ഏറ്റവും തമാശക്കാരനായ പൊലീസിനുള്ള അവാര്‍ഡ് ഈ ട്വീറ്റ് ചെയ്തയാള്‍ക്ക് നല്‍കണമെന്നാണ് ചിലരുടെ പ്രതികരണം 

രണ്ട് പേര്‍ സ്കൂട്ടറില്‍ പോകുന്ന ചിത്രം, ആദ്യം നോക്കിയാല്‍ പ്രത്യേകിച്ച് ഒന്നും തന്നെ തോന്നില്ല, രണ്ട് പേരും ഹെല്‍മെറ്റ് വച്ചിട്ടില്ലെന്നതല്ലാതെ... എന്നാല്‍ ചിത്രത്തിന് പൂനെ പൊലീസ് ഈ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ച ട്വീറ്റാണ് ഇപ്പോള്‍ വൈറല്‍. വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റില്‍ ഒരു സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ട്. അതില്‍ ഹിസ് ഹൈനസ് എന്ന് എഴുതിയിരിക്കുന്നു. 

പങ്കജ് എന്നയാളാണ് ചിത്രം പുനെ പൊലീസിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്. ആ സ്റ്റിക്കറിനെ പരിഹസിച്ചാണ് പൊലീസിന്‍റെ റീട്വീറ്റ്. ''തിരുമനസ്സിന് ദയവുണ്ടായി ഒരു ചലാന്‍ അടച്ച് സഹകരിക്കണം'' എന്നാണ് ഫോട്ടോ സഹിതം പുനെ പൊലീസ് ട്വീറ്റ് ചെയ്തത്. നാലായിരത്തോളം പേരാണ് ട്വീറ്റിനോട് പ്രതികരിച്ചത്. 

Scroll to load tweet…

1988 ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ടും 1989 ലെ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കില്‍ ആക്ടും പ്രകാരം നമ്പര്‍ പ്ലേറ്റില്‍ രജിസ്ട്രേഷന്‍ നമ്പര്‍ അല്ലാതെ മറ്റൊന്നും നല്‍കാന്‍ പാടില്ല. ഇത് നിയവിരുദ്ധമാണ്. ഈ നിയമം തെറ്റിക്കുന്നവര്‍ ശിക്ഷാര്‍ഹരുമാണ്. ഇതോടെ പുനെ പൊലീസിനെ അഭിനന്ദിച്ച് നിരവധി ട്വീറ്റുകള്‍ വന്നു. ആരാണോ ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് അവരെ അഭിനന്ദിച്ചേ മതിയാകൂ എന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു. ഏറ്റവും തമാശക്കാരനായ പൊലീസിനുള്ള അവാര്‍ഡ് ഈ ട്വീറ്റ് ചെയ്തയാള്‍ക്ക് നല്‍കണമെന്ന് മറ്റൊരാള്‍ കുറിച്ചു.