നോയിഡ : ശനിയാഴ്ച രാത്രി സെക്ടർ 90 -ൽ മദ്യപിച്ച് ഫിറ്റായ അവസ്ഥയിൽ ഒരു പാർട്ടി കഴിഞ്ഞ് തന്റെ ബിഎംഡബ്യു കാറിൽ സ്വയം ഡ്രൈവ് ചെയ്ത് വീട്ടിലേക്ക് തിരികെ വരികയായിരുന്നു സ്റ്റോക്ക് ബ്രോക്കറായ ഋഷഭ് അറോറ. വീട്ടിലെത്താൻ ഏതാനും കിലോമീറ്റർ മാത്രം ശേഷിക്കെയാണ് അയാൾക്ക് അതിശക്തമായ മൂത്രശങ്ക അനുഭവപ്പെടുന്നത്.   

വീട്ടിലെത്തും വരെ പിടിച്ചുവെക്കാനാവില്ല എന്ന് കണ്ടപ്പോൾ റോഡിൽ വണ്ടി സൈഡാക്കി നിർത്തി മൂത്രമൊഴിക്കാൻ തുടങ്ങി അറോറ. അപ്പോഴാണ് അപരിചിതരായ രണ്ടുപേർ ഒരു ബൈക്കിൽ വാഹനത്തിനടുത്തെത്തിയത്.  അതിലൊരാൾ തന്റെ കയ്യിലുണ്ടായിരുന്ന തോക്ക് അറോറയുടെ പുറത്ത് അമർത്തിപ്പിടിച്ച് കാറിന്റെ താക്കോൽ വാങ്ങി. എന്നിട്ട് കാറിലേക്ക് കയറി. കാറും ബൈക്കും ഒന്നിനുപിന്നാലെ ഒന്നായി സ്ഥലം വിട്ടു. നോയിഡ ഫേസ് 2 പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അറോറയുടെ സഹോദരീ ഭർത്താവിന്റെ പേരിലാണ് ഈ ആഡംബര വാഹനം രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്.  60 ലക്ഷത്തിലധികം രൂപ വിലയുള്ള ഈ വാഹനത്തിന് ഇനിയും 40 ലക്ഷത്തോളം ലോൺ അടച്ചു തീർക്കാനുണ്ടായിരുന്നു. 

സാഹചര്യത്തെളിവുകൾ സൂചിപ്പിക്കുന്നത് മോഷ്ടാക്കൾ അറോറയെ പരിചയമുള്ള ആരോ തന്നെയാണെന്നാണ് എന്ന് പ്രാഥമികാന്വേഷണത്തിനു ശേഷം നോയ്ഡ പൊലീസ് പറഞ്ഞു. കാർ മോഷണം പോയതിന് ഒരു എഫ്‌ഐആർ ഇട്ട പൊലീസ്, ഡ്രങ്ക് ഡ്രൈവിങ്ങിന് അറോറയുടെ പേരിൽ മറ്റൊരു എഫ്‌ഐആർ കൂടി ഇട്ടിട്ടുണ്ട്. താൻ അടിച്ചു പൂസായിരുന്നു എന്ന് അറോറ പറഞ്ഞ സ്ഥിതിക്ക്, ഈ മോഷണക്കഥ പോലും വിശ്വസിക്കണോ വേണ്ടയോ എന്ന സംശയവും നോയ്‌ഡാ പൊലീസിനുണ്ട്.