ഏപ്രില്‍ 1ന് കാലാവധി അവസാനിക്കുന്ന ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കാന്‍ ഇളവ് നല്‍കിയ ഉത്തരവ് സുപ്രീം കോടതി പിന്‍വലിച്ചു. ഈ ഉത്തരവ് ഡീലര്‍മാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തെത്തിയതിനെ തുടര്‍ന്നാണ് നടപടി. ലോക്ക് ഡൌണിന് ശേഷം 10 ദിവസം കൂടി ബിഎസ്4 വാഹനങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കി മാര്‍ച്ച് 27ന് പുറപ്പെടുവിച്ച ഉത്തരവാണ് കോടതി പിന്‍വലിച്ചത്. 

മാര്‍ച്ച് 31ന് ശേഷം രാജ്യത്ത് ബിഎസ്6 വാഹനങ്ങള്‍ വില്‍ക്കാന്‍ മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി മാർച്ച് 25 ന് രാജ്യവ്യാപകമായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. ഇതു കാരണം നഷ്ടപ്പെട്ട ആറ് ദിവസത്തേക്ക് വിറ്റുപോകാത്ത 10 ശതമാനം ബിഎസ് 4 വാഹനങ്ങൾ വിൽക്കാൻ കോടതി അനുമതി നൽകുകയായിരുന്നു. അടച്ചിടലിന്‍റെ പശ്ചാത്തലത്തില്‍ ഡീലര്‍മാരുടെ അപേക്ഷയെ തുടര്‍ന്നായിരുന്നു 10 ദിവസം കൂടി നീട്ടി നല്‍കിയത്. ദില്ലി ഒഴികെയുള്ള സ്ഥലങ്ങളിലായിരുന്നു ഇളവ് അനുവദിച്ചത്. ഈ വാഹനങ്ങളുടെ രജിസ്ട്രേഷൻ വാങ്ങി പത്തുദിവസത്തിൽ പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

നിലവിലെ സ്റ്റോക്കിന്‍റെ 10 ശതമാനം വച്ച് 1.05 ലക്ഷം ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കാനായിരുന്നു അനുമതി. എന്നാല്‍ ഇതുലംഘിച്ച ഡീലര്‍മാര്‍ 2.55 ലക്ഷം വണ്ടികള്‍ വിറ്റതായി കോടതി കണ്ടെത്തി. മാർച്ച് അവസാന വാരത്തിലും മാർച്ച് 31 ന് ശേഷവും ലോക്ക് ഡൌൺ സമയത്തുമൊക്കെ ബിഎസ് 4 വാഹനങ്ങൾ വിറ്റതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  ഇതോടെയാണ് ഉത്തരവ് പിന്‍വലിക്കാന്‍ കോടതി തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 31ന് ശേഷം വിറ്റ ബിഎസ് 4 വണ്ടികള്‍ ഇനി രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി. 

മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് രാജ്യത്ത് ബിഎസ് ഫോർ വാഹനങ്ങള്‍ നിരോധിച്ചത്. 2020 ഏപ്രില്‍ 1 മുതല്‍ ബിഎസ് 6 ഇന്ധന മാനദണ്ഡ പ്രകാരമുള്ള വാഹനങ്ങൾ മാത്രമേ വിൽക്കാൻ സാധിക്കൂ. നഗരങ്ങളില്‍ വായുമലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ബിഎസ് 6 വാഹനങ്ങലിലേക്ക് രാജ്യം കടന്നത്.