ന അമേരിക്കന്‍ ചരക്കുവിമാനത്തിന്‍റെ ചില പ്രത്യേകതകള്‍ അറിയാം

ഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് ഖത്തറിലേക്ക് പറന്ന അമേരിക്കന്‍ വ്യോമസേനയുടെ വിമാനം കുറിച്ചത് പുതിയൊരു ചരിത്രമാണെന്നാണ് വിമാനത്തിലെ സൈനികോദ്യോഗസ്ഥരും ഖത്തര്‍ വ്യോമതാവളത്തിലെ എടിസിയും തമ്മിലുള്ള വൈറലായ റേഡിയോ സംഭാഷണങ്ങള്‍ സൂചിപ്പിക്കുന്നത്. 640 ഓളം യാത്രികരെയും കൊണ്ടാണ് വിമാനം ഖത്തറില്‍ എത്തിയതെന്ന് ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ 800 എന്ന വിവരമാണ് ദ ഡ്രൈവ് ഉള്‍പ്പെടെയുള്ളവര്‍ പങ്കുവയ്ക്കുന്നത്. എന്തായാലും പരമാവധി 134 സൈനികര്‍ക്ക് ഇരുന്ന് സഞ്ചരിക്കാവുന്ന വിമാനത്തില്‍ അതിന്‍റെ ആറിരട്ടിയില്‍ അധികം ആളുകളെ കയറ്റിയാണ് വിമാനം ചരിത്രത്തിലേക്ക് പറന്നിറങ്ങിയത് എന്നുറപ്പ്. ഇതാ അഭയാര്‍ത്ഥികള്‍ക്ക് രക്ഷകനായ സി-17 ഗ്ലോബ്‍മാസ്റ്റര്‍ എന്ന ഈ വിമാനത്തിന്‍റെ ചില പ്രത്യേകതകള്‍ അറിയാം.

അമേരിക്കന്‍ വിമാന നിർമ്മാണ കമ്പനിയായ ബോയിംഗിന്റെ ഹെവിലിഫ്റ്റ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റാണ് സി-17. നിലവില്‍ ലോകത്തിലെ ഏറ്റവും കരുത്തുറ്റ വിമാനങ്ങളില്‍ ഒന്നാണ് ബോയിങ്ങിന്‍റെ സി 17 ഗ്ലോബ് മാസ്റ്റര്‍. 1995 മുതൽ യുഎസ് എയർഫോഴ്‍സിന്റെ ഭാഗമാണ് ഈ വിമാനം. സൈനിക ആവശ്യത്തിനുള്ള ചരക്കുകൾ കടത്താനും രക്ഷാപ്രവർത്തനത്തിനുമാണ് ഈ വിമാനം പ്രധാനമായും ഉപയോഗിക്കുന്നത്. ഏതു ദുർഘട സാഹചര്യത്തിലും പ്രവർത്തിക്കാനുള്ള മികവാണ് സി-17നെ ലോകത്തെ സൈനിക ശക്തികളുടെ പ്രിയ വിമാനമാക്കുന്നത്.

40,440 എൽബിഎഫ് ത്രസ്റ്റ് വീതമുള്ള നാല് പ്രാറ്റ് ആൻഡ് വിറ്റ്നി ടർബൊ ഫാൻ എൻജിനുകളാണ് ഈ വിമാനത്തിന്റെ ഹൃദയം. മണിക്കൂറിൽ 830 കിലോമീറ്ററാണ് ക്രൂസിങ് വേഗം. പരമാവധി 45,000 അടി ഉയരത്തിൽ വരെ സഞ്ചരിക്കാൻ സാധിക്കും. ഏതു ദുർഘടമായ റൺവേയിലും ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും സി–17 ഗ്ലോബ് മാസ്റ്ററിന് സാധിക്കും. 

പരമാവധി 77,564 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയുണ്ട് ഇതിന്. അതായത് ശരാശരി ബാഗുകള്‍ അടക്കം 90 കിലോഗ്രാം ഭാരമുള്ള 800 പേരെ പരമാവധിയില്‍ കയറ്റാനാകും. എന്നാൽ പരമാവധി 134 സൈനികര്‍ക്ക് ഇരുന്ന് സഞ്ചരിക്കാവുന്ന രീതിയിലാണ് വിമാനത്തിന്‍റെ നിര്‍മ്മാണം. അത്യാവശ്യഘട്ടങ്ങളില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കാമെന്ന് ചുരുക്കം. പൈലറ്റുമാരും ലോഡ്‍മാസ്റ്ററും അടക്കം മൂന്നു ജീവനക്കാരാണ് വിമാനത്തിലുള്ളത്. 

പ്രസിഡന്‍റായിരുന്ന കാലത്ത് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ എത്തിയപ്പോള്‍ ബോയിംഗിന്‍റെ സി 17 ഗ്ലോബ്‍മാസ്റ്റര്‍ വിമാനത്തിലാണ് ഹെലിക്കോപ്റ്ററുകള്‍ ഇന്ത്യയില്‍ എത്തിച്ചത്. അന്ന് ട്രംപിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇത്തരം ആറ് വിമാനങ്ങള്‍ ഇന്ത്യയിലെത്തിയിരുന്നു. മറീന്‍ വണ്‍ ഹെലിക്കോപ്റ്ററുകള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കാനുള്ള വാഹനങ്ങള്‍, ട്രംപ് സഞ്ചിരിക്കുന്ന കാഡിലാക് വണ്‍ കാര്‍, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയാണ് സി 17 ല്‍ എത്തിയത്. 

അമേരിക്കയ്ക്ക് പുറമേ ഇന്ത്യ, ഓസ്ട്രേലിയ, കാനഡ, കുവൈറ്റ്, ഖത്തർ, യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങളും നാറ്റോ സഖ്യസൈന്യവും ഈ വിമാനം ഉപയോഗിക്കുന്നുണ്ട്. 2010 മുതലാണ് ഈ വിമാനം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona