Asianet News MalayalamAsianet News Malayalam

മൈലേജ് 200 കിമീ, വില അഞ്ച് ലക്ഷത്തില്‍ താഴെ; ഇത് ഇന്ത്യയുടെ സ്വന്തം വണ്ടി!

സ്‌ട്രോം ആര്‍3 എന്ന എന്‍ട്രി ലെവല്‍ മുച്ചക്ര ഇലക്ട്രിക് കാറിന്റെ ബുക്കിംഗ് കമ്പനി ആരംഭിച്ചു

Strom R3 Electric 3 Wheeler Launch
Author
Mumbai, First Published Mar 1, 2021, 3:33 PM IST


മുംബൈ ആസ്ഥാനമായ ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ സ്‍ട്രോം ഇന്ത്യന്‍ നിരത്തുകളിലേക്ക് ഏറ്റവും വില കുറവുള്ള ഇലക്ട്രിക് കാറുമായി എത്താന്‍ ഒരുങ്ങുന്നു. സ്‌ട്രോം ആര്‍3 എന്ന എന്‍ട്രി ലെവല്‍ മുച്ചക്ര ഇലക്ട്രിക് കാറിന്റെ ബുക്കിംഗ് കമ്പനി ആരംഭിച്ചതായി റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 10,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിംഗ് എന്നും അഞ്ച് ലക്ഷം രൂപയില്‍ താഴെയായിരിക്കും കാറിന്‍റെ വില എന്നുമാണ് റിപ്പോര്‍ട്ടുകള്‍.  

പ്രധാനമായി നഗരങ്ങളിലെ യാത്രകളെ ഉദേശിച്ചാണ് ഈ ഇലക്ട്രിക് മുച്ചക്ര കാര്‍ ഒരുക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018-ല്‍ കമ്പനി പ്രദര്‍ശിപ്പിച്ച ടൂ ഡോര്‍, ത്രീ വീലര്‍ ഇലക്ട്രിക് കാറായാണ് സ്‌ട്രോം ആര്‍3 എത്തുന്നത്. മുന്നില്‍ രണ്ട് ടയറും പിന്നില്‍ ഒന്നുമാണ് നല്‍കിയിട്ടുള്ളത്.  2907 എം.എം. നീളം, 1405 എം.എം.വീതി, 1572 എം.എം. ഉയരും എന്നിങ്ങനെയാണ് ഇതിന്റെ അളവുകള്‍. 

ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഇതിന് ലഭിക്കും. സ്‌ട്രോം R3 പ്യുവര്‍, കറന്റ് വേരിയന്റുകളില്‍ 80 കിലോമീറ്റര്‍ പരിധിയും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയും കൈവരിക്കും.ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പു നല്‍കുന്നത്. ഓണ്‍ ബോര്‍ഡ് ചാര്‍ജര്‍ വഴി 3 മണിക്കൂറിനുള്ളില്‍ ബാറ്ററികള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും.

ഷാര്‍പ്പ് എഡ്ജുകള്‍ നല്‍കിയാണ് ആര്‍3 ഇലക്ട്രിക് കാര്‍ ഡിസൈന്‍. സ്റ്റൈലിഷായി രൂപകല്‍പ്പന ചെയ്‍തിട്ടുള്ള ഗ്രില്ല്, വലിപ്പമുള്ള മുന്നിലെ ബമ്പര്‍, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ലൈറ്റുകള്‍, ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍, ബ്ലാക്ക് റിയര്‍വ്യൂ മിറര്‍, റിയര്‍ സ്‌പോയിലര്‍, സണ്‍റൂഫ് എന്നിവ നല്‍കിയാണ് എക്സ്റ്റീരിയറിലെ ആകര്‍ഷകമാക്കിയിട്ടുള്ളത്. 

രണ്ട് സീറ്റുകളാണ് അകത്തളത്തില്‍. ഏഴ് ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 4.3 ഇഞ്ചുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, റിമോട്ട് കീലെസ് എന്‍ട്രി, 20 ജി.ബി. ഓണ്‍ബോര്‍ഡ് മ്യൂസിക് സ്‌റ്റോറേജ്, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, 4ജി കണക്ടിവിറ്റി സംവിധാനം തുടങ്ങിയവ ഇന്റീരിയറില്‍ ഒരുക്കിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios