ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പൊരു രാത്രിയില്‍ ഈ ബസിനാണ് നിര്‍ഭയ എന്ന പെണ്‍കുട്ടി രാജ്യതലസ്ഥാനത്ത് വച്ച് കൈകാണിക്കുന്നത്. ഈ ബസിനകത്താണ് അവള്‍ കൊടും ക്രൂരതക്ക് ഇരയാക്കപ്പെടുന്നത്. 

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന, ലജ്ജിപ്പിക്കുന്ന ഒരു സ്‍മാരകമായി വെളുത്ത നിറമുള്ള ആ ബസ് ഇപ്പോഴുമുണ്ട്. ഓഡോമീറ്ററിൽ 2,26,784 കിലോമീറ്ററില്‍ നിലച്ച അക്കങ്ങളുമായി ദില്ലിയിലെ സാഗർപൂർ പ്രദേശത്തെവിടെയോ ആണ്  ഇപ്പോഴത് കിടക്കുന്നത്.  

യാദവ് ട്രാവല്‍സ് എന്നാണ് ഈ ബസിന്‍റെ പേര്. 2012 ഡിസംബര്‍ 16നായിരുന്നു ഈ ബസിന്‍റെ അവസാന ട്രിപ്പ്. പിന്നെയത് ഓടിയത് അവളുടെ ജീവനെടുക്കാനായിരുന്നു. ബസുമായി രാത്രി സന്ത് രവിദാസ് ക്യാമ്പിൽ നിന്നും പുറപ്പെടുമ്പോള്‍ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ ആറുപേർ ഉണ്ടായിരുന്നു ഡ്രൈവർ രാം സിങ്ങിനൊപ്പം. പുറപ്പെട്ട് അല്‍പ്പദൂരം ചെന്നപ്പോള്‍ ഒരാള്‍ ബസിന് കൈകാണിച്ചു. നിര്‍ത്തി അയാളെ കയറ്റി, കൊള്ളയടിച്ച് ഐഐടി ഫ്ലൈഓവറിന് സമീപം ഉപേക്ഷിച്ചു, ഓട്ടം തുടര്‍ന്നു.

തുടര്‍ന്ന് മുനീർക്ക സ്റ്റാൻഡിലെത്തി. നിർഭയയും സുഹൃത്തും ബസില്‍ കയറി. പിന്നെ നടന്നത് കണ്ണില്ലാത്ത ക്രൂരത. ഒടുവില്‍ മഹിപാൽപൂർ ഫ്ലൈഓവറിന് അവളെ പുറത്തേക്കെറിഞ്ഞു. കുറ്റബോധം ഒട്ടുമില്ലാതെ വീണ്ടും ഓട്ടം തുടര്‍ന്നു.

തൊട്ടടുത്ത ദിവസം തന്നെ ബസ് പൊലീസിന്‍റെ പിടിയിലായി. നഗരത്തിലെ സിസിടിവികളില്‍ പതിഞ്ഞ വെളുത്ത നിറവും യാദവ് എന്ന പേരുമായിരുന്നു ബസിനെ വേഗം പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. 

അതേസമയം സംഭവത്തിനു മുമ്പ് നിരവധി തവണ ഗതാഗത നിയമലംഘനത്തിന് ഇതേ ബസ് പിടികൂടിയിരുന്നതായി ട്രാഫിക് പൊലീസ് രേഖകളും പിന്നീട് പുറത്തു വന്നിരുന്നു. ആവർത്തിച്ചുള്ള കുറ്റവാളിയാണെന്ന് കണ്ടെത്തിയിട്ടും നേരത്തെ തന്നെ വാഹനത്തിന്റെ കോണ്ട്രാക്ട് കാരേജ് പെർമിറ്റ് റദ്ദാക്കാതിരുന്നതും അക്കാലത്ത് വിവാദമായിരുന്നു. എന്തായാലും യാദവ് ട്രാവല്‍സിന്‍റെ മറ്റ് ബസുകളുടെ  പേര് സംഭവത്തിന് ശേഷം ഉടമ മാറ്റി എന്നും റിപ്പോര്‍ട്ടുകളുണ്ട്.